തിരുവനന്തപുരം: തലമുറകളെ തന്നെ ഇല്ലാതാക്കുന്ന ലഹരി മാഫിയയുടെ വേരറുക്കാനായി കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട 'ഓപ്പറേഷന്‍ തൂഫാന്‍; ദി നാര്‍ക്കോ ഹണ്ട്'ന്റെ സംസ്ഥാനതല ഉദ്ഘാടനം ചെവ്വാഴ്ച്ച നടക്കും.
ആഭ്യന്തരമന്ത്രിയായി ചുമതല ഏറ്റെടുത്ത ആദ്യ മണിക്കൂറുകളില്‍ തന്നെ മന്ത്രി രമേശ് ചെന്നിത്തല പോലീസ് ആസ്ഥാനത്തുവച്ച് ഓപ്പറേഷന്‍ തൂഫാന്‍ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ വലിയ പദ്ധതിയായ ഓപ്പറേഷന്‍ തൂഫാനിലൂടെ ലഹരിമാഫിയകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീര്‍ക്കുക എന്നിവയാണ് കേരള പോലീസ് ലക്ഷ്യമിടുന്നത്. ഇതിനായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനം ആഭ്യന്തരവകുപ്പ് നിര്‍വഹിക്കും.
സിന്തറ്റിക് ഡ്രഗ്സിന്റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലഹരി മാഫിയകള്‍ക്ക് നിയമത്തിന്റെ കര്‍ക്കശമായ മുന്നറിയിപ്പ് നല്‍കുന്നതിനൊപ്പം, സാധാരണക്കാര്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വബോധം ഉറപ്പാക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ആധുനിക അന്വേഷണ രീതികളും ദക്ഷിണേന്ത്യയിലെ വിവിധ ആഭ്യന്തര വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കും. ലഹരി മരുന്ന് വ്യാപനം വേരോടെ അറുക്കാനും, ഇവയുടെ ഉപയോഗത്തെക്കുറിച്ച് അതിവേഗം വിവരം ലഭ്യമാക്കാനും വേണ്ടി ഒരു ഡിജിറ്റല്‍ എനേബിള്‍ഡ് സിസ്റ്റം സ്ഥാപിക്കും.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമായി കൈമാറാന്‍ ആപ്പുകളും വാട്‌സാപ്പ് ചാറ്റ്ബോട്ടുകളും അടങ്ങുന്ന വിപുലമായ ഡിജിറ്റല്‍ സര്‍വൈലന്‍സ് സംവിധാനം സജ്ജമാക്കും. ക്യാമ്പസുകളിലെയും റസിഡന്‍ഷ്യല്‍ മേഖലകളിലെയും മലിനജല പരിശോധന വഴി ഹോട്ട്സ്‌പോട്ടുകള്‍ കണ്ടെത്തി ഡ്രോണുകളുടെ സഹായത്തോടെ സ്മാര്‍ട്ട് പട്രോളിംഗ് നടത്താനും പദ്ധതിയുണ്ട്. കൂടാതെ, സ്‌കൂള്‍ തലത്തില്‍ പ്രത്യേക കരിക്കുലം നടപ്പിലാക്കിയും, ലഹരി മാഫിയയില്‍ നിന്ന് സ്വത്തുക്കള്‍ കണ്ടുകെട്ടിയും ലഹരിക്കെതിരായ പോരാട്ടത്തെ ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റാനാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്.
കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങളെ വേരോടെ പിഴുതെറിയാന്‍ ആവശ്യമായ നടപടികള്‍ കേരള പോലീസ് ഓപ്പറേഷന്‍ തൂഫാനിലൂടെ സ്വീകരിക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍, വില്‍ക്കുന്നവര്‍, ഉറവിടങ്ങള്‍, പ്രചാരകര്‍ എല്ലാം കര്‍ശന നിരീക്ഷണത്തിലാക്കും. അന്തര്‍സംസ്ഥാന ലഹരി മാഫിയക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായി ഏകോപിതമായി പ്രവര്‍ത്തിക്കും. കെമിക്കല്‍, സിന്തറ്റിക് നാര്‍ക്കോട്ടിക്സ്, ഹൈബ്രിഡ് ഗഞ്ച എന്നിവയുടെ ഒഴുക്ക് തടയാന്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. സ്‌കൂള്‍ പരിസരങ്ങളിലെ പുകയില വില്‍പനയ്ക്കും ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, ഡി.ജെ. പാര്‍ട്ടികള്‍, കായലുകളിലെയും കടലിലെയും പാര്‍ട്ടികളിലെയും ലഹരി ഉപയോഗത്തിനും വില്‍പനയ്ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും.
'ഓപ്പറേഷന്‍ തൂഫാന്‍'ന് ജൂണ്‍ 2ന് ഔദ്യോഗിക തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി. ഡി. സതീശന്‍ നിര്‍വ്വഹിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ. മുരളീധരന്‍, വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍, എക്സൈസ് മന്ത്രി എം. ലിജു, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

