Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാളിന് വീണ്ടും ഇന്ത്യയുടെ കൈത്താങ്ങ്: ഭൂകമ്പം തകര്‍ത്ത ജില്ലകളില്‍ വിദ്യാലയങ്ങള്‍ പണിയാന്‍ 35 കോടി രൂപയുടെ ധനസഹായം; 8 ജില്ലകളില്‍ 14 സ്‌കൂളുകള്‍ നിര്‍മ്മിക്കും

നേപ്പാളിന് വീണ്ടും ഇന്ത്യയുടെ കൈത്താങ്ങ്: ഭൂകമ്പം തകര്‍ത്ത ജില്ലകളില്‍ വിദ്യാലയങ്ങള്‍ പണിയാന്‍ 35 കോടി രൂപയുടെ ധനസഹായം; 8 ജില്ലകളില്‍ 14 സ്‌കൂളുകള്‍ നിര്‍മ്മിക്കും

കാഠ്മണ്ഡു: നേപ്പാളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായുണ്ടായ ശക്തമായ ഭൂകമ്പങ്ങളില്‍ തകര്‍ന്നടിഞ്ഞ വിവിധ ജില്ലകളില്‍ പുതിയ സ്‌കൂളുകള്‍ നിര്‍മ്മിക്കുന്നതിനായി വന്‍ ധനസഹായം പ്രഖ്യാപിച്ച്‌ ഇന്ത്യ.

ഭൂകമ്പ ബാധിതമായ എട്ട് ജില്ലകളിലായി 14 സ്‌കൂളുകളുടെ പുനര്‍നിര്‍മ്മാണത്തിനായി 35 കോടി രൂപയുടെ (നേപ്പാളി രൂപ) സഹായമാണ് ഇന്ത്യ നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേപ്പാള്‍ വിദ്യാഭ്യാസ-കായിക മന്ത്രാലയത്തിന് കീഴിലുള്ള 'സെന്‍ട്രല്‍ ലെവല്‍ പ്രൊജക്റ്റ് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്-എഡ്യൂക്കേഷന്‍' (CLPIU-Education) ഔദ്യോഗികമായി കരാറില്‍ ഒപ്പുവെച്ചതായി കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

കഴിഞ്ഞ കുറച്ചുകാലങ്ങളായി നേപ്പാളിലുണ്ടായ ഭൂകമ്പങ്ങളുടെ ആഘാതം ഏറ്റവും കൂടുതല്‍ നേരിട്ട ഗോര്‍ഖ, നുവാകോട്ട്, ധാഡിംഗ്, ദോലാഖ, കാഠ്മണ്ഡു, കാവ്രേപാലന്‍ചൗക്ക്, രാമേഛാപ്, സിന്ധുപാല്‍ചോക്ക് എന്നീ എട്ട് ജില്ലകളിലാണ് പുതിയ സ്‌കൂളുകള്‍ ഉയരുക. 2015-ല്‍ ഉണ്ടായ ഭയാനകമായ ഭൂകമ്പത്തില്‍ മാത്രം ഒന്‍പതിനായിരത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ആയിരക്കണക്കിന് വിദ്യാലയങ്ങള്‍ തകരുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് തകര്‍ന്നടിഞ്ഞ വിദ്യാഭ്യാസ മേഖലയെ പുനരുദ്ധരിക്കാന്‍ ഇന്ത്യ മുന്‍കൈയെടുക്കുന്നത്.

ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഭൂകമ്പങ്ങളെ പ്രതിരോധിക്കാന്‍ തക്കവണ്ണം, നേപ്പാള്‍ സര്‍ക്കാരിന്റെ കര്‍ശനമായ പുനര്‍നിര്‍മ്മാണ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും ഈ സ്‌കൂളുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുക. അത്യാധുനിക അക്കാദമിക് ബ്ലോക്കുകള്‍, മികച്ച ഫര്‍ണിച്ചറുകളോട് കൂടിയ ക്ലാസ് മുറികള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേകം സജ്ജമാക്കിയ ശുചിമുറി സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വിപുലമായ ഇന്‍ഫ്രാസ്ട്രക്ചറാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

നേപ്പാളിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഇന്ത്യ ഇത്തരമൊരു വലിയ സംരംഭം ഏറ്റെടുക്കുന്നത് ഇതാദ്യമായല്ല. ഇന്ത്യയുടെ ഭൂകമ്പാനന്തര പുനര്‍നിര്‍മ്മാണ ഗ്രാന്റിന് (Post-Earthquake Reconstruction Grant) കീഴില്‍ എട്ട് ജില്ലകളിലായി പണിതുയര്‍ത്തിയ 70 അത്യാധുനിക സ്‌കൂളുകളും കാഠ്മണ്ഡുവിലെ വിഖ്യാതമായ ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ ലൈബ്രറിയും 2024 ജനുവരിയില്‍ ഇന്ത്യ വിജയകരമായി നേപ്പാള്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. അയല്‍രാജ്യത്തിന്റെ തകര്‍ച്ചയില്‍ താങ്ങായി നിന്നുകൊണ്ട്, ഭൂകമ്പാനന്തര പുനര്‍നിര്‍മ്മാണ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക-സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങളില്‍ നേപ്പാളുമായുള്ള സുദൃഢമായ പങ്കാളിത്തവും സഹകരണവും തുടരാന്‍ തങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali