Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മരണം മുന്നില്‍ കണ്ടപ്പോള്‍ പൊന്നോമനയെ നെഞ്ചോടു ചേര്‍ത്ത് ആ അമ്മ; ലൈഫ് ജാക്കറ്റ് ജീവനക്കാര്‍ എറിഞ്ഞു നല്‍കിയത് മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍; ജബല്‍പുര്‍ ബോട്ടപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; 40 പേര്‍ കയറിയ അനുവദനീയമായത് 29 പേര്‍ക്ക് മാത്രം; ഒമ്പത് പേരുടെ ജീവനെടുത്തത് ബോട്ട് അധികൃതരുടെ അനാസ്ഥ തന്നെ

മരണം മുന്നില്‍ കണ്ടപ്പോള്‍ പൊന്നോമനയെ നെഞ്ചോടു ചേര്‍ത്ത് ആ അമ്മ; ലൈഫ് ജാക്കറ്റ് ജീവനക്കാര്‍ എറിഞ്ഞു നല്‍കിയത് മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍; ജബല്‍പുര്‍ ബോട്ടപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; 40 പേര്‍ കയറിയ അനുവദനീയമായത് 29 പേര്‍ക്ക് മാത്രം; ഒമ്പത് പേരുടെ ജീവനെടുത്തത് ബോട്ട് അധികൃതരുടെ അനാസ്ഥ തന്നെ

ബല്‍പുര്‍: മധ്യപ്രദേശിലെ ബര്‍ഗി ഡാം റിസര്‍വോയറില്‍ വിനോദസഞ്ചാരികളുടെ ക്രൂസ് ബോട്ട് മുങ്ങിപ്പൊലിഞ്ഞ ദുരന്തത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.

അപകടം നടക്കുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ, നാലുവയസ്സുകാരന്‍ മകനെ മാറോടണച്ച്‌ പിടിച്ച നിലയില്‍ കണ്ടെത്തിയ ആ അമ്മയുടെ അവസാന നിമിഷങ്ങള്‍ കരളലിയിക്കുന്ന കാഴ്ചയാണ്.

അപകടം നടന്ന ബോട്ടില്‍ ഇടതുവശത്തായി മകനെ ചേര്‍ത്തുപിടിച്ച്‌ ശാന്തയായി ഇരിക്കുന്ന യുവതിയെ വീഡിയോയില്‍ കാണാം. എന്നാല്‍ നിമിഷങ്ങള്‍ക്കകം ബോട്ടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറുന്നതും യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞ ദിവസം ലൈഫ് ജാക്കറ്റിനുള്ളില്‍ മകനെ കെട്ടിപ്പിടിച്ച നിലയിലാണ് ഈ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അവസാന ശ്വാസത്തിലും മകനെ രക്ഷിക്കാന്‍ ശ്രമിച്ച ആ അമ്മമനസ്സ് നാടിന്റെ നൊമ്പരമായി മാറുകയാണ്.

ബോട്ടില്‍ കടുത്ത സുരക്ഷാവീഴ്ചയാണ് നടന്നതെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ജലയാനങ്ങളില്‍ കയറുന്നതിന് മുന്‍പ് യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റ് നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഇവിടെ ബോട്ട് മുങ്ങിത്തുടങ്ങിയപ്പോള്‍ മാത്രമാണ് പരിഭ്രാന്തനായ ജീവനക്കാരന്‍ ലൈഫ് ജാക്കറ്റുകളുടെ വലിയ കെട്ടഴിക്കുന്നത്. പല യാത്രക്കാരും ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും വീഡിയോയില്‍ കാണാം. ഈ അനാസ്ഥ തന്നെയാണ് ഒന്‍പത് പേരുടെ ജീവനെടുത്തത്.

അപകടത്തില്‍പ്പെട്ട ക്രൂസില്‍ 40-ലേറെ വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വെറും 29 പേര്‍ക്ക് മാത്രമാണ് ടിക്കറ്റ് നല്‍കിയിരുന്നത്. അതായത് പകുതിയോളം പേരെ നിയമവിരുദ്ധമായാണ് ബോട്ടില്‍ കയറ്റിയത്. മേഖലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നിട്ടും അമിതമായി ആളുകളെ കയറ്റിയ ബോട്ടിന് ഡാമില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത് ആരുടെ സ്വാധീനത്തിലാണെന്ന ചോദ്യം ഉയരുന്നുണ്ട്.

ഇതുവരെ 9 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മൂന്ന് കുട്ടികളടക്കം നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ലാഭക്കൊതി മൂത്ത് സുരക്ഷാ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയ ബോട്ട് അധികൃതരുടെ ക്രൂരതയ്ക്ക് ഇരയായത് പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള പാവം വിനോദസഞ്ചാരികളാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali