Dailyhunt
'നന്ദി സഖാവേ, ഏറ്റവും ബുദ്ധിമുട്ടേറിയ കാലത്ത് മുന്നില്‍നിന്ന് നയിച്ചതിന്'; തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പിണറായി വിജയനെ പ്രശംസിച്ച്‌ ലിജോ ജോസ് പെല്ലിശ്ശേരി; പിന്തുണച്ചും എതിര്‍ത്തും കമന്റ് ബോക്സ്

'നന്ദി സഖാവേ, ഏറ്റവും ബുദ്ധിമുട്ടേറിയ കാലത്ത് മുന്നില്‍നിന്ന് നയിച്ചതിന്'; തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പിണറായി വിജയനെ പ്രശംസിച്ച്‌ ലിജോ ജോസ് പെല്ലിശ്ശേരി; പിന്തുണച്ചും എതിര്‍ത്തും കമന്റ് ബോക്സ്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.

'നന്ദി സഖാവേ. കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തില്‍ മുന്നില്‍ നിന്ന് നയിച്ചതിന്.' ലിജോയുടെ വാക്കുകള്‍. കുറിപ്പിനൊപ്പം പിണറായിയുടെ ചിത്രവും ലിജോ പങ്കുവച്ചിട്ടുണ്ട്. ലിജോയെ പിന്തുണച്ചും എതിർത്തും ഒട്ടേറെ ആളുകളാണ് കമന്റ് ബോക്സിലെത്തുന്നത്.

അതേസമയം, തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കും.: ഇടതുപക്ഷ ചരിത്രത്തില്‍ ഇതിനു മുന്‍പും ഇതിലും കുറഞ്ഞ വോട്ട് ശതമാനം ലഭിച്ചിട്ടുള്ള സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ജനങ്ങള്‍ക്ക് ബോധ്യമാകുന്ന രീതിയിലുള്ള തിരുത്തലുകള്‍ പാര്‍ട്ടി വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പരാജയ കാരണങ്ങള്‍ കണ്ടെത്താന്‍ പാര്‍ട്ടി വിപുലമായ പരിശോധനകളിലേക്ക് കടക്കും. ഇന്ന് നടന്നത് പ്രാഥമികമായ പരിശോധനകള്‍ മാത്രമാണെന്നും മെയ്, ജൂണ്‍ മാസങ്ങളിലായി പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേര്‍ത്ത് വിശദമായ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ സഖാക്കള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ അവസരം ഒരുക്കും.എല്ലാ ഘടകങ്ങളില്‍ നിന്നുമുള്ള അഭിപ്രായങ്ങള്‍ കേട്ട ശേഷം കൃത്യമായ വിശകലനം നടത്തി തീരുമാനങ്ങളിലെത്തും. പരാജയ കാരണങ്ങള്‍ കണ്ടെത്താന്‍ പാര്‍ട്ടി വിശദമായ റിവ്യൂ നടത്തും.

പരാജയപ്പെട്ടെങ്കിലും ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും പാര്‍ട്ടി എന്നും ജനപക്ഷത്താണെന്നും ഗോവിന്ദന്‍ പറഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് പാര്‍ട്ടി നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാട് ഡി.സി.സി ഓഫീസിന് നേരെ നടന്ന കടന്നാക്രമണത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. തോല്‍വിയെക്കുറിച്ച്‌ എല്ലാവരും മറുപടി പറയുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, മാധ്യമങ്ങളുടെ മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറായില്ല. അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali