Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മഴക്കെടുതിയില്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട് 600 കുടുംബങ്ങള്‍; ആനപ്പേടിയും ഇരുട്ടും താണ്ടി കിലോമീറ്ററുകള്‍ സഞ്ചരിച്ച്‌ ഡയാലിസിസ് രോഗികള്‍! 'കറന്റില്ല, ഭക്ഷണം കഴിക്കാന്‍ വഴിയില്ല,  ഫോണില്‍ ചാര്‍ജ്ജില്ല, ചോദിക്കാന്‍ ജനപ്രതിനിധികളുമില്ല! ദുരന്തമുഖത്ത് എരുമേലിയും വെച്ചൂച്ചിറയും; കോസ്വേ വെള്ളത്തിനടിയില്‍; പമ്പയാറ്റിലെ കുത്തൊഴുക്കില്‍ കുടുങ്ങി അറയാഞ്ഞിലിമണ്ണ് നിവാസികള്‍!

മഴക്കെടുതിയില്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട് 600 കുടുംബങ്ങള്‍; ആനപ്പേടിയും ഇരുട്ടും താണ്ടി കിലോമീറ്ററുകള്‍ സഞ്ചരിച്ച്‌ ഡയാലിസിസ് രോഗികള്‍! 'കറന്റില്ല, ഭക്ഷണം കഴിക്കാന്‍ വഴിയില്ല, ഫോണില്‍ ചാര്‍ജ്ജില്ല, ചോദിക്കാന്‍ ജനപ്രതിനിധികളുമില്ല! ദുരന്തമുഖത്ത് എരുമേലിയും വെച്ചൂച്ചിറയും; കോസ്വേ വെള്ളത്തിനടിയില്‍; പമ്പയാറ്റിലെ കുത്തൊഴുക്കില്‍ കുടുങ്ങി അറയാഞ്ഞിലിമണ്ണ് നിവാസികള്‍!

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് പമ്പയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ എരുമേലി ഇടകടത്തി അറയാഞ്ഞിലിമണ്ണില്‍, 600-ഓളം കുടുംബങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു.

പമ്പയാറിന് കുറുകെയുള്ള അറയാഞ്ഞിലി കോസ്വേ വെള്ളത്തിനടിയിലായതാണ് പ്രദേശം പൂര്‍ണ്ണമായും ഒറ്റപ്പെടാന്‍ കാരണം. വൈദ്യുതിയോ ഫോണ്‍ സന്ദേശങ്ങളോ ലഭ്യമാകാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.

കോട്ടയം, പത്തനംതിട്ട അതിര്‍ത്തിയില്‍ ദുരിതം രൂക്ഷം

കോട്ടയം ജില്ലയിലെ എരുമേലി, പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ, പെരുനാട് എന്നീ മൂന്ന് പഞ്ചായത്തുകള്‍ സംഗമിക്കുന്ന അതിര്‍ത്തി മേഖലയിലാണ് അറയാഞ്ഞിലി സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ കോസ്വേ മുങ്ങിയതോടെ ഇക്കരെയെത്താന്‍ വഴികളില്ലാതെ ഗ്രാമീണര്‍ ദുരിതത്തിലായി.

ആശുപത്രി ആവശ്യങ്ങള്‍ക്കോ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനോ പോലും അക്കരെയെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. വെള്ളക്കെട്ടിനിടയിലും ജീവന്‍ പണയം വെച്ചാണ് ഡയാലിസിസ് രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്.

ദുരിതം ഇരട്ടിയാക്കി വൈദ്യുതി മുടക്കവും വന്യമൃഗ ഭീഷണിയും

പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈദ്യുതിബന്ധം പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഫോണുകളില്‍ ചാര്‍ജ് ഇല്ലാത്തതിനാല്‍ അക്കരെയൊറ്റപ്പെട്ട സ്വന്ത ബന്ധുക്കളെപ്പോലും വിവരമറിയിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ആളുകള്‍. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെ കാട്ടുപാതയിലൂടെ കിലോമീറ്ററുകളോളം ചുമന്നുകൊണ്ട് പെരുന്തേനരുവി ഡാം വഴി കടത്തിവിടേണ്ട സാഹചര്യമാണ്. എന്നാല്‍ മൂന്ന് തോടുകള്‍ കടന്നുള്ള ഈ കാട്ടുപാതയില്‍ കടുത്ത ആനശല്യമുള്ളത് പ്രദേശവാസികളുടെ ഭീതി വര്‍ദ്ധിപ്പിക്കുന്നു.

ഇഴഞ്ഞുനീങ്ങുന്ന പാലം നിര്‍മ്മാണം; ജനപ്രതിനിധികള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി

വെള്ളപ്പൊക്കമുണ്ടാകുമ്പോഴൊക്കെ പ്രദേശം ഒറ്റപ്പെടുന്നതിന് പരിഹാരമായി ഇവിടെ പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിരുന്നെങ്കിലും പണികള്‍ മന്ദഗതിയിലാണ് നീങ്ങുന്നത്. പാലം പണി നേരത്തെ പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ഈ ദുരിതം ഒഴിവാകുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

മേഖല ഇത്രയും വലിയ ദുരന്തമുഖത്തായിട്ടും പ്രദേശത്തെ പഞ്ചായത്ത്-ബ്ലോക്ക് അംഗങ്ങളോ ജനപ്രതിനിധികളോ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും കടുത്ത പ്രതിഷേധത്തോടെ നാട്ടുകാര്‍ ആരോപിക്കുന്നു. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലും കടകളിലുമെല്ലാം വെള്ളം കയറി നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കോസ്വേയില്‍ നിന്നും വെള്ളം പൂര്‍ണ്ണമായി ഇറങ്ങുന്നത് വരെ ജനങ്ങളുടെ ദുരിതം തുടരാനാണ് സാധ്യത.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali