തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണനഷ്ടം ഉണ്ടായതോടെ സിപിഎമ്മില്‍ നിന്നും ബിജപിയിലേക്ക് നേതാക്കളുടെ മറുകണ്ടം ചാട്ടം തുടരുന്നു.
സിപിഎം മുന്‍ ഏരിയാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു. കഴക്കൂട്ടം മുന്‍ ഏരിയാ സെക്രട്ടറി എസ്‌എസ് ബിജുവാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. മാരാര്‍ജി ഭവനില്‍ വെച്ച് നടന്ന ചടങ്ങിലാണ് ബിജെപി അംഗത്വം എടുത്തത്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു എസ് എസ് ബിജു.
താന്‍ സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയാണെന്നും, പാര്‍ട്ടിയുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒരു മാറ്റം അത്യാവശ്യമാണെന്ന് തോന്നിയതിനാലാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന ബിജുവിനെതിരെ പാര്‍ട്ടി കമ്മറ്റികളില്‍ രൂക്ഷ വിമര്‍ശനം ഉണ്ടായിരുന്നു.
കടകംപള്ളിയെ പരാജയപ്പെടുത്താന്‍ ബിജു പ്രവര്‍ത്തിച്ചിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. മുന്‍ സിഐടിയു ഏരിയ പ്രസിഡന്റ് ആയിരുന്ന ബിജു സിപിഎം കഴക്കൂട്ടം ടൗണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, വിവിധ ട്രേഡ് യൂണിയനുകളില്‍ ജില്ലാഭാരവാഹി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

