ഗുവാഹത്തി: പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് ഐപിഎല്‍ മൈതാനത്ത് വിസ്മയം തീർക്കുകയാണ് രാജസ്ഥാൻ റോയല്‍സിന്റെ 15-കാരൻ വൈഭവ് സൂര്യവൻഷി.
മുംബൈ ഇന്ത്യൻസിനെതിരായ പോരാട്ടത്തില്‍ ലോകോത്തര ബൗളർ ജസ്പ്രീത് ബുംറയെ പോലും കടന്നാക്രമിച്ച വൈഭവിന്റെ ബാറ്റിംഗ് കരുത്തിനെ പുകഴ്ത്തി മുംബൈ പരിശീലകൻ മഹേല ജയവർധനെ രംഗത്തെത്തി.
മഴ കളി മുടക്കിയതിനെത്തുടർന്ന് 11 ഓവറായി ചുരുക്കിയ മത്സരത്തില്‍, ക്രീസിലെത്തിയ നിമിഷം മുതല്‍ വൈഭവ് വെടിക്കെട്ട് തുടങ്ങിയിരുന്നു. വെറും 14 പന്തില്‍ 39 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. വൈഭവിന്റെ വളർച്ചയില്‍ ഏറെ ആകാംക്ഷയുണ്ടെന്നും ഭാവിയില്‍ വലിയ താരംമാകാനുള്ള എല്ലാ ലക്ഷണങ്ങളും ഈ കൗമാരക്കാരനുണ്ടെന്നും ജയവർധനെ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും മികച്ച ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായ ജസ്പ്രീത് ബുംറ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രണ്ട് പടുകൂറ്റൻ സിക്സറുകളാണ് വൈഭവ് പറത്തിയത്. "കഴിഞ്ഞ വർഷത്തെ പ്രകടനത്തില്‍ നിന്ന് തന്നെ വൈഭവ് പ്രതിഭയാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ബുംറയുടെ പന്തിന്റെ ലെങ്തില്‍ വന്ന ചെറിയ പിഴവ് പോലും അവൻ മുതലാക്കി. ഞങ്ങളുടെ ബൗളർമാരെ അവൻ ശരിക്കും തകർത്തു കളഞ്ഞു," ജയവർധനെ സമ്മതിച്ചു.
യശ്വസി ജയ്സ്വാളും വൈഭവ് സൂര്യവൻഷിയും ചേർന്ന് രാജസ്ഥാന് നല്‍കിയത് സ്വപ്നതുല്യമായ തുടക്കമാണ്. വെറും 5 ഓവറില്‍ 80 റണ്‍സാണ് ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റില്‍ അടിച്ചെടുത്തത്. ഇതിനിടെ ടീം സ്കോർ വെറും 2.4 ഓവറില്‍ 50 കടന്നു. 14 പന്തില്‍ നിന്ന് 39 റണ്‍സ് നേടി സൂര്യവൻഷി വെടിക്കെട്ടിന് തുടക്കമിട്ടപ്പോള്‍, മറുവശത്ത് 32 പന്തില്‍ പുറത്താകാതെ 77 റണ്‍സുമായി ജയ്സ്വാള്‍ തിളങ്ങി. ജയ്സ്വാള്‍ അവസാനം വരെ ക്രീസില്‍ നിലയുറപ്പിച്ചത് മത്സരഫലത്തില്‍ നിർണ്ണായകമായെന്ന് മുംബൈ പരിശീലകൻ മഹേല ജയവർധനെ വിലയിരുത്തുകയും ചെയ്തു.
ഈ സീസണില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് 40-ന് മുകളില്‍ ശരാശരിയില്‍ 122 റണ്‍സ് വൈഭവ് നേടിയിട്ടുണ്ട്. നേരത്തെ വെറും 15 പന്തില്‍ അർധസെഞ്ച്വറി നേടി താരം റെക്കോർഡ് ഇട്ടിരുന്നു. രാജസ്ഥാൻ ഉയർത്തിയ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 27 റണ്‍സിന്റെ വിജയവുമായി രാജസ്ഥാൻ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.

