Wednesday, 27 Jan, 7.52 pm മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
'ഞാന്‍ ശിവനാണ്, കൊറോണ വന്നത് എന്റെ ശരീരത്തില്‍ നിന്നാണ്, ചൈനയില്‍നിന്നല്ല'; 'വാക്‌സീന്‍ ഉപയോഗിക്കാതെതന്നെ മാര്‍ച്ചോടെ ഇത് അവസാനിക്കും'; 'എന്റെ തൊണ്ടയില്‍ വിഷമുണ്ട്, എന്നെ കോവിഡ് പരിശോധന നടത്തേണ്ട ആവശ്യമില്ല'; ചിറ്റൂരില്‍ അന്ധവിശ്വാസത്താല്‍ പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മ പത്മജ വിചിത്രവാദങ്ങള്‍ തുടരുന്നു

ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ മദനപ്പള്ളെയില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ പെണ്‍മക്കളെ ദുരൂഹമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മ പത്മജ വിചിത്രവാദങ്ങള്‍ തുടരുന്നു. കോവിഡ് പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് താന്‍ ശിവനാണെന്നും തന്നില്‍നിന്നാണു കൊറോണ വൈറസ് പിറന്നതെന്നും പ്രതി പത്മജ (50) പൊലീസിനോടു പറഞ്ഞത്.

മദനപ്പള്ളെയിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയായ പത്മജ, പെണ്‍മക്കളായ അലേഖ്യ (27), ദിവ്യ സായി (22) എന്നിവരെ ത്രിശൂലം കൊണ്ടു കുത്തിയെന്നും പിന്നീടു ഡംബല്‍ കൊണ്ടു മര്‍ദിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. പത്മജയും ഭര്‍ത്താവ് പുരുഷോത്തം നായിഡുവുമാണ് കേസില്‍ നേരത്തെ അറസ്റ്റിലാണ്.

'ഞാന്‍ ശിവനാണ്. കൊറോണ വന്നത് എന്റെ ശരീരത്തില്‍ നിന്നാണ്. ചൈനയില്‍നിന്നല്ല. വാക്‌സീന്‍ ഉപയോഗിക്കാതെതന്നെ മാര്‍ച്ചോടെ ഇത് അവസാനിക്കും. വാക്‌സീന്റെ ആവശ്യമില്ല. എന്റെ തൊണ്ടയില്‍ വിഷമുണ്ട്. എന്നെ കോവിഡ് പരിശോധന നടത്തേണ്ട ആവശ്യമില്ല.'- പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ പത്മജ പൊലീസിനോടു പറഞ്ഞു.

ഗണിതശാസ്ത്രത്തില്‍ പിജിയുള്ള ഇവര്‍, ഐഐടി പരിശീലന കേന്ദ്രത്തിലാണു ജോലി ചെയ്തിരുന്നത്. ഏറെനേരത്തെ ശ്രമത്തിനൊടുവില്‍ പൊലീസിന്റെയും പുരുഷോത്തമിന്റെയും നിര്‍ബന്ധത്തിനു വഴങ്ങിയാണു കോവിഡ് പരിശോധനയ്ക്കു സമ്മതിച്ചത്. ഫലം വന്നിട്ടില്ല. അച്ഛനും അമ്മയും ചേര്‍ന്നാണു രണ്ടുപേരെയും കൊന്നതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ചയാണു സംഭവം.

പൊലീസിനെ വലയ്ക്കുന്ന മൊഴികളാണ് ദമ്ബതിമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മൂത്ത മകള്‍ അലേഖ്യയാണ് ഇളയവളായ സായി ദിവ്യയെ കൊലപ്പെടുത്തിയതെന്നാണ് അമ്മ പത്മജ നല്‍കിയ മൊഴി. തുടര്‍ന്ന് സായിയുടെ ആത്മാവിനോടു ചേര്‍ന്ന് അവളെ തിരികെ കൊണ്ടുവരാന്‍ തന്നെ കൊലപ്പെടുത്താന്‍ അലേഖ്യ തങ്ങളോട് ആവശ്യപ്പെടുകയായിരുന്നുവെന്നും പത്മജ പറഞ്ഞു. കലിയുഗം അവസാനിച്ച്‌ സത്യയുഗം തുടങ്ങുമ്ബോള്‍ പുനര്‍ജനിക്കുമെന്നാണ് അലേഖ്യ പറഞ്ഞതെന്നും അമ്മ പറയുന്നു. എന്നാല്‍ പൊലീസ് ഇതു വിശ്വസിക്കാന്‍ കൂട്ടാക്കിയിട്ടില്ല.

പുനര്‍ജന്മ വിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് പിജി വിദ്യാര്‍ത്ഥിയായ അലേഖ്യ (27) സംഗീത വിദ്യാര്‍ത്ഥിയായ സായി ദിവ്യ (22) എന്നിവര്‍ വീടിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. മാതാപിതാക്കളായ പുരുഷോത്തം നായിഡു, പത്മജ എന്നിവരെ അറസ്റ്റ് ചെയ്തു. പുനര്‍ജന്മത്തെക്കുറിച്ചും മറ്റും പറഞ്ഞ് പെണ്‍മക്കളെ മാതാപിതാക്കള്‍ ബ്രെയിന്‍വാഷ് ചെയ്തിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. ഇരുവരുടേയും മാനസിക നില പരിശോധിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

മക്കള്‍ പുനര്‍ജനിക്കുമെന്ന് ഒരു മന്ത്രവാദി പറഞ്ഞതായി ഇരുവരും പൊലീസിനോടു വെളിപ്പെടുത്തി. കലിയുഗം അവസാനിച്ച്‌ തിങ്കളാഴ്ച (ജനുവരി 25) മുതല്‍ സത്യയുഗം തുടങ്ങുമെന്നും മക്കള്‍ സൂര്യോദയത്തോടെ പുനര്‍ജനിക്കും എന്നും ഇവര്‍ പൊലീസിനോടു പറഞ്ഞു.

ഭോപ്പാലിലെ സെന്‍ട്രല്‍ ഫോറസ്റ്റ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് അലേഖ്യ ജോലി ചെയ്തിരുന്നത്. സംഗീതത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ദിവ്യ എ.ആര്‍.റഹ്മാന്റെ സംഗീത അക്കാദമിയില്‍ പരിശീലനം നേടിയിരുന്നു. പുരുഷോത്തം നായിഡു മദനപ്പള്ളെ ആസ്ഥാനമായുള്ള ഗവ. ഡിഗ്രി കോളജ് ഫോര്‍ വിമനിലെ പ്രിന്‍സിപ്പലാണ്.

അയല്‍വാസികള്‍ അറിയിച്ചതിനെത്തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസ്, പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണു കണ്ടത്. ഇരട്ടക്കൊലപാതകം നടന്ന സാഹചര്യങ്ങള്‍ കുടുംബത്തിന്റെ നിഗൂഢതകളിലേക്കു വിരല്‍ ചൂണ്ടുന്നതായി പൊലീസ് പറഞ്ഞു.

ചോദ്യം ചെയ്യലില്‍ പൊരുത്തമില്ലാത്തതും വിചിത്രവുമായ മൊഴികളാണു ദമ്ബതികള്‍ നല്‍കുന്നത്. പ്രകൃതിയുടെ അദൃശ്യശക്തികളാണു മക്കളെ കൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും പുനരുജ്ജീവിപ്പിക്കാന്‍ 24 മണിക്കൂര്‍ സമയം നല്‍കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു.

കൃത്യം നടത്തിയവരുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക് എന്തെങ്കിലും ചികിത്സ ആവശ്യമുണ്ടോ എന്നു പരിശോധിക്കുകയാണെന്നു ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ.രവി മനോഹര്‍ ആചാരി പറഞ്ഞു. മക്കളുടെ ആരോഗ്യത്തെക്കുറിച്ച്‌ ഇരുവര്‍ക്കും ആശങ്കയുണ്ടായിരുന്നു. കുടുംബത്തിന്റെ നല്ലതിനുവേണ്ടി കൊല നടത്തിയെന്നാണ് അവര്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top