സിഡ്നി: മോട്ടാർ ന്യൂറോണ്‍ രോഗത്തിനെതിരെയുള്ള ചാരിറ്റി ഫണ്ട് ശേഖരണത്തിനായി ഓസ്‌ട്രേലിയയ്ക്ക് കുറുകെ 5,300 കിലോമീറ്റർ സൈക്കിള്‍ ഓടി ലക്ഷ്യം പൂർത്തിയാക്കിയതിന് തൊട്ടടുത്ത ദിവസം 82-കാരൻ അന്തരിച്ചു.
ഓസ്ട്രേലിയൻ സ്വദേശിയായ ബോബ് മോണ്ട്ഗോമറിയാണ് അതിസാഹസികമായ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം വിടപറഞ്ഞത്.
പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ബ്രൂമില്‍ നിന്ന് തുടങ്ങി സിഡ്‌നിക്ക് തെക്കുപടിഞ്ഞാറുള്ള ബൗറല്‍ വരെ നീണ്ട ആറാഴ്ചത്തെ ക്ലേശകരമായ യാത്രയില്‍ 18-കാരനായ പേരക്കുട്ടി ടോം മാല്‍ക്കമും ബോബിനൊപ്പമുണ്ടായിരുന്നു. "വണ്‍ ലാസ്റ്റ് റൈഡ്" എന്ന് നാമകരണം ചെയ്ത ഈ യാത്രയിലൂടെ മോട്ടാർ ന്യൂറോണ്‍ രോഗത്തിനെതിരെയുള്ള ചാരിറ്റി ഫണ്ടിലേക്ക് ഏകദേശം 105,000 ഓസ്ട്രേലിയൻ ഡോളറോളമാണ് (ഏകദേശം 58 ലക്ഷത്തിലധികം രൂപ) ഇരുവരും ചേർന്ന് സമാഹരിച്ചത്.
ഞായറാഴ്ച യാത്ര പൂർത്തിയാക്കി ബൗറലില്‍ എത്തിയ ബോബിനെയും പേരക്കുട്ടിയെയും നാട്ടുകാർ വലിയ ആവേശത്തോടെയാണ് വരവേറ്റത്. വഴിനീളെ കണ്ടുമുട്ടിയ മനുഷ്യരുടെ പിന്തുണയും സ്നേഹവുമാണ് തനിക്ക് പ്രചോദനമായതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച കുടുംബാംഗങ്ങള്‍ക്കൊപ്പം വിജയഘോഷങ്ങളില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും പ്രശാന്തമായി മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
മോട്ടാർ ന്യൂറോണ്‍ രോഗം ബാധിച്ച് സ്വന്തം ബന്ധു മരിച്ചതിനെ തുടർന്നാണ് ബോബ് ഇത്തരം ജീവകാരുണ്യ ദൗത്യങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചത്. മുൻപ് നടത്തിയ അഞ്ച് ചാരിറ്റി റൈഡുകളിലൂടെ അദ്ദേഹം 300,000 ഓസ്ട്രേലിയൻ ഡോളറോളം ഫണ്ട് സമാഹരിച്ചിരുന്നു. ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത മാതൃക സൃഷ്ടിച്ച ബോബിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ എം.എൻ.ഡി സംഘടനയും വിവിധ സാമൂഹിക പ്രസ്ഥാനങ്ങളും അനുശോചനം അറിയിച്ചു.

