ന്യൂഡല്‍ഹി: 'നീതി നടപ്പാക്കിയാല്‍ മാത്രം പോരാ, അത് നീതിപൂര്‍വ്വമായിത്തന്നെ നടപ്പാക്കിയെന്ന് പുറലോകത്തെ കാണിക്കുകയും വേണം!'
തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ ശക്തമായ മറുപടി. കേന്ദ്ര സര്‍ക്കാരിന്റെയോ നിലവിലെ സമിതിയുടെയോ കാര്യക്ഷമതയില്‍ വിശ്വാസക്കുറവുണ്ടായിട്ടല്ല, മറിച്ച് ജനാധിപത്യ സ്ഥാപനങ്ങളുടെ സുതാര്യതയും സ്വതന്ത്ര സ്വഭാവവും ഉറപ്പുവരുത്താന്‍ ഇത് അത്യാവശ്യമാണെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത തുറന്നടിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്ന സമിതിയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ വെട്ടി പകരം കേന്ദ്രമന്ത്രിയെ തിരുകിക്കയറ്റിയ നീക്കത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ ഈ നിര്‍ണ്ണായക പരാമര്‍ശം. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമോ എന്ന കാര്യത്തില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിഷയം വിധി പറയാനായി മാറ്റിയിരിക്കുകയാണ്.
പ്രധാനമന്ത്രിയും ഭരണകൂടവും ദുരുദ്ദേശ്യത്തോടെയേ പ്രവര്‍ത്തിക്കൂ എന്ന മുന്‍വിധിയോടെ ഭരണഘടനാ കോടതികള്‍ സമീപിക്കരുതെന്നായിരുന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ പ്രധാന വാദം. പ്രധാനമന്ത്രിയുടെ ഓഫീസ് മോശം ഉദ്ദേശ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കരുതുകയാണെങ്കില്‍, കേന്ദ്ര മന്ത്രിസഭയെ തിരഞ്ഞെടുക്കുമ്പോള്‍ പോലും കോടതിയുടെയോ പുറത്തുനിന്നുള്ളവരുടെയോ ഉപദേശം തേടേണ്ടി വരില്ലേ എന്നും അദ്ദേഹം ചോദിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ സംശയിക്കുന്നത് ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ നല്‍കിയ ഭരണഘടനാപരമായ വിശ്വാസ്യതയെ അവമതിക്കലാണെന്നും കേന്ദ്രം വാദിച്ചു.
എന്നാല്‍, കേന്ദ്രത്തിന്റെ ഈ വാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ കട്ടപ്പഞ്ച് മറുപടി വന്നത്. ഇത് കേന്ദ്ര സര്‍ക്കാരിലുള്ള വിശ്വാസക്കുറവിന്റെ പ്രശ്‌നമല്ലെന്ന് കോടതി വ്യക്തമാക്കി. 'ഇപ്പോഴത്തെ സമിതിക്ക് നീതിപൂര്‍വ്വമായി പ്രവര്‍ത്തിക്കാനാവില്ലെന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷെ, തിരഞ്ഞെടുപ്പ് കമ്മിഷണര്‍ തികച്ചും സ്വതന്ത്രനായ വ്യക്തിയായിരിക്കണം. നീതി നടപ്പിലാക്കിയാല്‍ മാത്രം പോരാ, അത് സുതാര്യമായി നടപ്പാക്കി എന്ന് ജനങ്ങളെ കാണിക്കുകയും വേണം,' കോടതി വ്യക്തമാക്കി.
2023 മാര്‍ച്ച് മാസത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കാന്‍ പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന നിഷ്പക്ഷ സമിതി വേണമെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചത്. എന്നാല്‍, ഈ വിധിയെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അതിവേഗം നിയമനിര്‍മ്മാണം നടത്തി. സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, പകരം പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്തി നിയമം പാസാക്കുകയായിരുന്നു. ഇതോടെ മൂന്നംഗ സമിതിയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം ലഭിക്കുന്ന അവസ്ഥയായി. ഇതിനെതിരെയാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (അഉഞ) ഉള്‍പ്പെടെയുള്ളവര്‍ കോടതിയെ സമീപിച്ചത്.
കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന കേന്ദ്രത്തിന്റെ അവസാന നിമിഷത്തെ ആവശ്യത്തെ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍, വിജയ് ഹന്‍സാരിയ, കാളീശ്വരം രാജ് തുടങ്ങിയ പ്രമുഖ അഭിഭാഷകര്‍ ശക്തമായി എതിര്‍ത്തു. ദിവസങ്ങളോളം വാദം കേട്ട ശേഷമാണ് കേന്ദ്രം ഇങ്ങനെയൊരു ആവശ്യമുന്നയിക്കുന്നത് എന്നും, തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട ഭരണഘടനാ തത്ത്വങ്ങള്‍ മുന്‍പ് തന്നെ വ്യക്തമാക്കപ്പെട്ടതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ വെട്ടിനിരത്തല്‍ നിയമത്തിനെതിരെ സുപ്രീംകോടതി ഭരണഘടനാപരമായ നിലപാട് എടുക്കുമോ അതോ കേസ് നീണ്ടുപോകുമോ എന്ന് ഇനി പുറത്തുവരാനിരിക്കുന്ന വിധി വ്യക്തമാക്കും.

