Thursday, 18 May, 5.58 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
മോഡലിംഗിനു വിളിച്ചു കെണിയില്‍ അകപ്പെടുത്താന്‍ ശ്രമിച്ച അനുഭവം തുറന്നു പറഞ്ഞ് നടി മെറീന കുരിശിങ്കല്‍; തട്ടിപ്പിനു ശ്രമിച്ചത് പ്രശസ്ത ജൂവലറിയുടെ ഫോട്ടോഷൂട്ട് എന്നു പറഞ്ഞ്; അവസാന നിമിഷം ജൂവലറിയില്‍ നേരിട്ട് വിളിച്ച്‌ അന്വേഷിക്കാന്‍ തോന്നിയതിനാല്‍ കെണിയില്‍ പെട്ടില്ലെന്നും നടി

സ്വന്തം ലേഖകൻ

കൊച്ചി: മോഡലിങ്ങിന്റെ പേരിൽ തനിക്കു നേരിടേണ്ടിവന്ന തട്ടിപ്പു വെളിപ്പെടുത്തി നടിയും മോഡലുമായ മറീന മൈക്കിൾ കുരിശിങ്കൽ രംഗത്ത്. പ്രശസ്ത ജൂവലറിക്കു വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിനു വേണ്ടിയാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പെന്ന് മറീന പറയുന്നു. ജൂവലറിയുടെ പ്രതിനിധിയെന്നു പറഞ്ഞാണ് ഒരാൾ പറ്റിക്കാൻ ശ്രമിച്ചത്. സുഹൃത്തുക്കൾ വഴി വന്ന ഓഫർ ആയതു കൊണ്ടും വിശ്വസീനീയമായ അയാളുടെ അവതരണം കൊണ്ടും മറ്റൊന്നും ആലോചിക്കാതെ ഫോട്ടോ ഷൂട്ടിന് സമ്മതിക്കുകയായിരുന്നെന്നും നടി പറയുന്നു.

ഫോട്ടോ ഷൂട്ടിന്റെ ദിവസം അടുത്തിട്ടും ലൊക്കേഷൻ എവിടെയെന്ന് ചോദിക്കുമ്പോഴൊക്കെ ഇയാൾ ഒഴിഞ്ഞു മാറുകയായിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഷൂട്ടിംഗിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും നൽകാൻ ഇയാൾ തയാറായില്ല. തങ്ങൾ ഇവന്റ് മാനേജ്മെന്റ് ടീമാണെന്നും മോഡലിങ് രംഗത്ത് അധികം പരിചയമില്ലെന്നുമാണ് ഇവർ പറഞ്ഞത്. ഇതു വിശ്വസിച്ച താൻ കാര്യമായി എടുത്തില്ലെന്നും മറീന പറഞ്ഞു.

ഫോട്ടോഷൂട്ടിന്റെ അന്ന് രാവിലെ താൻ തന്നെവന്ന് കൂട്ടികൊണ്ടു പോകാമെന്നും ഷൂട്ടിംഗിനുള്ള മുഴുവൻ ടീമും കാത്തിരിക്കുന്ന സ്ഥലത്തേക്ക് ആദ്യം പോകാമെന്നും മറീനയോട് ഇയാൾ പറയുകയായിരുന്നു. എന്നാൽ ലൊക്കേഷൻ എവിടെയാണെന്ന് പറഞ്ഞാൽ മതി താൻ ലൊക്കേഷനിലേക്ക് എത്തിക്കോളാം എന്ന് തീർത്തു പറഞ്ഞു. ലൊക്കേഷനെ കുറിച്ച് അപ്പോഴും ഇയാൾ ഒന്നും പറഞ്ഞില്ല.

എന്നാൽ സംശയം തോന്നിയതിനെ തുടർന്ന് ജൂവലറിയിൽ നേരിട്ട് വിളിച്ച് ഇങ്ങനെയൊരു ഫോട്ടോ ഷൂട്ടിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് തന്നെ സമീപിച്ചവർ പറഞ്ഞതെല്ലാം കള്ളമാണെന്നും ഇങ്ങനെയൊരു ഫോട്ടോ ഷൂട്ടിന്റെ കാര്യം ജൂവലറിക്കാർ അറിഞ്ഞിട്ടില്ലെന്നും അറിയുന്നതെന്നും മറീന പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഫോട്ടോ ഷൂട്ട് എന്ന് പറഞ്ഞത് കള്ളമാണെന്നും ഇതൊരു കെണിയായിരുന്നെന്നും തനിക്കു ബോധ്യമായതെന്ന് മറീന മനോരമ ഓൺലൈനോടു വെളിപ്പെടുത്തി.

സംഭവത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശ്യമെന്ന് മറീന പറയുന്നു. ഇനി മറ്റൊരു നടിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കാനാണ് താൻ ഇത് തുറന്നു പറയുന്നതെന്നും മറീന പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top