വടകര: കടത്തനാട് സഹകരണ സംഘത്തിലെ വന്‍ സാമ്പത്തിക ക്രമക്കേടുകളെത്തുടര്‍ന്ന് നിക്ഷേപകനായ തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി സഹകരണ വകുപ്പ് മന്ത്രി എം.
ലിജു. സഹകരണ വകുപ്പില്‍ എന്ത് തരത്തിലുള്ള നിയമലംഘനങ്ങളും ക്രമക്കേടുകളുമാണ് നടന്നതെന്ന കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അത് ലഭിച്ചാലുടന്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുറ്റക്കാര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരാണെങ്കിലും അവരെ സംരക്ഷിക്കുന്ന യാതൊരു നിലപാടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി. ഈ വിഷയത്തില്‍ അന്വേഷണത്തിന് യാതൊരുവിധ തടസ്സങ്ങളുമില്ലെന്നും കുറ്റക്കാരായവര്‍ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഹകരണ മേഖലയിലെ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടിലൂടെ ബോധ്യപ്പെട്ടാല്‍ പോലീസിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ അന്വേഷണവും മറ്റ് തുടര്‍നടപടികളും ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
നിക്ഷേപിച്ച തുക കൃത്യസമയത്ത് തിരിച്ചുകിട്ടാത്തതിനെത്തുടര്‍ന്നാണ് മാനസികമായി തകര്‍ന്ന ഇബ്രാഹിം ഹാജി ജീവനൊടുക്കിയത്. മരണത്തിന് മുന്‍പ് കടത്തനാട് ലേബര്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് ബഷീര്‍ അഹമ്മദ് അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇബ്രാഹിം ഹാജി ഉന്നയിച്ചിരുന്നത്. ഇതേത്തുടര്‍ന്നാണ് സഹകരണ വകുപ്പ് നേരിട്ട് വിഷയത്തില്‍ ഇടപെടുകയും മന്ത്രി വിശദീകരണം നല്‍കുകയും ചെയ്തത്.

