Thursday, 04 Mar, 8.27 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
മുസ്ലിം ലീഗിന് അകത്തുള്ളവനാണെങ്കിലും പുറത്തുള്ളവനാണെങ്കിലും എട്ടിന്റെ പണി കൊടുക്കും; അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കെ എം ഷാജിയുടെ ഭീഷണ പ്രസംഗം; വിവാദ പ്രസംഗം വളപ്പട്ടണത്ത് യൂത്ത് ലീഗിന്റെ പൊതുപരിപാടിയില്‍

കണ്ണൂര്‍: വളപട്ടണത്ത് ഭീഷണി പ്രസംഗവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയാണ് ഭീഷണി. മുസ്ലിം ലീഗിന് അകത്തുണ്ടായിരുന്നവനാണെങ്കിലും പുറത്തുള്ളവനാണെങ്കിലും എട്ടിന്റെ പണി കൊടുത്തിരിക്കുമെന്ന് ഷാജി പറഞ്ഞു. ഒന്നും മറന്നുപോകുന്നവനല്ല ഷാജിയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കണ്ണൂര്‍ വളപ്പട്ടണത്ത് യൂത്ത് ലീഗിന്റെ പൊതുപരിപാടിയിലാണ് വിവാദ പ്രസംഗം.

ഷാജിയുടെ വാക്കുകള്‍ ഇങ്ങനെ:

''അങ്ങനെ കളിച്ചവനെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തുക തന്നെ ചെയ്യും. അത് ഏതുകൊമ്ബത്തവനായും. ഒരു സംശയവും നിങ്ങള്‍ വിചാരിക്കണ്ട. അതിന് വാങ്ങിയ അച്ചാരത്തിന്റെ കണക്കും പുറത്തുകൊണ്ടുവരും. അത് ആരായിരുന്നാലും. അത് പാര്‍ട്ടിയുടെ അകത്ത് പണ്ട് ഉണ്ടായിരുന്നതോ പുറത്ത് പണ്ട് ഉണ്ടായിരുന്നതോ ഒന്നും നോക്കുന്ന പ്രശ്‌നമൊന്നുമില്ല. ഒന്ന് ഉറപ്പിച്ച്‌ പറയുന്നു, എന്റെ പേര് കെ.എം ഷാജി എന്നാണെങ്കില്‍ ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കുമെന്ന് ഞാന്‍ ഉറപ്പിച്ച്‌ പറഞ്ഞിരിക്കുന്നു.''

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ പരാമര്‍ശം ഉള്ള നോട്ടീസുകള്‍ മണ്ഡലത്തില്‍ വിതരണം ചെയ്തുവെന്ന പരാതിയിലാണ് ഷാജിയെ കോടതി അയോഗ്യനാക്കിയത്. എന്നാല്‍ ഈ ലഘുലേഖകള്‍ പൊലീസിന് മറ്റ് ചിലര്‍ എത്തിച്ച്‌ നല്‍കിയതാണെന്ന് ആരോപിച്ച്‌ ഷാജി നേരത്തേ കോടതിയെ സമീപിച്ചിരുന്നു. പ്ലസ് ടു കോഴ കേസിലും ഷാജിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട് . ഈ സംഭവങ്ങളെ പരോക്ഷമായി പരാമര്‍ശിച്ചാണ് കെ.എം ഷാജിയുടെ വിവാദ പ്രസംഗം.

ഇക്കുറി കെ എം ഷാജി അഴീക്കോട് സീറ്റില്‍ മത്സരിക്കില്ലെന്നാണ് തീരമാനിച്ചിരിക്കുന്നത്. അഴീക്കോട്, കണ്ണൂര്‍ സീറ്റുകള്‍ വച്ചുമാറണമെന്ന നിര്‍ദ്ദേശം അനൗദ്യോഗികമായി ലീഗ് കോണ്‍ഗ്രസിനു മുന്നില്‍ വെച്ചെങ്കിലും അതിന് കോണ്‍ഗ്രസ് വഴങ്ങിയില്ല. ഇതോടെ ഷാജി കാസര്‍കോട് മണ്ഡലത്തില്‍ മത്സരിച്ചേക്കും.

തിരഞ്ഞെടുപ്പു വിജയം കേസുകള്‍ക്കും ആരോപണങ്ങള്‍ക്കുമെതിരായ മറുപടിയാകുമെന്നതിനാല്‍ സുരക്ഷിത മണ്ഡലത്തില്‍ ഷാജിയെ മത്സരിപ്പിക്കണമെന്ന ആവശ്യമാണു ലീഗിലുള്ളത്. ഷാജിയുടെ സ്ഥാനാര്‍ത്ഥിത്വം എവിടെയെന്നതിനെ ആശ്രയിച്ചാകും കാസര്‍കോട്ട് ലീഗ് മത്സരിക്കുന്ന കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം.

2006 ല്‍ 29,468 വോട്ടിനു സിപിഎം ജയിച്ച അഴീക്കോട്, 493 വോട്ടിനാണു 2011 ല്‍ ഷാജിയിലൂടെ യുഡിഎഫ് പിടിച്ചെടുത്തത്. 2016 ല്‍ 2287 വോട്ടായി ഷാജി ഭൂരിപക്ഷമുയര്‍ത്തി. കടുത്ത പോരാട്ടത്തിലൂടെയാണു 2 തവണയും മണ്ഡലം പിടിച്ചതെന്നും ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിക്കേ ഇനി ഇവിടെ വിജയിക്കാനാകൂവെന്നുമാണു ലീഗ് വാദം. 2014 ലും 19 ലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ കെ.സുധാകരന്‍ ലീഡ് നേടിയിരുന്നു.

ന്യൂനപക്ഷ വിഭാഗത്തിനു കൂടുതല്‍ സ്വാധീനമുള്ള കണ്ണൂര്‍ മണ്ഡലത്തില്‍ ലീഗ് മത്സരിക്കുകയും കോണ്‍ഗ്രസ് അഴീക്കോട്ട് മത്സരിക്കുകയും ചെയ്താല്‍ ഇരു മണ്ഡലങ്ങളും നിഷ്പ്രയാസം ജയിക്കാമെന്നാണു ലീഗിന്റെ ഫോര്‍മുല. എന്നാല്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി വീണ്ടും മത്സരിക്കാനിടയുള്ള കണ്ണൂര്‍ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ല. 2016 ല്‍ നിന്നു വ്യത്യസ്തമായി പാച്ചേനിക്കുള്ള സ്വീകാര്യതയും കോര്‍പറേഷനില്‍ യുഡിഎഫ് നേടിയ വിജയവും കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. മാറ്റം സാധ്യമായില്ലെങ്കില്‍ അഴീക്കോട്ട് ലീഗിന്റെ പുതിയ സ്ഥാനാര്‍ത്ഥി വരും. എങ്കില്‍ ഉറച്ച മണ്ഡലമായ കാസര്‍കോട്ടേക്കാകും ഷാജി നിയോഗിക്കപ്പെടുക.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top