Dailyhunt
'കോഴിക്കോട് നോര്‍ത്തിലെ പരാജയത്തിന് കാരണം പാര്‍ട്ടി വോട്ടുകള്‍ ബി.ജെ.പിയിലേക്ക് മറിഞ്ഞത്; കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഒമ്പതിനായിരത്തോളം വോട്ടുകള്‍ അവര്‍ അധികം നേടി; ഈ പോക്ക് തുടര്‍ന്നാല്‍ സംസ്ഥാനത്ത് ബി.ജെ.പി കൂടുതല്‍ സ്വാധീനം നേടും';  തോല്‍വിയെക്കുറിച്ച്‌ പ്രതികരിച്ച്‌ തോട്ടത്തില്‍ രവീന്ദ്രന്‍;  സിപിഎം സ്ഥാനാര്‍ത്ഥിയുടെ വെളിപ്പെടുത്തലില്‍ നേതൃത്വം പ്രതിരോധത്തില്‍

'കോഴിക്കോട് നോര്‍ത്തിലെ പരാജയത്തിന് കാരണം പാര്‍ട്ടി വോട്ടുകള്‍ ബി.ജെ.പിയിലേക്ക് മറിഞ്ഞത്; കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഒമ്പതിനായിരത്തോളം വോട്ടുകള്‍ അവര്‍ അധികം നേടി; ഈ പോക്ക് തുടര്‍ന്നാല്‍ സംസ്ഥാനത്ത് ബി.ജെ.പി കൂടുതല്‍ സ്വാധീനം നേടും'; തോല്‍വിയെക്കുറിച്ച്‌ പ്രതികരിച്ച്‌ തോട്ടത്തില്‍ രവീന്ദ്രന്‍; സിപിഎം സ്ഥാനാര്‍ത്ഥിയുടെ വെളിപ്പെടുത്തലില്‍ നേതൃത്വം പ്രതിരോധത്തില്‍

കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ, സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന നേതാവും സ്ഥാനാര്‍ത്ഥിയുമായിരുന്ന തോട്ടത്തില്‍ രവീന്ദ്രന്‍.

പാര്‍ട്ടി വോട്ടുകള്‍ ബിജെപിയിലേക്ക് വ്യാപകമായി മറിഞ്ഞതാണ് തന്റെ പരാജയത്തിന് പ്രധാന കാരണമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെക്കുറിച്ച്‌ സിപിഎം സംസ്ഥാന കമ്മിറ്റി പരിശോധനകള്‍ നടത്തുന്നതിനിടയിലാണ്, സ്വന്തം പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നുവെന്ന തോട്ടത്തില്‍ രവീന്ദ്രന്റെ പരസ്യ പ്രതികരണം വരുന്നത്.

തീപാറുന്ന പോരാട്ടം നടന്ന കോഴിക്കോട് നോര്‍ത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ. ജയന്തിനോട് 1483 വോട്ടുകള്‍ക്കാണ് തോട്ടത്തില്‍ രവീന്ദ്രന്‍ പരാജയപ്പെട്ടത്. തോല്‍വിക്ക് പിന്നില്‍ ബിജെപിയുടെ വന്‍ മുന്നേറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2021-ല്‍ എം.ടി. രമേശ് 30,952 വോട്ടുകള്‍ നേടിയ സ്ഥാനത്ത്, ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് 39,899 വോട്ടുകള്‍ നേടി. കഴിഞ്ഞ തവണത്തേക്കാള്‍ ഒമ്പതിനായിരത്തോളം വോട്ടുകള്‍ ബിജെപി അധികമായി സമാഹരിച്ചു. ഇതില്‍ വലിയൊരു ഭാഗം സിപിഎമ്മിന്റെ ഉറച്ച വോട്ടുകളാണെന്നാണ് തോട്ടത്തില്‍ രവീന്ദ്രന്റെ വിലയിരുത്തല്‍. മൂന്ന് സ്ഥാനാര്‍ഥികളും മണ്ഡലത്തില്‍ നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിജെപി കുറച്ചുകൂടി കടന്നു പ്രവര്‍ത്തിച്ചു എന്നുവേണം കരുതാന്‍. ബിജെപി മണ്ഡലത്തില്‍ അതിശക്തമായി പ്രവര്‍ത്തിച്ചുവെന്നും ഈ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ വരും നാളുകളില്‍ ബിജെപിക്ക് സംസ്ഥാനത്ത് കൂടുതല്‍ സ്വാധീനമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പാര്‍ട്ടി വോട്ടുകളുടെ ചോര്‍ച്ചയ്ക്ക് പുറമെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും തിരിച്ചടിയായെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മുസ്ലിം, ക്രിസ്ത്യന്‍ സമുദായ നേതാക്കള്‍ സിപിഎമ്മിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചു. ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കാത്തത് പരാജയത്തിന്റെ ആക്കം കൂട്ടി. കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ കോട്ടകളെല്ലാം തകര്‍ന്നടിഞ്ഞ തിരഞ്ഞെടുപ്പില്‍, 13 സീറ്റുകളില്‍ ബേപ്പൂര്‍ മണ്ഡലം മാത്രമാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. ബാക്കി 12 സീറ്റുകളിലും പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടു.

മൂന്ന് മുന്നണികളും മണ്ഡലത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടും ബിജെപി നേടിയ അധിക വോട്ടുകള്‍ എല്‍ഡിഎഫിന്റെ അടിത്തറ ഇളക്കിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭരണവിരുദ്ധ വികാരത്തിനൊപ്പം മതസമുദായ നേതാക്കളുടെ എതിര്‍പ്പും സ്വന്തം അണികളിലെ വോട്ട് ചോര്‍ച്ചയും തിരിച്ചടിയായെന്ന് ഒരു മുതിര്‍ന്ന നേതാവ് തന്നെ സാക്ഷ്യപ്പെടുത്തുന്നത് സിപിഎം നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ജില്ലയിലെ തോല്‍വിയുടെ നടുക്കത്തില്‍ നിന്ന് പാര്‍ട്ടി അണികള്‍ ഇതുവരെ മുക്തരായിട്ടില്ലാത്ത സാഹചര്യത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്റെ ഈ തുറന്നുപറച്ചില്‍ വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമാകും

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali