Monday, 14 Jun, 6.07 pm മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
നിയമസഭാ വോട്ടെടുപ്പിന്റെ തലേന്ന് വീടുകളില്‍ കയറി പണം വിതരണം; കാസര്‍കോഡ് തനിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ എതിര്‍പാര്‍ട്ടി കോഴപ്പണം വിതരണം ചെയ്‌തെന്ന് എംഎല്‍എ എന്‍.എ.നെല്ലിക്കുന്ന്; മധൂര്‍ പഞ്ചായത്തിലെ ബൂത്ത് നമ്ബര്‍ 46 ലേതടക്കം തെളിവുകള്‍ കാട്ടി മുഖ്യമന്ത്രിക്ക് പരാതി; ഏതുപാര്‍ട്ടി എന്നുപറയാതെ ഒളിച്ചുകളിച്ച്‌ എംഎല്‍എ

കാസര്‍കോട്: തനിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ വ്യാപകമായി പണം നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കാസര്‍കോട് എം എല്‍ എ എന്‍.എ നെല്ലിക്കുന്ന്. കാസര്‍കോട് നിയോജക മണ്ഡലത്തിലടക്കം ഇത്തരത്തില്‍ വ്യാപകമായി പണം നല്‍കിയെന്നാണ് ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം കാസര്‍കോട് മണ്ഡലത്തിലെ ചില പ്രദേശങ്ങളില്‍ വോട്ട് ചെയ്യാതിരിക്കാനാണ് വീടുകളില്‍ ചെന്ന് പണം വിതരണം നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയിലാണ് എംഎ‍ല്‍എ ആരോപണം ഉന്നയിച്ചത്. മധൂര്‍ പഞ്ചായത്തിലെ ബൂത്ത് നമ്ബര്‍ 46ന്റെ പരിധിയില്‍ ഇത്തരത്തില്‍ പണം വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഏതു പാര്‍ട്ടിക്കാരാണതെന്ന് വെളിപ്പെടുത്തുവാന്‍ എം എല്‍ എ തയാറായിട്ടില്ല.

മധൂര്‍ പഞ്ചായത്തിലെ ഇസ്സത്ത്നഗര്‍, ഓള്‍ഡ് ചൂരി, ബട്ടംപാറ എന്നീ പ്രദേശങ്ങളില്‍ ജനാധിപത്യ വിരുദ്ധമായ ഈ ഹീനകൃത്യം അരങ്ങേറിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. അന്വേഷണം ഏര്‍പ്പെടുത്തിയാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഹാരിസ് ചൂരി തയ്യാറാണെന്നും എന്‍.എ നെല്ലിക്കുന്ന് വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും എംഎ‍ല്‍എ പരാതി നല്‍കിയിട്ടുണ്ട്.

ഇസ്സത്ത്നഗര്‍, ഓള്‍ഡ് ചൂരി, ബട്ടംപാറ മേഖലകളില്‍ ഒരു ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ ഏജന്റുമാരാണ് തുക വിതരണം ചെയ്തതെന്നും എന്നാല്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ കാരണം പ്രാവര്‍ത്തികമായില്ലെന്നും ഹാരിസ് ചൂരിയുടെ പരാതിയില്‍ ഉണ്ടെന്നും നെല്ലിക്കുന്ന് പറയുന്നു.

അതേസമയം, എന്‍.എ നെല്ലിക്കുന്ന് എം എല്‍ എക്ക് കൃത്യമായ പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഉന്നയിക്കാത്തതെന്ന് ചോദ്യം ഉയരുകയാണ്. ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനം നടന്നിടുണ്ടെങ്കില്‍ എന്തിനാണ് ഈ പുകമറയ്ക്കുള്ളില്‍ നിന്നുള്ള പരാതിയെന്നാണ് ചോദ്യങ്ങള്‍ ഉയരുന്നത്. കൊടകര കുഴല്‍ പണക്കേസിന്റെ പശ്ചാത്തലത്തില്‍ ബിജെപിയെ ഉദ്ദേശിച്ചാണ് നെല്ലിക്കുന്ന് ആരോപണം ഉന്നയിക്കുന്നതെന്നും സൂചനയുണ്ട്.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top