Tuesday, 22 Jun, 5.33 pm മറുനാടന്‍ മലയാളി

കായികം
ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍; മഴ തോര്‍ന്നു, അഞ്ചാം ദിനത്തിലെ കളി തുടങ്ങി; കിവീസിന് മൂന്നാം വിക്കറ്റ് നഷ്ടമായി; മത്സരം സമനിലയിലായാല്‍ വിജയിയെ കണ്ടെത്താന്‍ ഐസിസി വഴി കാണണമെന്ന് ഗാവസ്‌കര്‍

സതാംപ്റ്റണ്‍: ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിന്റെ അഞ്ചാം ദിനത്തിലെ കളി ആരംഭിച്ചു. മഴ മൂലം ഒരു മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയത്.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 217 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ന്യൂസീലന്‍ഡിന്, 16 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്ബോഴേയ്ക്കും വിക്കറ്റ് നഷ്ടമായി. 37 പന്തില്‍ 11 റണ്‍സെടുത്ത ടെയ്ലറിനെ ഷമിയുടെ പന്തില്‍ ശുഭ്മന്‍ ഗില്‍ ക്യാച്ചെടുത്തു. 64 ഓവര്‍ പൂര്‍ത്തിയാകുമ്ബോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെന്ന നിലയിലാണ് കിവീസ്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ 15 റണ്‍സോടെയും ഹെന്റി നിക്കോള്‍സ് ഒരു റണ്ണോടെയും ക്രീസില്‍. ഇന്ത്യന്‍ സ്‌കോറിനേക്കാള്‍ 94 പിന്നിലാണ് അവര്‍.

30 റണ്‍സെടുത്ത ടോം ലാഥമും 54 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വേയുമാണ് കഴിഞ്ഞ ദിവസം പുറത്തായത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 70 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.

ടെസ്റ്റിന്റെ ആദ്യ ദിനവും നാലാം ദിനവും മഴ മൂലം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. കളി നടന്ന രണ്ടാം ദിനവും മൂന്നാം ദിനവും വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ അവസാനിപ്പിക്കേണ്ടിയും വന്നു. ആദ്യ നാലു ദിനം ആകെ കളി നടന്നത് 141.2 ഓവര്‍ മാത്രമാണ്. ഒരു റിസര്‍വ് ദിവസം കൂടി ബാക്കിയുണ്ടെങ്കിലും ജേതാക്കളെ കണ്ടെത്തുക പ്രയാസകരമായിരിക്കും

മോശം കാലാവസ്ഥ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള കലാശപ്പോരില്‍ രസംകൊല്ലിയായതോടെ മത്സരം സമനിലയില്‍ കലാശിച്ചാല്‍ വിജയിയെ കണ്ടെത്താന്‍
ഐസിസിക്ക് മുന്നില്‍ പ്രത്യേക ആവശ്യം മുന്നോട്ടുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. ഇതിനായി ഒരു ഫോര്‍മുല ഐസിസി കണ്ടെത്തണം എന്നാണ് ഗാവസ്‌കറുടെ ആവശ്യം.

'ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയിലായാല്‍ വിജയിയെ കണ്ടെത്താന്‍ ഒരു ഫോര്‍മുല വേണം. ഐസിസിയുടെ ക്രിക്കറ്റ് കമ്മിറ്റി ഇതിനെ കുറിച്ച്‌ ചിന്തിക്കുകയും ഒരു തീരുമാനത്തില്‍ എത്തുകയും വേണം. രണ്ട് ദിവസത്തിനുള്ളില്‍ മൂന്ന് ഇന്നിങ്സുകള്‍ പൂര്‍ത്തിയാക്കുക വളരെ പ്രയാസമാണ്. വളരെ മോശമായി ഇരു ടീമും ബാറ്റ് ചെയ്താല്‍ മാത്രമേ മൂന്ന് ഇന്നിങ്സുകള്‍ അവസാനിക്കാന്‍ സാധ്യതയുള്ളൂ' എന്നും ഗാവസ്‌കര്‍ പറഞ്ഞു.

ഫുട്‌ബോളും ടെന്നീസും ചൂണ്ടിക്കാട്ടി ഗാവസ്‌കര്‍

'ഫുട്‌ബോളില്‍ പെനാല്‍റ്റി ഷൂട്ടൗട്ടുണ്ട്, അല്ലെങ്കില്‍ വിജയിയെ കണ്ടെത്താന്‍ മറ്റ് വഴികളുണ്ട്. ടെന്നീസില്‍ അഞ്ച് സെറ്റുകളും ടൈ-ബ്രേക്കറുമുണ്ട്' എന്നും ഇന്ത്യന്‍ മുന്‍ നായകന്‍ ചൂണ്ടിക്കാട്ടി.

ഇതുവരെ 141.4 ഓവര്‍ മാത്രമാണ് ഫൈനലില്‍ എറിയാനായത്. രണ്ട് ദിവസം പൂര്‍ണമായും മഴ കവര്‍ന്നു. റിസര്‍വ് ദിനമടക്കം രണ്ട് ദിവസങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഈസമയം കൊണ്ട് 308.5 ഓവര്‍ എറിയാന്‍ കഴിയില്ല. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ കലാശപ്പോര് സമനിലയില്‍ അവസാനിക്കാനാണ് സാധ്യത.

നിലവിലെ നിയമം

വിജയിയെ കണ്ടെത്താനായി മാത്രം റിസര്‍വ് ദിനത്തിലേക്ക് (ആറാം ദിവസം) മത്സരം നീട്ടില്ല. ഫൈനല്‍ ദിനങ്ങളില്‍ മത്സരം നേരത്തെ ആരംഭിച്ചും അധികസമയം പ്രയോജനപ്പെടുത്തിയും സമയനഷ്ടം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലേ റിസര്‍വ് ദിനം മത്സരത്തിനായി ഉപയോഗിക്കൂ. ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ആരംഭിക്കുന്നതിന് മുമ്ബ് 2018 ജൂണില്‍ ഈ രണ്ട് തീരുമാനങ്ങളും കൈക്കൊണ്ടിരുന്നതായും ഐസിസി നേരത്തെ വ്യക്തമാക്കിയിരുന്നു.

സമയനഷ്ടത്തെ കുറിച്ച്‌ മാച്ച്‌ റഫറി ഇരു ടീമുകള്‍ക്കും അറിയിപ്പുകള്‍ നല്‍കും. അഞ്ചാം ദിനം അവസാന മണിക്കൂറിന്റെ ആരംഭത്തില്‍ മാത്രമേ റിസര്‍വ് ദിനം ഉപയോഗിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും ഐസിസി അറിയിച്ചിരുന്നു.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top