ചെങ്ങന്നൂർ: കുട്ടനാട്ടിലെ ജനങ്ങള്‍ കടുത്ത മഴക്കെടുതിയില്‍ വലിയ ദുരിതം അനുഭവിക്കുകയാണെന്നും എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശനെയും റവന്യൂ മന്ത്രിയെയും ബന്ധപ്പെടാൻ ശ്രമിച്ചിട്ട് സാധിച്ചില്ലെന്നും തുറന്നടിച്ച് എംഎല്‍എ റെജി ചെറിയാൻ.
സംസ്ഥാന സർക്കാർ മഴക്കെടുതി കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെങ്കിലും ഇരുവരും തിരിച്ചുവിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദുരന്തസാഹചര്യത്തില്‍ കുട്ടനാട്ടിലേക്ക് മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ നേരിട്ടെത്താത്തതില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ അമർഷവും ബുദ്ധിമുട്ടുമുണ്ട്. നിലവില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി എം. ലിജുവിനോട് മാത്രമാണ് കുട്ടനാട്ടിലെ നിലവിലെ ദാരുണമായ സാഹചര്യങ്ങള്‍ നേരിട്ട് വിശദീകരിക്കാൻ സാധിച്ചതെന്ന് കുട്ടനാട് എംഎല്‍എ വ്യക്തമാക്കി.
തോട്ടപ്പള്ളി സ്പില്‍വേയിലെ മുന്നൊരുക്ക പ്രവർത്തനങ്ങള്‍ കൃത്യമായി നടക്കാത്തതിലും എംഎല്‍എ ശക്തമായ അതൃപ്തി രേഖപ്പെടുത്തി. അവിടെ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടും ഇന്നലെ വരെ ഒരു നടപടിയും ഉണ്ടായില്ല. വിഷയത്തില്‍ എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് താൻ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടികള്‍ ചെലവഴിച്ച് നിർമ്മിച്ച എ.സി. റോഡില്‍ വെള്ളം കയറിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് റെജി ചെറിയാൻ ആവശ്യപ്പെട്ടു. സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ അന്വേഷണം ഉണ്ടായില്ലെങ്കില്‍ സ്വന്തം നിലയില്‍ കോടതിയെ സമീപിക്കാനും മടിക്കില്ലെന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കി.
വെള്ളം ഉയരുന്നത് കാണുമ്പോള്‍ തന്നെ ജനങ്ങള്‍ക്ക് ജീവനും കൊണ്ട് രക്ഷപ്പെടേണ്ട ഗതികേടാണുള്ളതെന്ന് കുട്ടനാട്ടിലെ അവസ്ഥ വിവരിക്കവേ അദ്ദേഹം പറഞ്ഞു. തോട്ടപ്പള്ളി സ്പില്‍വേയിലെ മാലിന്യം നീക്കുന്ന കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് കുട്ടനാടിനെ വീണ്ടും വെള്ളക്കെട്ടിലാക്കിയതെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

