Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നൃത്തക്ലാസിലേക്ക് പോകുംവഴി  കരിയിലകള്‍ക്കിടയില്‍ നിന്നും കാലില്‍ എന്തോ കടിച്ചത് പോലെ തോന്നി; കട്ടുറുമ്പ് കടിച്ചതാകാമെന്ന് ആദ്യം കരുതി;  ഒരു മണിക്കൂറിനകം ബോധം നഷ്ടമായി;  വെന്റിലേറ്ററിന്റെ സഹായത്തോടെ 24 ദിവസം വിദഗ്ധ ചികിത്സയില്‍; നാളെ സ്‌കൂള്‍ തുറക്കാനിരിക്കെ കണ്ണീര്‍ക്കാഴ്ചയായി നിയയുടെ വിയോഗം

നൃത്തക്ലാസിലേക്ക് പോകുംവഴി കരിയിലകള്‍ക്കിടയില്‍ നിന്നും കാലില്‍ എന്തോ കടിച്ചത് പോലെ തോന്നി; കട്ടുറുമ്പ് കടിച്ചതാകാമെന്ന് ആദ്യം കരുതി; ഒരു മണിക്കൂറിനകം ബോധം നഷ്ടമായി; വെന്റിലേറ്ററിന്റെ സഹായത്തോടെ 24 ദിവസം വിദഗ്ധ ചികിത്സയില്‍; നാളെ സ്‌കൂള്‍ തുറക്കാനിരിക്കെ കണ്ണീര്‍ക്കാഴ്ചയായി നിയയുടെ വിയോഗം

രൂര്‍: വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ നാളെ വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി നിയ ലെനിന്റെ വിയോഗം അരൂര്‍ ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുകയാണ്.

നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ പാമ്പുകടിയേറ്റ് 24 ദിവസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നിയ, ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. അരൂര്‍ സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നിയയുടെ അപ്രതീക്ഷിത വിയോഗം നാടിനെയാകെ വിങ്ങലാക്കുകയാണ്.

മെയ് ആറാം തീയതി വൈകിട്ട് ആറ് മണിയോടെയാണ് ദാരുണമായ സംഭവം നടക്കുന്നത്. പ്രദേശത്തെ റെസിഡന്‍സ് അസോസിയേഷന്‍ പരിപാടിയുടെ ഭാഗമായുള്ള നൃത്ത പരിശീലനത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു നിയ. പോകുന്ന വഴിയില്‍ കരിയിലകള്‍ക്കിടയില്‍ വെച്ചാണ് കുട്ടിയുടെ കാലില്‍ പാമ്പ് കടിച്ചത്. എന്നാല്‍ കാലില്‍ എന്തോ കടിച്ചത് പോലെ തോന്നിയപ്പോള്‍, അത് വലിയ കട്ടുറുമ്പ് ആയിരിക്കുമെന്നാണ് നിയ ആദ്യം കരുതിയത്. കൂടെയുണ്ടായിരുന്നവരോടും വീട്ടുകാരോടും കുട്ടി ഇതേ കാര്യമാണ് പറഞ്ഞത്.

പാമ്പുകടിയേറ്റ വിവരം കുട്ടിക്ക് തിരിച്ചറിയാന്‍ കഴിയാതിരുന്നതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത്. കടിയേറ്റ് ഒരു മണിക്കൂറിനകം തന്നെ കുട്ടിയുടെ ശാരീരിക അസ്വസ്ഥതകള്‍ കഠിനമാകുകയും കുഴഞ്ഞുവീണ് ബോധം നഷ്ടപ്പെടുകയും ചെയ്തു. ഇതോടെയാണ് പാമ്പ് കടിച്ചതാകാമെന്ന നിഗമനത്തില്‍ വീട്ടുകാര്‍ നിയയെ ഉടന്‍ തന്നെ വീടിനടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. അവിടെ രണ്ടുദിവസത്തോളം ചികിത്സയില്‍ തുടര്‍ന്ന ശേഷമാണ് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

ലേക്ക്‌ഷോര്‍ ആശുപത്രിയിലെ വെന്റിലേറ്ററിന്റെ സഹായത്തോടെ അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ 24 ദിവസമായി നിയ ജീവനുവേണ്ടി പോരാടുകയായിരുന്നു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ എല്ലാവിധ വിദഗ്ധ ചികിത്സകളും അടിയന്തരമായി നല്‍കിയെങ്കിലും, വിഷം ശരീരത്തെ മാരകമായി ബാധിച്ചതിനാല്‍ നില മെച്ചപ്പെട്ടില്ല. ഞായറാഴ്ച രാവിലെയോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഏതുതരം പാമ്പാണ് കുട്ടിയെ കടിച്ചതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

പുതിയ ക്ലാസിലേക്ക് കയറുന്നതിന്റെയും കൂട്ടുകാരെ കാണുന്നതിന്റെയും ആവേശത്തില്‍ നാളെ സ്‌കൂളിലേക്ക് പോകാന്‍ കാത്തിരിക്കുകയായിരുന്നു നിയ. എന്നാല്‍ ആ സന്തോഷങ്ങളെയെല്ലാം ബാക്കിവെച്ച്‌ നിയ യാത്രയായപ്പോള്‍, ഒരു കുടുംബത്തിന്റെ മാത്രമല്ല, ഒരു നാടിന്റെ മുഴുവന്‍ പ്രതീക്ഷകളാണ് പൊലിഞ്ഞത്. ഇനിയൊരു കുട്ടിക്കും ഇങ്ങനെയൊരു അവസ്ഥ വരാതിരിക്കാന്‍, പുല്ലും കരിയിലകളും നിറഞ്ഞ വഴികളിലൂടെ നടക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന വലിയൊരു മുന്നറിയിപ്പ് കൂടിയാവുകയാണ് നിയയുടെ വേര്‍പാട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali