Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലോകകപ്പ് വേദിയില്‍ ഇന്ത്യൻ തിളക്കം; അമേരിക്കൻ ലോകകപ്പില്‍ ബൂട്ട് കെട്ടാൻ നാല് ഇന്ത്യൻ വംശജര്‍; ഖത്തര്‍ നിരയില്‍ കണ്ണൂരുകാരനായ തഹ്സീനും

ലോകകപ്പ് വേദിയില്‍ ഇന്ത്യൻ തിളക്കം; അമേരിക്കൻ ലോകകപ്പില്‍ ബൂട്ട് കെട്ടാൻ നാല് ഇന്ത്യൻ വംശജര്‍; ഖത്തര്‍ നിരയില്‍ കണ്ണൂരുകാരനായ തഹ്സീനും

ന്യൂഡല്‍ഹി: ഫിഫ ലോകകപ്പില്‍ കളിക്കുക എന്നത് കോടിക്കണക്കിന് വരുന്ന ഇന്ത്യൻ ഫുട്ബോള്‍ ആരാധകരുടെ വലിയൊരു സ്വപ്നമാണ്.

ഇന്ത്യക്ക് ഇതുവരെ ലോകകപ്പ് യോഗ്യത നേടാനായിട്ടില്ലെങ്കിലും, ജൂണ്‍ 11-ന് അമേരിക്കൻ ഭൂഖണ്ഡത്തില്‍ ആരംഭിക്കുന്ന 23-ാമത് ലോകകപ്പില്‍ നാല് ഇന്ത്യൻ വംശജരായ കളിക്കാർ വിവിധ രാജ്യങ്ങള്‍ക്കായി ബൂട്ട് കെട്ടുന്നുണ്ട്.

സർപ്രീത് സിംഗ് (ന്യൂസിലൻഡ്), സാമുവല്‍ മുത്തുസാമി (ഡി.ആർ കോംഗോ), നിഷാൻ വേലുപ്പിള്ള (ഓസ്‌ട്രേലിയ), തഹ്സീൻ മുഹമ്മദ് ജംഷീദ് (ഖത്തർ) എന്നിവരാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയ നാല്‍വർ സംഘം. 2006-ല്‍ ജർമ്മനിയില്‍ നടന്ന ലോകകപ്പില്‍ ഫ്രാൻസിന് വേണ്ടി കളിച്ച മിഡ്ഫീല്‍ഡർ വികാഷ് ദൊരാസൂവിന് ശേഷം ലോകകപ്പ് വേദിയിലെത്തുന്ന ഇന്ത്യൻ വംശജരെന്ന ബഹുമതിയും ഇവർക്ക് സ്വന്തമാണ്. ആന്ധ്രാപ്രദേശിലെ വിഴിയനഗരത്തിലായിരുന്നു ദൊരാസൂവിന്റെ മുൻതലമുറക്കാരുടെ വേരുകള്‍.

ലോകകപ്പില്‍ ചരിത്രം കുറിക്കാൻ പോകുന്ന ആ നാല് താരങ്ങള്‍ ഇതാ:

1. സർപ്രീത് സിംഗ് (ന്യൂസിലൻഡ്)

ഓക്‌ലൻഡില്‍ ജനിച്ച സർപ്രീതിന്റെ മാതാപിതാക്കള്‍ പഞ്ചാബ് സ്വദേശികളാണ്. 2018-ല്‍ മുംബൈയില്‍ നടന്ന ഇന്റർകോണ്ടിനെന്റല്‍ കപ്പില്‍ ന്യൂസിലൻഡിനായി സർപ്രീത് ഇന്ത്യക്കെതിരെ കളിച്ചിട്ടുണ്ട്. അന്ന് സുനില്‍ ഛേത്രി ഉള്‍പ്പെടെയുള്ള ഇന്ത്യൻ താരങ്ങള്‍ക്കെതിരെ മികച്ച പ്രകടനമാണ് ഈ അറ്റാക്കിങ് മിഡ്ഫീല്‍ഡർ പുറത്തെടുത്തത്.

2019-ല്‍ ബയേണ്‍ മ്യൂണിക്കിന് വേണ്ടി അരങ്ങേറ്റം കുറിച്ചതോടെ ജർമ്മൻ ഒന്നാം ഡിവിഷൻ ലീഗായ ബുണ്ടസ്ലിഗയില്‍ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജനായി സർപ്രീത് മാറി. പ്രശസ്ത കോച്ച്‌ ഹാൻസി ഫ്ലിക്കിന് കീഴിലായിരുന്നു ബയേണ്‍ സീനിയർ ടീമിലെ അരങ്ങേറ്റം. 2019-20 സീസണില്‍ ബുണ്ടസ്ലിഗ കിരീടം നേടിയ ബയേണ്‍ ടീമില്‍ അംഗമായിരുന്നു. നിലവില്‍ സെർബിയൻ ക്ലബ്ബായ എഫ്.കെ ടി.എസ്.സിയില്‍ നിന്ന് ലോണില്‍ ഓസ്‌ട്രേലിയൻ എ-ലീഗിലെ വെല്ലിംഗ്ടണ്‍ ഫീനിക്‌സിന് വേണ്ടിയാണ് കളിക്കുന്നത്. പരിക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ സർപ്രീത്, ന്യൂസിലൻഡ് സീനിയർ ടീമിനായി 24 മത്സരങ്ങളില്‍ നിന്ന് 3 ഗോളുകള്‍ നേടിയിട്ടുണ്ട്.

2. സാമുവല്‍ മുത്തുസാമി (ഡി.ആർ കോംഗോ)

29 കാരനായ സാമുവലിന്‍റെ അച്ഛൻ തമിഴ്നാട് സ്വദേശിയും അമ്മ കോംഗോ സ്വദേശിയുമാണ്. ഫ്രാൻസിലാണ് സാമുവല്‍ ജനിച്ചത്. സാമുവല്‍ ഡി.ആർ കോംഗോയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. നിലവില്‍ ഗ്രീക്ക് സൂപ്പർ ലീഗ് ക്ലബ്ബായ അട്രോമിറ്റോസിന്റെ മധ്യനിര താരമായ സാമുവല്‍, കോംഗോയ്ക്കായി 57 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

3. നിഷാൻ വേലുപ്പിള്ള (ഓസ്‌ട്രേലിയ)

മെല്‍ബണില്‍ ജനിച്ച 25-കാരനായ നിഷാന്റെ അമ്മ ആംഗ്ലോ-ഇന്ത്യനും അച്ഛൻ ശ്രീലങ്കൻ തമിഴ് പാരമ്പര്യമുള്ള മലേഷ്യൻ സ്വദേശിയുമാണ്. ഓസ്‌ട്രേലിയൻ എ-ലീഗില്‍ മെല്‍ബണ്‍ വിക്ടറിക്ക് വേണ്ടി കളിക്കുന്ന ഈ വിങ്ങർ, ഇതാദ്യമായാണ് ലോകകപ്പ് ടീമില്‍ ഇടംനേടുന്നത്. 2024 ഒക്ടോബറില്‍ ചൈനയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി ഗോളടിച്ചാണ് നിഷാൻ അന്താരാഷ്ട്ര കരിയർ തുടങ്ങിയത്. ഓസ്‌ട്രേലിയയ്ക്കായി കളിച്ച 8 മത്സരങ്ങളില്‍ നിന്ന് 3 ഗോളുകള്‍ നേടിയിട്ടുണ്ട്.

4. തഹ്സീൻ മുഹമ്മദ് ജംഷീദ് (ഖത്തർ)

കണ്ണൂരുകാർക്ക് ഏറെ അഭിമാനിക്കാവുന്ന നേട്ടവുമായാണ് തഹ്സീൻ ഖത്തർ ജേഴ്സിയില്‍ ലോകകപ്പിനെത്തുന്നത്. 2006-ല്‍ കണ്ണൂരില്‍ നിന്നും ഖത്തറിലേക്ക് കുടിയേറിയ മലയാളി ദമ്പതികളുടെ മകനായി ദോഹയിലാണ് തഹ്സീൻ ജനിച്ചത്. തലശ്ശേരി സ്വദേശിയും മുൻ കാലിക്കറ്റ് സർവകലാശാലാ ഫുട്ബോള്‍ താരവുമായിരുന്ന അച്ഛൻ ജംഷീദിന്റെ ശിക്ഷണത്തിലാണ് തഹ്സീൻ കളി പഠിച്ചത്. വളപട്ടണം സ്വദേശിനി ഷൈമയാണ് അമ്മ. ദോഹയിലെ പ്രശസ്തമായ ആസ്പയർ അക്കാദമിയിലൂടെ വളർന്ന തഹ്സീൻ, ഖത്തറിലെ മുൻനിര ക്ലബ്ബായ അല്‍ ദുഹൈലിന്റെ വിങ്ങറാണ്. ഖത്തർ സ്റ്റാർസ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ് ഈ ഇരുപതുകാരൻ. അഫ്ഗാനിസ്ഥാനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയായിരുന്നു അരങ്ങേറ്റം.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ താരം ഡക്കൻസ് നാസോണ്‍ ഹെയ്തി ടീമിനായി ഈ ലോകകപ്പില്‍ കളിക്കുന്നുണ്ട്. 2016-ലെ ഐഎസ്‌എല്‍ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത ഫോർവേഡാണ് നാസോണ്‍. അന്ന് എഫ്.സി പൂനെ സിറ്റിക്കെതിരായ നിർണ്ണായക മത്സരത്തില്‍ ഗോളടിച്ച്‌ ബ്ലാസ്റ്റേഴ്‌സിനെ പ്ലേഓഫിലെത്തിക്കാൻ നാസോണ് കഴിഞ്ഞിരുന്നു. 32-കാരനായ താരം നിലവില്‍ ഇറാന്റെ പ്രമുഖ ക്ലബ്ബായ എസ്റ്റെഗ്ലാലിന് വേണ്ടിയാണ് കളിക്കുന്നത്. ഹെയ്തിക്കായി 78 മത്സരങ്ങളില്‍ നിന്ന് 44 ഗോളുകള്‍ നേടിയിട്ടുള്ള നാസോണ്‍ ആ രാജ്യത്തിന്റെ എക്കാലത്തെയും ഉയർന്ന ഗോള്‍വേട്ടക്കാരൻ കൂടിയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali