തിരുവനന്തപുരം: പത്തനംതിട്ടയിലെ മണിയാര്‍ ജലവൈദ്യുത പദ്ധതി സ്വകാര്യ കമ്പനിയില്‍ നിന്ന് ഏറ്റെടുക്കാനുള്ള കെ.എസ്.ഇ.ബി.യുടെ നീക്കം സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചു.
ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് വ്യവസായ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഈ തീരുമാനം എടുത്തത്. പദ്ധതി ഏറ്റെടുക്കുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്താന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.
കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡും കെ.എസ്.ഇ.ബി.യും തമ്മില്‍ 1991-ലാണ് 30 വര്‍ഷത്തെ 'ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍' (BOOT) കരാര്‍ ഒപ്പിട്ടത്. 2024 ഡിസംബറോടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും പദ്ധതി വിട്ടുനല്‍കാന്‍ കമ്പനി തയ്യാറായിട്ടില്ല.
ഏപ്രില്‍ 28-ന് ഊര്‍ജ്ജ വകുപ്പിന്റെ ഉത്തരവനുസരിച്ച് പദ്ധതി ഏറ്റെടുക്കാന്‍ എത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ കമ്പനി അധികൃതര്‍ തടഞ്ഞത് വലിയ സംഘര്‍ഷത്തിന് കാരണമായിരുന്നു. കെ.എസ്.ഇ.ബി സ്ഥാപിച്ച ബോര്‍ഡ് ഇവര്‍ നശിപ്പിച്ചതായും പരാതിയുണ്ട്. പ്രതിവര്‍ഷം 3 കോടി യൂണിറ്റിലധികം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ 18 കോടി രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ 300 കോടി രൂപയിലധികം ലാഭം കമ്പനി ഈ പദ്ധതിയിലൂടെ സ്വന്തമാക്കിയിട്ടുണ്ട്.
2018-ലെയും 2019-ലെയും പ്രളയത്തില്‍ പദ്ധതിക്കുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ വലിയ തുക ചെലവാക്കിയെന്നും, അതിനാല്‍ കരാര്‍ കാലാവധി 25 വര്‍ഷം കൂടി നീട്ടിനല്‍കണമെന്നുമാണ് കമ്പനിയുടെ ആവശ്യം. ഈ സാഹചര്യത്തിലാണ് വ്യവസായ വകുപ്പിന്റെ ഇടപെടലിനെത്തുടര്‍ന്ന് ഏറ്റെടുക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സമിതിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.

