Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മാടക്കര മുസ്ലിം പള്ളിയില്‍ പോലീസ് കയറിയ സംഭവം; ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായതായി ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്; ചോമ്പാല സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ അഞ്ച് പോലീസുകാര്‍ക്ക് സ്ഥലംമാറ്റം; നടപടി പോലീസ് ഇടപെടല്‍ സിപിഎം രാഷ്ട്രീയ വിവാദമാക്കിയോടെ

മാടക്കര മുസ്ലിം പള്ളിയില്‍ പോലീസ് കയറിയ സംഭവം; ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായതായി ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്; ചോമ്പാല സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ അഞ്ച് പോലീസുകാര്‍ക്ക് സ്ഥലംമാറ്റം; നടപടി പോലീസ് ഇടപെടല്‍ സിപിഎം രാഷ്ട്രീയ വിവാദമാക്കിയോടെ

കോഴിക്കോട്: വടകര മാടക്കര മുസ്ലിം പള്ളിയിലുണ്ടായ തര്‍ക്കത്തിലും അതിനെ തുടര്‍ന്ന് പള്ളിക്കുള്ളില്‍ പോലീസ് പ്രവേശിച്ച്‌ നടത്തിയ ബലപ്രയോഗത്തിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ ജാഗ്രതക്കുറവുണ്ടായെന്ന ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ അഞ്ച് പോലീസുകാര്‍ക്കെതിരെ നടപടി.

ചോമ്പാല പോലീസ് സ്റ്റേഷനിലെ എസ്.എച്ച്‌.ഒ ഷമീല്‍ പി.പി. ഉള്‍പ്പെടെയുള്ള അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. നോര്‍ത്ത് സോണ്‍ ഡി.ഐ.ജി.യുടെ നിര്‍ദേശപ്രകാരമാണ് നടപടി.

ചോമ്പാല എസ്.എച്ച്‌.ഒ ഷമീല്‍ പി.പി., പോലീസുകാരായ മനോജന്‍ എം.വി., അനില്‍ കുമാര്‍ എന്‍.പി., മനോജ് കുമാര്‍ കെ.എം., പ്രവീണ്‍ കുമാര്‍ സി. എന്നിവരെ കോഴിക്കോട് റൂറല്‍ ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പയ്യോളി എസ്.എച്ച്‌.ഒ. ആയിരുന്ന ജയ്‌മോന്‍ പി.ജെ.യെ ചോമ്പാല സ്റ്റേഷന്റെ പുതിയ എസ്.എച്ച്‌.ഒ ആയി നിയമിക്കുകയും ചെയ്തു.

മാടക്കര പള്ളിയിലെ ആരാധനാ ചുമതലയുള്ള ഖത്തീബ് അബ്ദുറഹ്‌മാന്‍ ഫൈസി പൊന്മളയെ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വലിയ സംഘര്‍ഷത്തിന് വഴിമരുന്നിട്ടത്. ഖത്തീബിനെ മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയും തുടര്‍ന്ന് തര്‍ക്കം ഉടലെടുക്കുകയുമായിരുന്നു. ഈ വിഷയത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കുകയും താല്‍ക്കാലിക പരിഹാരം കണ്ടെത്തുകയും ചെയ്തിരുന്നു.

പാണക്കാട് നടന്ന ചര്‍ച്ചയിലെ തീരുമാനപ്രകാരം നിലവിലെ ഖത്തീബ് വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ നബിദിനവുമായി ബന്ധപ്പെട്ട് പള്ളിയില്‍ നടന്ന മൗലിദ് പാരായണത്തിന് നിലവിലെ ഖത്തീബ് തന്നെ നേതൃത്വം നല്‍കി എന്ന് ആരോപിച്ചുകൊണ്ട് എതിര്‍ വിഭാഗം ഔദ്യോഗിക മഹല്ല് കമ്മിറ്റിക്കെതിരെ സംഘടിക്കുകയായിരുന്നു. ഇതോടെ പള്ളിക്കുള്ളില്‍ ഇരുവിഭാഗവും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തു.

സ്ഥിതിഗതികള്‍ കൈവിട്ടുപോകുന്ന അവസ്ഥയായതോടെ പള്ളി കമ്മിറ്റി ഭാരവാഹികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം പള്ളിക്കുള്ളിലേക്ക് കടക്കുകയും ലാത്തി വീശി ഭീകരാരീക്ഷണം സൃഷ്ടിച്ച്‌ ആളുകളെ പിരിച്ചുവിടുകയുമായിരുന്നു. പള്ളിക്കുള്ളില്‍ കടന്ന് പോലീസ് നടത്തിയ ബലപ്രയോഗവും ലാത്തിച്ചാര്‍ജും വലിയ പ്രതിഷേധത്തിനാണ് പ്രദേശത്ത് വഴിതുറന്നത്.

ആരാധനാലയത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാതെ പോലീസ് പള്ളിക്കുള്ളില്‍ കയറി നടപ്പിലാക്കിയ നടപടിക്കെതിരെ വിശ്വാസികള്‍ക്കിടയിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും കടുത്ത അമര്‍ഷം പുകഞ്ഞു. ബലപ്രയോഗത്തിന് നേതൃത്വം നല്‍കിയ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വവും വടകര എം.എല്‍.എ കെ.കെ. രമയും ശക്തമായി രംഗത്തെത്തിയിരുന്നു.

ഇതിനിടെ, മാടക്കര പള്ളിയിലുണ്ടായ പോലീസ് നടപടിയില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനവുമായി സി.പി.എം ജില്ലാ കമ്മിറ്റിയും രംഗത്തുവന്നു. പോലീസിനെ പള്ളിയിലേക്ക് വിളിച്ചുവരുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും വിശ്വാസികളെ മര്‍ദ്ദിക്കാനും നേതൃത്വം കൊടുത്തത് ലീഗാണെന്ന് സി.പി.എം ആരോപിച്ചു. ലീഗിന്റെയും യു.ഡി.എഫ് നേതൃത്വത്തിന്റെയും സമ്മര്‍ദ്ദവും അറിവും സംഭവത്തിന് പിന്നിലുണ്ടെന്നാണ് സി.പി.എം വാദിച്ചത്.

കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ളയുടെ അറിവോടെയാണ് പോലീസിനെ പള്ളിയില്‍ എത്തിച്ചതെന്നും, പള്ളിയില്‍ സംഘര്‍ഷവും പോലീസിന്റെ ആക്രമണവും നടന്നതോടെ ഉത്തരവാദിത്തം മുഴുവന്‍ പോലീസിന്റെ തലയിലിട്ട് തടിയൂരാനാണ് യു.ഡി.എഫ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതെന്നും സി.പി.എം ആരോപിച്ചു. കൂടാതെ പള്ളിക്കകത്ത് കടന്ന് ലാത്തിച്ചാര്‍ജ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുപ്പമേറിയ നടപടി വേണമെന്നും സി.പി.എം പരസ്യമായി ആവശ്യപ്പെട്ടു.

പോലീസ് ഇടപെടലും അതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളും സി.പി.എം രാഷ്ട്രീയമായി ഏറ്റെടുത്ത് വലിയ വിവാദമാക്കിയതോടെയാണ് ആഭ്യന്തര അന്വേഷണത്തിന് വഴിതുറന്നത്. അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവുണ്ടായെന്നും പള്ളിക്കുള്ളിലെ ബലപ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു എന്നും കണ്ടെത്തി. തുടര്‍ന്നാണ് അടിയന്തര നടപടിയെന്ന നിലയില്‍ എസ്.ഐ ഉള്‍പ്പെടെ അഞ്ച് പോലീസുകാരെ കോഴിക്കോട് റൂറല്‍ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്.

സംഭവത്തെ തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കണ്ണൂക്കര മാടക്കര പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പുതിയ എസ്.എച്ച്‌.ഒയുടെ ചുമതലയില്‍ പള്ളിയിലും പരിസരത്തും കനത്ത ജാഗ്രത തുടരുകയാണ്. രാഷ്ട്രീയ വടംവലികളും തര്‍ക്കങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് സമാധാനം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali