തിരുവനന്തപുരം: അന്തരിച്ച മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്.
കുര്യന്റെ വേര്‍പാടില്‍ വിതുമ്പി ലേബര്‍ കമ്മീഷണര്‍ കെ. വാസുകി ഐ.എ.എസ്. പാമ്പാടിയില്‍ വെച്ച് അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സംസാരിക്കവേയാണ് ഒപ്പമുണ്ടായിരുന്ന ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും അദ്ദേഹത്തിന്റെ അവസാന ആഗ്രഹവും പങ്കുവെച്ച് വാസുകി വികാരഭരിതയായത്.
താന്‍ തിരുവനന്തപുരം ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചിരുന്ന കാലഘട്ടത്തില്‍ പി.എച്ച്. കുര്യന്‍ സംസ്ഥാന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് വാസുകി ഓര്‍ത്തെടുത്തു. അന്നത്തെ പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ പ്രതിസന്ധികളും സങ്കീര്‍ണ്ണവുമായ സാഹചര്യങ്ങളും തരണം ചെയ്യാന്‍ അദ്ദേഹത്തിന്റെ പിന്തുണയാണ് തുണയായതെന്ന് അവര്‍ പറഞ്ഞു.
ഭരണതലത്തിലും ഔദ്യോഗിക ജീവിതത്തിലും കീഴിലുള്ള ജീവനക്കാരോട് അദ്ദേഹം കാണിച്ച അളവറ്റ കാരുണ്യവും ഉദാരമനോഭാവവുമാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ വ്യക്തിത്വത്തെ കാണിക്കുന്നതെന്ന് വാസുകി കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു മികച്ച മേലധികാരിയായി അദ്ദേഹം ഒപ്പമുണ്ടായിരുന്നതുകൊണ്ടാണ് ആ കാലയളവ് കടന്നുപോകാന്‍ കഴിഞ്ഞത്.
അന്ന് അദ്ദേഹം റവന്യൂ സെക്രട്ടറിയായി കൂടെയില്ലായിരുന്നുവെങ്കില്‍ കളക്ടറെന്ന നിലയിലുള്ള തന്റെ ചുമതലകളും പ്രവര്‍ത്തനങ്ങളും ഇരുപത് മടങ്ങ് കഠിനമായി മാറുമായിരുന്നുവെന്ന് കെ. വാസുകി വ്യക്തമാക്കി. അസുഖബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്തും താന്‍ അദ്ദേഹത്തെ നേരിട്ട് ചെന്ന് സന്ദര്‍ശിച്ചിരുന്നതായി അവര്‍ ഓര്‍ത്തു.
മരിക്കുന്നതിന് മുന്‍പ് പി.എച്ച്. കുര്യന്‍ തന്നെ അവസാനമായി ഫോണില്‍ വിളിച്ച ഓര്‍മ്മയും വാസുകി പങ്കുവെച്ചു. തന്റെ വസ്ത്രങ്ങള്‍ മറ്റു മനുഷ്യര്‍ക്ക് പുനരുപയോഗിക്കാന്‍ പാകത്തില്‍ ദാനം ചെയ്യണമെന്നും, അതിനായി വീട്ടില്‍ വന്ന് അത് ശേഖരിക്കാന്‍ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെടാനാണ് അദ്ദേഹം അവസാനമായി ബന്ധപ്പെട്ടതെന്ന് വാസുകി നിറകണ്ണുകളോടെ പറഞ്ഞു.
അര്‍ബുദ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പി.എച്ച്. കുര്യന്‍ ബുധനാഴ്ച വൈകിട്ടാണ് അന്തരിച്ചത്. ഭൗതികശരീരം മുട്ടടയിലെ വസതിയിലും തുടര്‍ന്ന് സൗത്ത് പാമ്പാടിയിലെ പുല്ലൂക്കോട്ടയില്‍ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം ശനിയാഴ്ച സൗത്ത് പാമ്പാടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ സംസ്‌കാരം നടന്നു.
1959 ജനുവരി 20-ന് കോട്ടയത്തെ ഒരു കര്‍ഷക കുടുംബത്തിലാണ് പി.എച്ച്. കുര്യന്റെ ജനനം. കേരള സര്‍വകലാശാലയില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം, ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഗവേഷണം നടത്തുന്നതിനിടെയാണ് സിവില്‍ സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1986 ബാച്ചില്‍ ഒഡീഷ കേഡറില്‍ ആദ്യ നിയമനം ലഭിച്ച അദ്ദേഹം 1993-ലാണ് കേരള കേഡറിലേക്ക് മാറുന്നത്. പാലക്കാട്, പാലാ സബ് കളക്ടറായും കോട്ടയം, ഇടുക്കി ജില്ലാ കളക്ടറായും പ്രവര്‍ത്തിച്ച അദ്ദേഹം സംസ്ഥാനത്തിന്റെ ഭരണരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
റവന്യൂ, വ്യവസായം, മരാമത്ത്, തുറമുഖം, ഐ.ടി തുടങ്ങി സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രധാന വകുപ്പുകളുടെ സെക്രട്ടറിയായി മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. സംസ്ഥാനത്തെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പ് നയം രൂപീകരിക്കുന്നതിനും ഐ.ടി രംഗത്തിന്റെ വികസനത്തിനും അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചു.
ഭാര്യ ഉഷ കുര്യന്‍. മക്കള്‍: ഗോഡ്ലി ഹേബല്‍ കുര്യന്‍ (സീനിയര്‍ പ്ലാനിംഗ് മാനേജര്‍, അല്‍-ഫുത്തൈം ഓട്ടോമോട്ടീവ്), ഡോ. ഹെന്റി കുര്യന്‍ (ഓര്‍ത്തോപീഡിഷ്യന്‍, ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ്). മരുമക്കള്‍: സ്‌നേഹ അനില്‍ (സീനിയര്‍ ബിസിനസ് അനലിസ്റ്റ്, അല്‍ ഘുറൈര്‍), ഡോ. ജോമി ജേക്കബ് (പീഡിയാട്രീഷ്യന്‍, ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ്).

