Saturday, 25 Sep, 5.39 pm മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
നേതാക്കള്‍ക്ക് ആഡംബര വീടുകളും വാഹനങ്ങളും; സാമ്ബത്തിക ഉറവിടം ദുരൂഹം; കളങ്കിതരായവരില്‍ നിന്ന് പണപ്പിരിവ്; ക്വാറി-മണല്‍ മാഫിയകളുമായി ചങ്ങാത്തം; കണക്കില്ലാത്ത ഫണ്ട്‌ശേഖരണം; സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ കരുവന്നൂര്‍ ബാങ്ക് അഴിമതി ഇഫക്‌ട്

കണ്ണൂര്‍: സിപിഎം പാര്‍ട്ടി സംഘടന ചില സാമ്ബത്തിക ശക്തികളുടെ ദുഷ്പ്രവണതകളില്‍ അമരുകയാണെന്ന് ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിമര്‍ശനം. കമ്യൂണിസ്റ്റ് ശൈലിക്ക് ചേരാത്ത വിധത്തിലാണ് പ്രാദേശിക നേതാക്കള്‍ മുതല്‍ ഉന്നതതലങ്ങളില്‍ വരെയുള്ളവര്‍ വിരാജിക്കുന്നത്. ആഡംബര വീടുകളും വാഹനങ്ങളും ഉപയോഗിക്കുന്ന നേതാക്കളുടെ സാമ്ബത്തിക ഉറവിടമെന്തെന്ന് ആര്‍ക്കും അറിയില്ലെന്നും ബ്രാഞ്ചുസമ്മേളനങ്ങളില്‍ വിമര്‍ശനമുയര്‍ന്നു. ചരിത്രത്തിലാദ്യമായാണ് സിപിഎമ്മിലെ സാമ്ബത്തിക അരാജകത്വത്തെ കുറിച്ച്‌ ഇത്ര ആഴത്തിലും പരപ്പിലും ചര്‍ച്ച നടക്കുന്നത്.

ബ്രാഞ്ച് തലങ്ങളില്‍ ഇത്തരം ഇഴകീറിയുള്ള ചര്‍ച്ച നടക്കുന്നുവെന്നത് അപൂര്‍വ്വതയാണ്. കരുവന്നൂര്‍ ബാങ്ക് അഴിമതി വിവാദം സൃഷ്ടിക്കുകയും പാര്‍ട്ടി പ്രതികൂട്ടിലാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ സാമ്ബത്തിക ഇടപാടുകള്‍ ചൂടേറിയ ചര്‍ച്ചയായത്. ഇതു കൂടാതെ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി നടത്തുന്ന ഫണ്ട് പിരിവില്‍ സുതാര്യതയില്ലെന്നും സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

സമൂഹത്തില്‍ കളങ്കിതരായവരില്‍ നിന്നു പണപ്പിരിവ് പാടില്ലെന്നുള്ളൂ കേന്ദ്ര കമ്മിറ്റി നിര്‍ദ്ദേശം ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിട്ടുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം പണം വാങ്ങിയെന്നാണ് ആരോപണം. ഇത്തരം പണപ്പിരിവിന് ലോക്കല്‍ - ഏരിയാ നേതൃത്വങ്ങളാണ് ചുക്കാന്‍ പിടിച്ചത്. ഇതു കാരണം ക്വാറി മാഫിയകള്‍ക്കും മണലൂറ്റുകാര്‍ക്കുമെതിരെ പ്രാദേശികമായി പ്രതിഷേധ സമരങ്ങള്‍ നടക്കുമ്ബോള്‍ ബ്രാഞ്ചുകമ്മിറ്റികള്‍ക്ക് നോക്കുകുത്തിയായി നില്‍ക്കേണ്ടി വരുന്നുവെന്നാണ് ബ്രാഞ്ച് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നത്.

പാനുരിലും മാലൂരിലുമൊക്കെ ക്വാറി മാഫിയകള്‍ക്കെതിരെ ജനങ്ങള്‍ സമരം ചെയ്യുമ്ബോള്‍ അതിനൊപ്പം നില്‍ക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല ഇതു പൊതു സമുഹത്തില്‍ പാര്‍ട്ടിയെ പരിഹാസ്യമാക്കുന്നുവെന്നാണ് വിമര്‍ശനം പാര്‍ട്ടി നേതാക്കളില്‍ പലരും ക്വാറി-മണല്‍ മാഫിയകളുടെ ഒക്കെ ചങ്ങാതിമാരാണ്. ഈ അവിശുദ്ധ ബന്ധം തികച്ചും പ്രതിലോമകരമായ പരിസ്ഥിതി വിനാശ പ്രവൃത്തികള്‍ക്കു വരെ കൂട്ടുനില്‍ക്കാന്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വങ്ങളെ പ്രേരിപ്പിക്കുന്നുവെന്ന് ഉദാഹരണങ്ങള്‍, ചുണ്ടിക്കാട്ടി പല ബ്രാഞ്ചുകളിലും വിമര്‍ശനമുയര്‍ന്നു.

തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന പണപ്പിരിവിന്റെ വരവ് ചെലവ് കണക്ക് കൃത്യമായി പരിശോധിക്കുന്നില്ല. പിരിച്ച സംഖ്യ രസീതിയുടെ കൗണ്ടറില്‍ കുറച്ചു എഴുതിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പാര്‍ട്ടി മാനേജരായി വേഷമണിയുന്നവരാണ് വ്യാപകമായി പണപ്പിരിവ് നടത്തുന്നത്. മുതലാളിമാരുമായി ചങ്ങാത്തമുള്ള ഇത്തരം പാര്‍ട്ടി മാനേജര്‍മാര്‍ സാമ്ബത്തിക ആരോപണങ്ങളില്‍ ഉള്‍പ്പെടുമ്ബോള്‍ നേതൃത്വം സംരക്ഷിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം വീഴ്‌ച്ചകളാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നൂറ് കോടിയുടെ വെട്ടിപ്പിന് ഇടയാക്കിയത്.

തെരഞ്ഞെടുപ്പ് കാലത്ത് സര്‍വീസ് സംഘടനകളില്‍ നിന്നും പിരിക്കുന്ന പണത്തിന് യാതൊരു കണക്കും പിന്നീട് അവതരിപ്പിക്കാറില്ലെന്നും ചിലര്‍ക്ക് നേട്ടം കൊയ്യാനുള്ള അവസരമായാണ് തെരഞ്ഞെടുപ്പ് കാലം മാറുന്നുവെന്നാണ് അണികളില്‍ ചിലര്‍ ഉയര്‍ത്തിയ വിമര്‍ശനം. ബൂത്ത്തലം മുതല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കമ്മിറ്റികള്‍ പിരിച്ചുവിടുന്ന കമ്മിറ്റികളുണ്ടെങ്കിലും ഭാരവാഹികള്‍ തട്ടി കൂട്ടുന്ന കണക്കുകള്‍ മാത്രമാണ് ഇവിടെ അവതരിപ്പിക്കപ്പെടാറുള്ളത്. ഇതിനെ സമഗ്രമായി പരിശോധിക്കാനും ചോദ്യം ചെയ്യാനും ആരും മുതിരാറില്ല. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കുന്നതിനായി പുറത്തു നിന്നുള്ള ഏജന്‍സികളെ കൊണ്ട് ഓഡിറ്റിങ് നടത്തണമെന്നും സമ്മേളനങ്ങളില്‍ ആവശ്യമുയര്‍ന്നു.

പാര്‍ട്ടി നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകളും സംഘങ്ങളും സാമ്ബത്തിക അരാജകത്വത്തിന്റെ കേന്ദ്രമായി മാറുന്നുവെന്ന് കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ചില പ്രതിനിധികള്‍ ചുണ്ടിക്കാട്ടി. സാമ്ബത്തിക ക്രമക്കേടുകള്‍ക്ക് തടയിടുന്നതിനായി ഒരു സഹകരണ സ്ഥാപനവും നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ലോക്കല്‍ തലങ്ങളില്‍ പാര്‍ട്ടി (ഫാക്ഷന്‍ രൂപീകരിക്കണമെന്ന ആവശ്യവും സിപിഎം സമ്മേളനങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി കണ്ണൂരിലടക്കം ലോക്കല്‍ സമ്മേളനങ്ങളിലേക്ക് സിപിഎം കടന്നിട്ടുണ്ട്.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top