ഡല്‍ഹി: തായ്‌ലൻഡിലെ ഫൂക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശത്തുണ്ടായ കടുത്ത ഉലച്ചിലില്‍പ്പെട്ടതിനെ തുടർന്ന് യാത്രക്കാർക്കും വിമാന ജീവനക്കാർക്കും പരിക്കേറ്റു.
ക്രൂയിസിംഗ് ഘട്ടത്തിലുണ്ടായ കാറ്റില്‍ വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ ഏകദേശം 300 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു. പിന്നീട് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കുകയും യാത്രക്കാരെ പുറത്തെത്തിക്കുകയും ചെയ്തു.
ഒരു നിമിഷം എല്ലാം തീർന്നുവെന്ന് കരുതിയെന്നും യാത്രക്കാർ പറഞ്ഞു. ആരും പ്രതീക്ഷിക്കാതെ പെട്ടെന്ന് ഭീമൻ വിമാനം കുത്തനെ പൊങ്ങി. ശേഷം അതെ സ്പീഡില്‍ ഡൈവ് ചെയ്ത് വട്ടത്തില്‍ കറങ്ങി. പൈലറ്റിന് പോലും ചെയ്യാൻ പറ്റാത്ത അവസ്ഥ. ഇതോടെ ആകാശത്തിന് നടുവില്‍ പരിഭ്രാന്തിയോടെ യാത്രക്കാർ നിലവിളിക്കുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ ഉള്‍പ്പെടെ 12 പേർക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ വിമാനത്തിന് നിസ്സാര കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തെ തുടർന്ന് കുറച്ച് യാത്രക്കാർക്കും ജീവനക്കാർക്കും നിസ്സാര പരിക്കേറ്റിട്ടുണ്ടെന്നും, ഇവരെ വിമാനത്താവളത്തിലെ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി പരിശോധന നല്‍കിയതായും എയർ ഇന്ത്യ സ്ഥിരീകരിച്ചു. പരിക്കേറ്റവരില്‍ ഏഴുപേരെ ഡല്‍ഹിയിലെ ഫോർട്ടിസ് ഫ്ലൈറ്റ് ലെഫ്റ്റനന്റ് രാജൻ ധാല്‍ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ ആശുപത്രി അധികൃതരെ മുൻകൂട്ടി അറിയിച്ചതിനെ തുടർന്ന് എമർജൻസി വിഭാഗത്തില്‍ അതിവേഗം ചികിത്സ ലഭ്യമാക്കി. അടിയന്തര മെഡിക്കല്‍ ഏകോപനത്തിനായി 'കോഡ് യെല്ലോ' പ്രഖ്യാപിച്ചതായി ഫോർട്ടിസ് ആശുപത്രി അറിയിച്ചു. രോഗികള്‍ക്ക് സി.ടി സ്‌കാൻ, എം.ആർ.ഐ, എക്‌സ്-റേ തുടങ്ങിയ പരിശോധനകള്‍ പൂർത്തിയാക്കി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആഗസ്റ്റ് 4-ന് ഫൂക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് സർവീസ് നടത്തിയ AI2379 വിമാനത്തിനാണ് യാത്രയ്ക്കിടയില്‍ ആകാശത്ത് വെച്ച് ഉയരത്തില്‍ പെട്ടെന്ന് മാറ്റമുണ്ടായതെന്ന് എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും, പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് അധികൃതരുമായി സഹകരിക്കുമെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു. അതിരാവിലെ യാത്രക്കാർ ഭൂരിഭാഗവും ഉറങ്ങിക്കിടക്കുമ്പോഴാണ് ഈ അപകടമുണ്ടായതെന്നും, രണ്ടും മൂന്നും മിനിറ്റോളം ആകാശത്ത് ഭീതിജനകമായ അന്തരീക്ഷമായിരുന്നുവെന്നും വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
വിമാനത്തില്‍ ഉണ്ടായിരുന്ന 15 മുതല്‍ 20 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും എയർ ഇന്ത്യക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും യാത്രക്കാരൻ വ്യക്തമാക്കി. വിമാനത്താവളത്തിന് പുറത്ത് ആംബുലൻസുകള്‍ സജ്ജമാക്കിയതിന്റെയും, പരിക്കേറ്റ യാത്രക്കാരെ വീല്‍ചെയറുകളിലും ബാൻഡേജ് കെട്ടിയ നിലയിലും മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

