ലണ്ടന്‍: സംസാരിക്കാനും സ്വന്തം ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനും ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് പുതിയൊരു പ്രത്യാശയുടെ വെളിച്ചം പകരുകയാണ് അരിയാന്‍ എന്ന പത്തുവയസ്സുകാരനും അവന്റെ അച്ഛന്‍ ഋഷിയും.
അഞ്ചാം വയസ്സിലാണ് അരിയാന് സംസാരിക്കാനും ആശയവിനിമയം നടത്താനുമുള്ള കടുത്ത ബുദ്ധിമുട്ട് (Speech Delay) സ്ഥിരീകരിക്കുന്നത്. മനസ്സിലുള്ളത് മറ്റുള്ളവരോട് പറയാന്‍ കഴിയാതെ ആ കുഞ്ഞ് കടുത്ത നിസ്സഹായത അനുഭവിച്ചപ്പോള്‍, മകന്റെ ഉള്ളില്‍ വാക്കുകള്‍ വിങ്ങുന്നുണ്ടെന്ന് അച്ഛന്‍ ഋഷി തിരിച്ചറിഞ്ഞിരുന്നു. വോള്‍വര്‍ഹാംപ്ടണിനടുത്തുള്ള എസിംഗ്ടണില്‍ താമസക്കാരനായ ഋഷി പഴയ നാളുകള്‍ ഓര്‍ത്തെടുക്കുന്നത് വലിയ വേദനയോടെയാണ്. വീടിനുള്ളില്‍ എപ്പോഴും മൂളിനടക്കുകയും നെഞ്ചില്‍ തട്ടുകയും ചെയ്യുമായിരുന്ന അരിയാന്‍, വാക്കുകള്‍ പുറത്തുകൊണ്ടുവരാന്‍ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും അതിന് സാധിച്ചിരുന്നില്ല. മകന്റെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ സംഗീതത്തെ ഒരു പാലമാക്കാമെന്ന ചിന്തയാണ് ഋഷിയുടെ മനസ്സിലുദിച്ചത്.
ഈ ലക്ഷ്യത്തോടെ ഋഷി ഒരു റാപ്പ് ഗാനം തയ്യാറാക്കി. അത് അരിയാന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറുകയായിരുന്നു. അച്ഛന്‍ ആ പാട്ടിന്റെ ഈണം പ്ലേ ചെയ്ത് പാടാന്‍ തുടങ്ങിയപ്പോള്‍, അദ്ഭുതകരമെന്നു പറയട്ടെ, അരിയാന്‍ ആ വാക്കുകള്‍ അച്ഛനെ നോക്കി തിരികെ പാടാന്‍ തുടങ്ങി. അത് അവന്റെ ആശയവിനിമയത്തിലേക്കുള്ള വലിയൊരു യാത്രയുടെ തുടക്കമായിരുന്നു. തുടര്‍ന്ന് ഒരു പ്ലാസ്റ്റിക് മൈക്രോഫോണ്‍ ഉപയോഗിച്ച് അവര്‍ ഒരുമിച്ച് നിരന്തരമായ പരിശീലനം ആരംഭിച്ചു. തങ്ങള്‍ ഒരുമിച്ച് തയ്യാറാക്കിയ 'സ്പീച്ച് ബൗണ്ട്' എന്ന ഗാനം പിന്നീട് പൊതുജനങ്ങളിലേക്ക് എത്തിച്ചു. ഈ സംരംഭത്തിലൂടെ 'സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് യുകെ' എന്ന ചാരിറ്റി സംഘടനയ്ക്കായി കഴിഞ്ഞ 12 മാസത്തിനിടെ 3,200 പൗണ്ട് സമാഹരിക്കാന്‍ ഋഷിക്ക് കഴിഞ്ഞു. ലണ്ടന്‍ മാരത്തണില്‍ പങ്കെടുത്തുകൊണ്ട് ഈ രോഗാവസ്ഥയെക്കുറിച്ച് സമൂഹത്തില്‍ വലിയ തോതില്‍ ബോധവല്‍ക്കരണം നടത്താനും ഈ അച്ഛന് സാധിച്ചു.
തന്റെ മകനെയും തന്നെയും തങ്ങളുടെ സംരംഭത്തെയും ഋഷി വിശേഷിപ്പിക്കുന്നത് 'ദി സ്പീച്ച് ഹീറോസ്' എന്നാണ്. ഇതിന്റെ ഭാഗമായി 'ദി സ്പീച്ച് ഹീറോസ് വേഴ്‌സസ് ദി വേര്‍ഡ് സ്റ്റോപ്പേഴ്‌സ്' എന്ന പേരില്‍ ഒരു പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇതില്‍ അരിയാനെ സംസാരിക്കുന്നതില്‍ നിന്ന് തടയുന്ന വില്ലന്മാരായാണ് 'വേര്‍ഡ് സ്റ്റോപ്പേഴ്‌സ്' എന്ന കഥാപാത്രങ്ങളെ ചിത്രീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് സൂപ്പര്‍ഹീറോകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാല്‍, സംസാരിക്കാനോ വാക്കുകള്‍ മനസ്സിലാക്കാനോ ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് പോലും ഈ കഥാപാത്രങ്ങളുമായി എളുപ്പത്തില്‍ കണക്‌ട് ചെയ്യാന്‍ സാധിക്കുമെന്ന് ഋഷി പറയുന്നു. അരിയാന്റെ സ്‌കൂളിലെ കുട്ടികള്‍ക്ക് മുന്നില്‍ ഋഷി ഈ പുസ്തകം അവതരിപ്പിക്കുകയും ചെയ്തിരുന്നു. യുകെയിലെ രണ്ട് ദശലക്ഷത്തോളം കുട്ടികള്‍ക്ക് സംസാരിക്കാനും വാക്കുകള്‍ മനസ്സിലാക്കാനും കടുത്ത ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് 'സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് യുകെ'യുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സ്പീച്ച് ഡിലെയെക്കുറിച്ച് സമൂഹത്തില്‍ ഇപ്പോഴും ഒരു തരം മാറ്റിനിര്‍ത്തല്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇത്തരം കുട്ടികള്‍ക്ക് കൃത്യമായ പിന്തുണ ലഭിക്കാന്‍ കടുത്ത ബുദ്ധിമുട്ടാണെന്നും ഋഷി ചൂണ്ടിക്കാണിക്കുന്നു.
ബിബിസിയുടെ 'യുവര്‍ വോയ്സ്' സംരംഭത്തിലൂടെയാണ് ഋഷി തങ്ങളുടെ ജീവിതാനുഭവം ലോകത്തോട് പങ്കുവെച്ചത്. അരിയാന്‍ ഇപ്പോള്‍ മുന്‍പത്തേക്കാള്‍ വളരെ നന്നായി സംസാരിക്കുന്നുണ്ടെന്ന് അദ്ദേഹം സന്തോഷത്തോടെ പറയുന്നു. രണ്ട് യൂത്ത് ഫെസ്റ്റിവലുകളില്‍ അരിയാന്‍ ഇതിനകം തന്നെ 'സ്പീച്ച് ബൗണ്ട്' എന്ന ഗാനം ജനനിബിഡമായ വേദിയില്‍ ആലപിച്ചുകഴിഞ്ഞു. യുകെ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്സിന്റെ മിഡ്ലാന്‍ഡ്സ് വിഭാഗത്തില്‍ 'കണ്‍സ്യൂമര്‍ പ്രൊഡക്‌ട്‌സ് സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍' കാറ്റഗറിയില്‍ ഇവരുടെ ബ്രാന്‍ഡ് ഇടംപിടിക്കുകയും ചെയ്തു. ഇതിലൊതുങ്ങാതെ, ഈ വിഷയത്തെ ആസ്പദമാക്കി ഒരു ആനിമേഷന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങളിലാണ് ഋഷി ഇപ്പോള്‍. സ്വന്തം വേദനയില്‍ നിന്ന് തങ്ങള്‍ കെട്ടിപ്പടുത്ത ഈ ദൗത്യം സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മറ്റ് പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വലിയൊരു പിന്തുണയും വഴികാട്ടിയുമാകുമെന്നാണ് ഈ അച്ഛന്റെ പ്രതീക്ഷ. തന്റെ അച്ഛനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'എന്റെ അച്ഛന്‍ ഒരു സൂപ്പര്‍ഹീറോയാണ്' എന്നാണ് അരിയാന്‍ അഭിമാനത്തോടെ മറുപടി നല്‍കിയത്.

