കൊല്ലം: ബന്ധുവായ 11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 75 വർഷം കഠിന തടവും 4,10,000 രൂപ പിഴയും വിധിച്ച് കൊല്ലം അതിവേഗ സ്പെഷ്യല്‍ പോക്സോ കോടതി.
കൊല്ലം പരവൂർ പൊഴിക്കരച്ചേരിയില്‍ കൂനന്റഴികം വീട്ടില്‍ വിനീതാണ് ശിക്ഷിക്കപ്പെട്ടത്.
പരവൂരിലെ ഒരു ക്ഷേത്രത്തിലെ അവസാന ഉത്സവദിനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രത്തിന്റെ പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി കുട്ടിയെ പീഡിപ്പിച്ച ശേഷം പ്രതി കടല്‍ക്കരയിലേക്ക് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനവും ലൈംഗിക പീഡനവും നടത്തുകയായിരുന്നു.
കൊല്ലം അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി സമീർ എ ആണ് വിധി പ്രസ്താവിച്ചത്. പിഴത്തുകയായ 4,10,000 രൂപ ഒടുക്കിയില്ലെങ്കില്‍ പ്രതി 25 മാസം കൂടി അധികമായി കഠിന തടവ് അനുഭവിക്കേണ്ടിവരും. പിഴത്തുകയില്‍ നിന്ന് രണ്ട് ലക്ഷം രൂപ അതിജീവിതനായ കുട്ടിയുടെ പുനരധിവാസത്തിനായി നല്‍കാനും കോടതി ഉത്തരവിട്ടു. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് വിനീതിന് ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ സരിത ആർ ഹാജരായി. പരവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രവീണ്‍ ജെഎസ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

