Dailyhunt
ഒടുവില്‍ ടിമ്മി ആഴക്കടലിലേക്ക്; രക്ഷകരായി ജര്‍മ്മന്‍ കോടീശ്വരന്മാര്‍; ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആ 'ബിഗ് റെസ്‌ക്യൂ' ഓപ്പറേഷന്‍ ഇങ്ങനെ!

ഒടുവില്‍ ടിമ്മി ആഴക്കടലിലേക്ക്; രക്ഷകരായി ജര്‍മ്മന്‍ കോടീശ്വരന്മാര്‍; ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആ 'ബിഗ് റെസ്‌ക്യൂ' ഓപ്പറേഷന്‍ ഇങ്ങനെ!

ബെര്‍ലിന്‍: ആഴ്ചകളോളം മരണത്തോട് മല്ലിട്ട് ജര്‍മ്മന്‍ തീരത്ത് കുടുങ്ങിക്കിടന്ന 'ടിമ്മി' എന്ന കൂറ്റന്‍ തിമിംഗലം ഒടുവില്‍ ജീവിതത്തിലേക്ക് നീന്തിക്കയറി.

40 അടി നീളവും 26,000 പൗണ്ട് ഭാരവുമുള്ള ഈ കൂനന്‍ തിമിംഗലത്തിന്റെ രക്ഷാപ്രവര്‍ത്തനം ലോക മാധ്യമങ്ങള്‍ ഒന്നടങ്കം നെഞ്ചിടിപ്പോടെയാണ് തത്സമയം സംപ്രേഷണം ചെയ്തത്. പോയല്‍ ദ്വീപിലെ ടിമ്മെന്‍ഡോര്‍ഫ് ബീച്ചില്‍ കുടുങ്ങിയ തിമിംഗലത്തെ സങ്കീര്‍ണ്ണമായ ദൗത്യത്തിനൊടുവില്‍ വടക്കന്‍ കടലില്‍ സ്വതന്ത്രമാക്കി.

സാധാരണ കൂനന്‍ തിമിംഗലങ്ങള്‍ കാണപ്പെടാത്ത ബാള്‍ട്ടിക് കടലില്‍ എത്തിയതായിരുന്നു ടിമ്മിക്ക് വിനയായത്. മാര്‍ച്ച്‌ 23 മുതല്‍ ആഴം കുറഞ്ഞ വെള്ളത്തില്‍ കുടുങ്ങിയ തിമിംഗലത്തിന്റെ ആരോഗ്യനില തീര്‍ത്തും മോശമായിരുന്നു. വലയില്‍ കുടുങ്ങിയതും ചര്‍മ്മരോഗം ബാധിച്ചതും ടിമ്മിയെ അവശനാക്കി. നാല് തവണ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ, തിമിംഗലത്തെ ദയാവധത്തിന് വിധേയമാക്കാന്‍ പോലും അധികൃതര്‍ ആലോചിച്ചിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനുള്ള ഭീമമായ ചിലവ് ഏറ്റെടുത്ത് മീഡിയമാര്‍ക്ക് സ്ഥാപകന്‍ വാള്‍ട്ടര്‍ ഗണ്‍സ് ഉള്‍പ്പെടെയുള്ള രണ്ട് ജര്‍മ്മന്‍ കോടീശ്വരന്മാര്‍ രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. വെള്ളം നിറച്ച കൂറ്റന്‍ ബാര്‍ജിലേക്ക് തിമിംഗലത്തെ സാഹസികമായി കയറ്റുകയായിരുന്നു. തുടര്‍ന്ന് ഡെന്മാര്‍ക്കിന്റെ വടക്കേ അറ്റം വഴി 200 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ആഴക്കടലിലെത്തിച്ച്‌ ടിമ്മിയെ മോചിപ്പിച്ചു. ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണ്ണമായ മൃഗസംരക്ഷണ ദൗത്യങ്ങളിലൊന്നായിരുന്നു ഇത്.

ആയിരക്കണക്കിന് ആളുകള്‍ സാക്ഷിയായ ആവേശകരമായ നിമിഷത്തിനൊടുവില്‍ ടിമ്മി ആഴക്കടലിലേക്ക് നീന്തിപ്പോയെങ്കിലും ആശങ്കകള്‍ ബാക്കിയാണ്. ആഴ്ചകളോളം പട്ടിണി കിടന്നതും ബാധിച്ച അസുഖങ്ങളും തിമിംഗലത്തെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ടിമ്മി എത്രകാലം അതിജീവിക്കുമെന്ന കാര്യത്തില്‍ നിരീക്ഷകര്‍ക്ക് ഇപ്പോഴും പൂര്‍ണ്ണ വിശ്വാസമില്ല. എങ്കിലും ആ പോരാട്ടവീര്യത്തിന് മുന്നില്‍ കൈയടിക്കുകയാണ് ഇപ്പോള്‍ ലോകം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali