Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാളെയും കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

നാളെയും കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട, കാസര്‍കോട്, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

മതപഠന ക്ലാസ്സുകള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് ക്ലാസ്സുകള്‍, സ്‌പെഷ്യല്‍ ക്ലാസ്സുകള്‍, ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റെസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും പ്രവര്‍ത്തിക്കാം. കേരള സര്‍വകലാശാല നാളെ (ബുധനാഴ്ച) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കല്‍, വൈവവോസി ഉള്‍പ്പെടെ) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. കേരള സര്‍വകലാശാല പഠന വകുപ്പുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.

ആലപ്പുഴ

ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ അതിശക്തമായ മഴയെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാലും വിവിധ സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലും നാളെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അങ്കണവാടികള്‍ക്കും, ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി. മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

കാസര്‍കോട്

മഴയില്‍ ജില്ലയില്‍ പലയിടങ്ങളിലും ജലാശയങ്ങള്‍ കര കവിഞ്ഞൊഴുകി വെള്ളക്കെട് രൂപപ്പെട്ടതിനാല്‍ മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ. സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മദ്രസ ഉള്‍പ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.

ഇടുക്കി

കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ബുധനാഴ്ച അവധി ആയിരിക്കും. സ്‌കൂളുകള്‍, മദ്രസകള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ചുപഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കോഴ്‌സുകള്‍ക്ക് അവധി ബാധകമല്ല.

പത്തനംതിട്ട

കനത്ത മഴയും പ്രളയബാധിത ക്യാമ്പുകള്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.

കോട്ടയം

പ്രൊഫഷണല്‍ക കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

എറണാകുളം

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

തൃശ്ശൂര്‍

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിലും, ചില താലൂക്കുകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും, വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി, ജില്ലയിലെ അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, നഴ്‌സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, CBSE, ICSE സ്‌കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമില്ല.

കണ്ണൂര്‍

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല. ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.

കോഴിക്കോട്

കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും പശ്ചാത്തലത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലും പാല്‍ചുരത്തിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ചുരങ്ങളിലൂടെയുള്ള യാത്ര അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമാക്കി പരിമിതപ്പെടുത്തണം. അത്തരം യാത്രകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍, പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി.), ടൂറിസം വകുപ്പ് എന്നിവയ്ക്കു കീഴിലുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇന്ന് അടച്ചിടുമെന്നും ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali