ന്യൂഡല്‍ഹി: വിവാഹത്തിന് തുല്യമായ രീതിയില്‍ ലിവ് ഇന്‍ ബന്ധങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് നേരെ ക്രൂരത കാട്ടുന്നവര്‍ക്ക് ഇനി രക്ഷയില്ല!
ഇത്തരം ബന്ധങ്ങളില്‍ കഴിയുന്ന സ്ത്രീകളെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (നിലവിലെ ഭാരതീയ ന്യായ സംഹിത) 498 എ (498A) വകുപ്പിന്റെ സംരക്ഷണ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് അനീതിയും വിവേചനവുമാണെന്ന നിര്‍ണ്ണായക വിധിയുമായി സുപ്രീം കോടതി.
നിയമപരമായി താലികെട്ടി കല്യാണം കഴിച്ച ഒരു സ്ത്രീക്ക് പീഡനങ്ങള്‍ക്കെതിരെ ലഭിക്കുന്ന അതേ സംരക്ഷണം, ഒപ്പം താമസിച്ച് ദാമ്പത്യത്തിന് തുല്യമായ ജീവിതം നയിക്കുന്ന സ്ത്രീക്ക് നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് പരമോന്നത കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് നോങ്‌മൈകാപം കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് നാടിന് മാതൃകയാകുന്ന ഉത്തരവ് പുറപ്പെടുവിച്ചത്.
വിവാഹം കഴിക്കാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയും പരസ്പര സമ്മതത്തോടെയും ഒപ്പം താമസിക്കുന്ന പങ്കാളിയില്‍ നിന്നോ അയാളുടെ ബന്ധുക്കളില്‍ നിന്നോ ക്രൂരത നേരിടേണ്ടി വന്നാല്‍ 498എ വകുപ്പ് പ്രകാരം കേസെടുക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി. 'ഭര്‍ത്താവ്' എന്ന വാക്കിന് വിശാലമായ അര്‍ത്ഥം നല്‍കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ പൊളിച്ചെഴുത്ത്.
ഭര്‍ത്താവില്‍ നിന്നോ വീട്ടുകാരില്‍ നിന്നോ ഉള്ള മാനസികമോ ശാരീരികമോ ആയ പീഡനങ്ങള്‍ കാരണം പാവം സ്ത്രീകള്‍ ജീവനൊടുക്കുന്നതും തകരുകയും ചെയ്യുന്നത് തടയാനാണ് ഈ നിയമം കൊണ്ടുപഞ്ചത്. ഔദ്യോഗികമായി വിവാഹം കഴിച്ചവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ പീഡനങ്ങളും ക്രൂരതകളും നേരിടേണ്ടി വരുന്നുള്ളൂ എന്ന് കരുതുന്നത് അങ്ങേയറ്റം തെറ്റായ സമീപനമാണെന്ന് കോടതി വിലയിരുത്തി. ഒപ്പം താമസിപ്പിച്ചു കൂടെക്കൂട്ടിയ ശേഷം പെണ്ണിനെ പീഡിപ്പിച്ച് വഴിയാധാരമാക്കുന്ന സ്വഭാവക്കാര്‍ക്കുള്ള കനത്ത പ്രഹരമാണ് ഈ വിധി.
കര്‍ണാടക ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്. ലിവ് ഇന്‍ ബന്ധങ്ങള്‍ക്ക് 498എ ബാധകമല്ലെന്നും തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഒപ്പം താമസിച്ച യുവാവ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ആഞ്ഞടിക്കല്‍. ഒരു കഷ്ണം കടലാസിലെ വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താല്‍ മാത്രം പങ്കാളിയില്‍ നിന്ന് പീഡനം അനുഭവിക്കുന്ന സ്ത്രീക്ക് നിയമപരമായ സംരക്ഷണം നിഷേധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു.
അതേസമയം, പരസ്പര സമ്മതത്തോടെയും വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചുള്ളതുമായ ബന്ധങ്ങള്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. കൂടാതെ, ഈ വകുപ്പ് ദുരുപയോഗം ചെയ്യുന്നത് തടയാനായി പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ ഇത്തരം കേസുകളില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് കടക്കാവൂ എന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

