Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലഹരിയ്ക്കെതിരെ സമൂഹത്തിന്റെ എല്ലാ തലങ്ങളില്‍ നിന്നും ശക്തമായ പോരാട്ടവും പ്രതിരോധവും ഉയര്‍ന്നു വരണം; ലഹരിയ്ക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി

ലഹരിയ്ക്കെതിരെ സമൂഹത്തിന്റെ എല്ലാ തലങ്ങളില്‍ നിന്നും ശക്തമായ പോരാട്ടവും പ്രതിരോധവും ഉയര്‍ന്നു വരണം; ലഹരിയ്ക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി

അമൃതപുരി (കൊല്ലം): ലഹരിയ്ക്കെതിരെ സമൂഹത്തിന്റെ എല്ലാ തലങ്ങളില്‍ നിന്നും ശക്തമായ പോരാട്ടവും പ്രതിരോധവും ഉയര്‍ന്നു വരണമെന്ന് മാതാ അമൃതാനന്ദമയി.

ലഹരി ഉപയോഗം എന്നത് വെറുമൊരു ഉപരിപ്ലവമായ പ്രശ്‌നമല്ലെന്നും, അത് സമൂഹത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന വലിയൊരു ദുരന്തമാണെന്നും അവര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ 'വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം' എന്ന പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മാതാ അമൃതാനന്ദമയി.

ലഹരി കാരണം ഒരു വ്യക്തി നശിക്കുമ്പോള്‍ തകരുന്നത് ഒരു മുഴുവന്‍ കുടുംബവും സമൂഹവും അതിലെ മൂല്യങ്ങളുമാണ്. അതിനാല്‍ ചെറുപ്പകാലം തൊട്ടുതന്നെ ശക്തമായ ബോധവല്‍ക്കരണം അനിവാര്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം നടപ്പാക്കുന്ന ഈ പദ്ധതിയില്‍ മാതാ അമൃതാനന്ദമയി മഠവും അതിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കാളികളാകുന്നുണ്ട്. രാജ്യത്തുടനീളമുള്ള 750-ലധികം കേന്ദ്രങ്ങളിലൂടെ ലക്ഷക്കണക്കിന് ആളുകളിലേക്കാണ് ഈ സന്ദേശം എത്തിക്കുന്നത്.

യുവാക്കളാണ് സാമൂഹിക മാറ്റത്തിനുള്ള ഏറ്റവും വലിയ ശക്തിയെന്ന കാഴ്ചപ്പാടോടെ, മഠവും അമൃത വിശ്വവിദ്യാ പീഠവും വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിച്ചു വരികയാണ്. 2014-ല്‍ എഐഎംഎസില്‍ ആരംഭിച്ച 'വിമുക്തി' പദ്ധതിയിലൂടെ 2.86 ലക്ഷത്തിലധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലേക്ക് ലഹരിവിരുദ്ധ സന്ദേശം എത്തിക്കാന്‍ സാധിച്ചു. പിന്നീട് ഇതേ പേരില്‍ തന്നെ കേരള സര്‍ക്കാരും പദ്ധതി ഏറ്റെടുക്കുകയുണ്ടായി.

ഇതുകൂടാതെ, 'അമൃത അവെയര്‍നെസ് അംബാസഡേഴ്‌സ്', 'യൂത്ത് എഗൈന്‍സ്റ്റ് സബ്സ്റ്റന്‍സ് അബ്യൂസ്' തുടങ്ങിയ പദ്ധതികളിലൂടെ 18 സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് ഗ്രാമങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും ലഹരിവിരുദ്ധ അവബോധം വ്യാപിപ്പിക്കാന്‍ മഠത്തിന് സാധിച്ചിട്ടുണ്ട്. അമൃതപുരി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ സന്യാസിവര്യന്മാരും ബ്രഹ്‌മചാരികളും ആശ്രമ അന്തേവാസികളും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കുഴിത്തറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബും ചടങ്ങിന് മാറ്റുകൂട്ടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali