Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലഹരിവിരുദ്ധ പോരാട്ടങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനമികവ് തെളിയിച്ച വീര്യം; കാസര്‍കോട്ടെ അതിര്‍ത്തിപൂട്ടി ലഹരി മാഫിയയെ പൂട്ടാന്‍ ഉത്തംദാസ്; സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിലെ നിയമനം ലഹരിസംഘങ്ങള്‍ക്ക് തിരിച്ചടിയാകും; ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തിലേക്ക്

ലഹരിവിരുദ്ധ പോരാട്ടങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനമികവ് തെളിയിച്ച വീര്യം; കാസര്‍കോട്ടെ അതിര്‍ത്തിപൂട്ടി ലഹരി മാഫിയയെ പൂട്ടാന്‍ ഉത്തംദാസ്; സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിലെ നിയമനം ലഹരിസംഘങ്ങള്‍ക്ക് തിരിച്ചടിയാകും; ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തിലേക്ക്

കാസര്‍കോട്: അയല്‍സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തികടന്ന് ജില്ലയിലേക്ക് ഒഴുകുന്ന ലഹരിമരുന്നിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി തകര്‍ക്കാന്‍ കാസര്‍കോട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് (എസ്.എം.എസ്.) ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസായി (ഡിവൈ.എസ്.പി.) ടി.

ഉത്തംദാസ് ചുമതലയേറ്റു. രണ്ടു ദിവസം മുമ്പ് തിങ്കളാഴ്ചയാണ് അദ്ദേഹം പുതിയ ദൗത്യമേറ്റെടുത്തത്.

ലഹരിവിരുദ്ധ പോരാട്ടങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനമികവ് തെളിയിച്ച ഉദ്യോഗസ്ഥന്റെ സാന്നിധ്യം അതിര്‍ത്തി ജില്ലയിലെ ലഹരി മാഫിയകളുടെ നെഞ്ചിടിപ്പേറ്റുകയാണ്. കര്‍ണാടക വഴിയുള്ള മയക്കുമരുന്ന് കടത്തിന് പൂര്‍ണ്ണമായി തടയിടാനും ലഹരിശൃംഖലയുടെ ഉറവിടങ്ങളിലേക്ക് അന്വേഷണം മാന്തിപ്പൊളിക്കാനും ഇദ്ദേഹത്തിന്റെ സാന്നിധ്യം വഴിത്തിരിവാകും.

ഏറ്റവുമൊടുവില്‍ കോഴിക്കോട് റൂറല്‍ ജില്ലയിലെ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി.യായി പ്രവര്‍ത്തിക്കവെയാണ് അദ്ദേഹം സംസ്ഥാനത്തെത്തന്നെ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ടയ്ക്ക് നേതൃത്വം നല്‍കിയത്. മുക്കം കേന്ദ്രീകരിച്ച്‌ ഡാന്‍സാഫുമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ 2.8 കിലോഗ്രാമിലധികം എം.ഡി.എം.എ. ആണ് പിടിച്ചെടുത്തത്.

ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് നീണ്ട അന്തര്‍സംസ്ഥാന ലഹരി ശൃംഖലയെ തകര്‍ത്ത ഈ കേസില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ഡിജിറ്റല്‍ ത്രാസുകളും പാക്കിങ് സാമഗ്രികളും വന്‍ ശേഖരവും പിടിച്ചെടുക്കുകയും ചെയ്തു. ഇതിന് സംസ്ഥാന പോലീസ് മേധാവിയുടെ പ്രത്യേക അനുമോദനപത്രവും ലഭിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കാസര്‍കോട്ടെക്കുള്ള മാറ്റം. മംഗലാപുരത്തെ മാഫിയ കേരളത്തിലേക്ക് ലഹരി കടത്തുന്നത് കാസര്‍കോട്ടിലൂടെയാണ്. ഇനി ഇതിന് തടയിടും.

കാസര്‍കോട് ജില്ലയിലെ ക്രമസമാധാന-കുറ്റാന്വേഷണ രംഗങ്ങളില്‍ ഏറെ അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥന്‍ കൂടിയാണ് ഉത്തംദാസ്. മുന്‍പ് ബേക്കല്‍, വിദ്യാനഗര്‍, കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനുകളില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ.യായും ബേഡകം, മേല്‍പറമ്പ് എന്നിവിടങ്ങളില്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്‌.ഒ.യായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തുടര്‍ന്ന് കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യായും പ്രവര്‍ത്തിച്ചു. 2025-ല്‍ കാസര്‍കോട് ടൗണില്‍ 25.9 ഗ്രാം എം.ഡി.എം.എ. പിടികൂടിയ കേസില്‍ മുന്നൊരുക്കങ്ങളോടെ രഹസ്യനിരീക്ഷണം നടത്തി പ്രതിയെ വലയിലാക്കിയത് ഉത്തംദാസിന്റെ നേതൃത്വത്തിലായിരുന്നു.

കാസര്‍കോട് ടൗണ്‍ എസ്.ഐ.യായിരിക്കെ കഞ്ചാവ് വേട്ടയിലെ അന്വേഷണ മികവിന് ഡി.ജി.പി.യുടെ 'ബാഡ്ജ് ഓഫ് ഓണര്‍' ലഭിച്ച അദ്ദേഹത്തിന് വിശിഷ്ട സേവനത്തിന് 2025-ല്‍ കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍, വയനാട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും നിര്‍ണായക പദവികള്‍ വഹിച്ച ഇദ്ദേഹത്തിന്റെ മികവ് ലഹരിമാഫിയയുടെ ഉറക്കം കെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali