Friday, 24 Sep, 10.17 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
നാലില്‍ പഠിക്കുമ്ബോള്‍ നെല്ലിക്കുഴിയില്‍ എത്തിയ യുപിക്കാരി; പത്താംക്ലാസിലും പ്ലസ് ടുവിനും മലയാളത്തിന് എ പ്ലസ് വാങ്ങിച്ചത് പഠനത്തില്‍ കാട്ടിയ വാശിയിലൂടെ; ഇന്ന് സര്‍ക്കാര്‍ സ്‌കൂളിലെ ഇതര സംസ്ഥാനക്കാരുടെ മലയാളം അദ്ധ്യാപിക; അര്‍ഷി മലയാളത്തെ കീഴടക്കിയ കഥ പറയുമ്ബോള്‍

കോതമംഗലം: ആദ്യമൊക്ക ഒന്നും മനസ്സിലായിരുന്നില്ല. വാക്കുകള്‍ പഠിച്ചെടുക്കാന്‍ വല്ലാതെ ബുദ്ധിമുട്ടി. പിന്നെ വാശിയായി. അദ്ധ്യാപകരുടെ മനനസ്സറിഞ്ഞ സഹകരണം കൂടിയായപ്പോള്‍ എല്ലാം എളുപ്പമായി. പരീക്ഷകളില്‍ നല്ല മാര്‍ക്കും കിട്ടി. എല്ലാം ഉപേക്ഷിച്ച്‌ നാട്ടിലേയ്ക്ക് പോകേണ്ടിവരുമോ എന്ന് സംശയിച്ചുനിന്നഘട്ടത്തിലാണ് സാര്‍ന്മാര്‍ വിളിച്ച്‌ മലയാളം പഠിപ്പിക്കാമോന്ന് ചോദിക്കുന്നത്.വലിയ സന്തോഷമായിയി.അത്രയ്ക്കിഷ്ടമാണ് ഇന്ന് മലയാളം.ഈ നാടിനോടും വല്ലാത്തൊരടുപ്പമായി.ഇവിടെ നിന്നും പോകാനെ തോന്നുന്നില്ല.അര്‍ഷി സലിം പറയുന്നു.

12 വര്‍ഷം മുമ്ബ് നെല്ലിക്കുഴിയില്‍ താമസമാക്കിയ യു പി സ്വദേശികളായ സലീം-മെഹ്റുന്നിസ ദമ്ബതികളുടെ മകളാണ് അര്‍ഷി.മലയാളം,മലയാളിയെ അത്ഭുതപ്പെടുത്തും വിധം കൈകാര്യം ചെയ്യാന്‍ പഠിച്ച അര്‍ഷി ഇന്ന് നെല്ലിക്കുഴി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഇതര സംസ്ഥാനാനക്കാരായ വിദ്യാര്‍ത്ഥികളെ മലയാളം പഠിപ്പിക്കുന്ന അദ്ധ്യാപകയാണ്.

ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ മലയാളം പഠിക്കാന്‍ അനുഭവിച്ച ബുദ്ധിമുട്ട് പറഞ്ഞറിക്കാന്‍ പറ്റില്ല.അദ്ധ്യാപകര്‍ പറയുന്നത് ഒന്നും മനസ്സിലായിരുന്നില്ല.എങ്ങിനെയും പഠിച്ചെടുക്കണമെന്ന വാശിയാണ് മലയാളം അനായാസമായി കൈകാര്യം ചെയ്യുന്ന നിലയിലേയ്ക്ക് എന്നെ എത്തിച്ചത്.എന്റെ ഗതി ഇവിടുത്തെ കുട്ടികള്‍ക്കുണ്ടാവരുത്.അവരും മലയാളത്തെ സ്നേഹിക്കണം,പഠിക്കണം.അതിന് ഞാന്‍ നിമിത്തമായതില്‍ വലിയ സന്തോഷമുണ്ട്.അര്‍ഷി കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയിലാണ് അര്‍ഷിയുടെ സ്വദേശം.കോതമംഗലം ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തില്‍ വിദ്യാ കോ-ഓര്‍ഡിനേറ്റര്‍ തസ്ഥികയിലാണിപ്പോള്‍ അര്‍ഷി ജോലിചെയ്യുന്നത്. പിതാവ് സലീം നെല്ലിക്കുഴിയിലെ ഫര്‍ണ്ണിച്ചര്‍ സ്ഥാപനത്തില്‍ കൊത്തുപണിക്കാരാനായി ജോലിചെയ്യുകയാണ്.

4-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് അര്‍ഷി നെല്ലിക്കുഴിയിലെത്തുന്നത്.തുടര്‍ന്ന് നെല്ലിക്കുഴി ഗവ. ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം.എസ് എല്‍ സി യ്ക്ക് മലയാളം ഫസ്റ്റിനും സെക്കന്റിനും ഈ യു പി ക്കാരി എപ്ലസ് സ്വന്തമാക്കി.ചെറുവട്ടൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലായിരുന്നു പ്ലസ്ടു പഠനം.സലീം-മെഹ്‌റുന്നിസ ദമ്ബതികളുടെ 4 മക്കളില്‍ മൂത്തയാളാണ് ആര്‍ഷി.ജോലിക്കുശേഷം കംപ്യൂട്ടര്‍ പഠനത്തിലും അര്‍ഷി സമയം നീക്കിവച്ചിട്ടുണ്ട്.

ഉമ്മയ്ക്ക് ഇടയ്ക്കിടെ ഉണ്ടാവുന്ന അസുഖങ്ങളാണ്് മനസ്സിനെ നോവിക്കുന്ന പ്രധാനഘടകം.ഇതുവരെ സമ്ബാദ്യമൊന്നുമില്ല.സ്വന്തമായൊരുവീട് എന്നത് വലിയ സ്വപ്നമാണ്.പ്ലാനൊക്കെ റെഡിയാക്കി വച്ചിട്ടുണ്ട്.അര്‍ഷി പറഞ്ഞു.മലയാളി പയ്യനെ വിഹാഹം കഴിക്കാന്‍ ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോള്‍ വരട്ടെ ..ആലോചിക്കാം എന്നായിരുന്നു അര്‍ഷിയുടെ ചിരിച്ചുകൊണ്ടുള്ള മറുപിടി. നെല്ലിക്കുഴിയില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രത്യക പഠന കേന്ദ്രത്തില്‍ 15 ഓളം കുട്ടികളെയാണ് ആര്‍ഷി പഠിപ്പിക്കുന്നത്.പകര്‍ച്ചവ്യാധി സമയത്ത് സമഗ്ര ശിക്ഷ കേരളം (എസ്‌എസ് കെ) ആരംഭിച്ച കേന്ദ്രത്തില്‍ കേരളത്തിന് പുറത്തുനിന്നുള്ള 30 ഓളം കുട്ടികള്‍ ഇപ്പോള്‍ മലയാളം പഠിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള 41 പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളില്ലാത്ത സ്‌കൂള്‍ കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ലക്ഷ്യം.പൊതു വിദ്യാഭ്യാസ വകുപ്പിലെ എസ് എസ് എ യും അര്‍ എം എസ് എ യും കൂടിച്ചേര്‍ന്നു 2018 ല്‍ ആണ് സമഗ്ര ശിക്ഷ കേരളം എന്ന പദ്ധതി ആരംഭിച്ചത്. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം എന്നതാണ് ഇതിന്റെ ലക്ഷ്യം.കുടിയേറ്റത്തൊഴിലാളികളുടെയും ആദിവാസി മേഖലകളില്‍ നിന്നുള്ളവരുടെയും കുട്ടികള്‍ ഈ കേന്ദ്രങ്ങളിലെ ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top