Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അതുലിന്റെ മൃതദേഹം മാര്‍ത്താണ്ഡത്തിന് സമീപം ആറ്റില്‍; കാറിന്റെ ചില്ലുകള്‍ തകര്‍ത്ത നിലയില്‍; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം; അതുലിന് പൊഴിയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കുന്നതിന് കോടതി ഏര്‍പ്പെടുത്തിയ വിലക്ക് തീര്‍ന്നത് അടുത്തിടെ

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അതുലിന്റെ മൃതദേഹം മാര്‍ത്താണ്ഡത്തിന് സമീപം ആറ്റില്‍; കാറിന്റെ ചില്ലുകള്‍ തകര്‍ത്ത നിലയില്‍; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം; അതുലിന് പൊഴിയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കുന്നതിന് കോടതി ഏര്‍പ്പെടുത്തിയ വിലക്ക് തീര്‍ന്നത് അടുത്തിടെ

തിരുവനന്തപുരം/മാര്‍ത്താണ്ഡം: കുപ്രസിദ്ധ കുറ്റവാളിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ യുവാവിനെ തമിഴ്നാട്ടിലെ മാര്‍ത്താണ്ടത്തിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

ചെങ്കവിള വെളിയങ്കോട്ടുകോണം സി.കെ. സദനത്തില്‍ അതുല്‍ (29) ആണ് കൊല്ലപ്പെട്ടത്. മാര്‍ത്താണ്ടത്തിനടുത്തുള്ള കണ്ണക്കോട് ആറ്റിലാണ് ജീവനറ്റ മൃതദേഹം ഒഴുകിനടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് കുറഞ്ഞത് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതുലിനെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം ആറ്റില്‍ തള്ളിയതാണെന്നാണ് സംശയിക്കുന്നത്. മൃതദേഹം കണ്ടെത്തിയ കണ്ണക്കോട് നിന്ന് നാല് കിലോമീറ്റര്‍ മാറി ചിതറാലിന് സമീപത്തായി അതുല്‍ സഞ്ചരിച്ചിരുന്ന മാരുതി ആള്‍ട്ടോ കാറും ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തി.

മുന്‍വശത്തെയും പിന്‍വശത്തെയും നമ്പര്‍ പ്ലേറ്റുകള്‍ പൂര്‍ണ്ണമായി അഴിച്ചുമാറ്റിയ നിലയിലായിരുന്നു കാര്‍. മാത്രമല്ല, കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത നിലയിലുമായിരുന്നു. പൊഴിയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം എട്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അതുല്‍. ഇയാളുടെ കുറ്റകൃത്യങ്ങള്‍ കാരണം പൊഴിയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കുന്നതിന് കോടതി ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് ഈ നിരോധന കാലാവധി അവസാനിച്ചത്.

കഴിഞ്ഞ ജൂലൈ 27-ാം തീയതി വൈകീട്ടാണ് അതുല്‍ ചെങ്കവിളയിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. കുഴിത്തുറയിലുള്ള സുഹൃത്തിന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് കാറുമായി വീട്ടില്‍ നിന്ന് ഇറങ്ങിയത്. 28-ന് നടന്ന ചടങ്ങില്‍ ഇയാള്‍ പങ്കെടുത്തതായി തമിഴ്നാട് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചടങ്ങിന് ശേഷം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളോടൊപ്പം ഇയാള്‍ ബാറില്‍ പോയി മദ്യപിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അവിടെ വെച്ചാണോ തര്‍ക്കമുണ്ടായതെന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.

കഴിഞ്ഞ കുറച്ചുകാലമായി പളുകലില്‍ താമസിച്ചിരുന്ന അതുല്‍, നാഗര്‍കോവില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'തമിഴ്നാട് ശിവസേന' എന്ന സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അക്രമ സംഭവങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി നടക്കുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.

മൃതദേഹം നിലവില്‍ നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ. സംഭവത്തില്‍ തമിഴ്നാട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali