Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മൂന്നു ദിവസം പത്തനംതിട്ടയില്‍ പെയ്തത് അഞ്ചിരട്ടി മഴ! കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പുറത്ത; പ്രളയസമാനമായ അന്തരീക്ഷത്തില്‍ മുങ്ങാന്‍ കാരണം സാധാരണയെക്കാള്‍ കിട്ടിയ 533 ശതമാനം അധികമഴ; നാടൊട്ടുക്ക് വെള്ളക്കെട്ടും നാശനഷ്ടങ്ങളും; വീടുകള്‍ തകര്‍ന്നു; പന്തളത്ത് വെള്ളക്കെട്ടില്‍ നീന്തിയ യുവാവിനെ കാണാതായി; ആറന്മുള വള്ളസദ്യകള്‍ മാറ്റിവെച്ചു

മൂന്നു ദിവസം പത്തനംതിട്ടയില്‍ പെയ്തത് അഞ്ചിരട്ടി മഴ! കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പുറത്ത; പ്രളയസമാനമായ അന്തരീക്ഷത്തില്‍ മുങ്ങാന്‍ കാരണം സാധാരണയെക്കാള്‍ കിട്ടിയ 533 ശതമാനം അധികമഴ; നാടൊട്ടുക്ക് വെള്ളക്കെട്ടും നാശനഷ്ടങ്ങളും; വീടുകള്‍ തകര്‍ന്നു; പന്തളത്ത് വെള്ളക്കെട്ടില്‍ നീന്തിയ യുവാവിനെ കാണാതായി; ആറന്മുള വള്ളസദ്യകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: ഓഗസ്റ്റ് ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പെയ്തിറങ്ങിയത് പ്രതീക്ഷിച്ചതിനേക്കാള്‍ അതിശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ വന്‍ തോതില്‍ അധികമഴ രേഖപ്പെടുത്തിയപ്പോള്‍, കാസര്‍ഗോഡും വയനാടും മാത്രമാണ് കനത്ത മഴയില്‍ നിന്ന് വലിയ അളവില്‍ ഒഴിവായി നിന്നത്.

മഴക്കണക്കില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തത് പത്തനംതിട്ട ജില്ലയിലാണ്. 40 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് 253.2 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തിറങ്ങിയത്. അതായത് സാധാരണയെക്കാള്‍ 533 ശതമാനം അധികമഴയാണ് പത്തനംതിട്ടയില്‍ മാത്രം ലഭിച്ചത്.

മറ്റ് ജില്ലകളിലും സമാനമായ രീതിയില്‍ വലിയ തോതിലുള്ള മഴക്കെടുതിയാണ് ഉണ്ടായത്. കോട്ടയം, കൊല്ലം ജില്ലകളില്‍ സാധാരണയേക്കാള്‍ 302 ശതമാനം അധിക മഴ ലഭിച്ചപ്പോള്‍ എറണാകുളത്ത് 223 ശതമാനവും ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ 207 ശതമാനവും അധിക മഴ പെയ്തു. കോഴിക്കോട് 49.8 മില്ലീമീറ്റര്‍ പ്രതീക്ഷിച്ചിടത്ത് 257 മില്ലീമീറ്ററും (326% അധികം), മലപ്പുറത്ത് 50 മില്ലീമീറ്റര്‍ പ്രതീക്ഷിച്ചിടത്ത് 205 മില്ലീമീറ്ററും (310% അധികം) മഴ രേഖപ്പെടുത്തി. തിരുവനന്തപുരത്ത് 21.5 മില്ലീമീറ്റര്‍ മഴ കണക്കാക്കിയിരുന്ന സ്ഥാനത്ത് 119.7 മില്ലീമീറ്റര്‍ മഴ പെയ്തിറങ്ങി. വയനാട്ടില്‍ 85.4 മില്ലീമീറ്ററിന് പകരം 167.6 മില്ലീമീറ്ററും, കാസര്‍കോട് 85 മില്ലീമീറ്ററിന് പകരം 128.9 മില്ലീമീറ്ററും മഴ ലഭിച്ചു.

അതിനിടെ പത്തനംതിട്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങളും അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പന്തളം ചേരിക്കല്‍ സ്വദേശിയായ ലെനിന്‍ എന്ന യുവാവിനെ പുഞ്ചയിലെ വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ കാണാതായി. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കോയിപ്രം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ വള്ളിക്കാലയ്ക്ക് സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന വല്യഴുത്തില്‍ ശോഭയുടെ വീട് മഴയില്‍ തകര്‍ന്നു വീണു; ഇവരെ നിലവില്‍ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. കനത്ത മഴയും ജലനിരപ്പ് ഉയര്‍ന്നതും കണക്കിലെടുത്ത് ആറന്മുളയില്‍ നാളെയും മറ്റന്നാളും നടക്കേണ്ടിയിരുന്ന വള്ളസദ്യകള്‍ മാറ്റിവെച്ചു. ബുക്ക് ചെയ്ത ഭക്തര്‍ക്കായി വള്ളസദ്യകള്‍ പിന്നീട് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali