Monday, 20 Jan, 7.35 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
ഓര്‍ക്കാപ്പുറത്ത് 'കോടീശ്വരന്‍' ആയപ്പോള്‍ തജ്മുല്‍ ഹഖിന് സന്തോഷത്തേക്കാള്‍ കൂടുതല്‍ വന്നത് ഭയം; അപായപ്പെടുത്തി ലോട്ടറി ടിക്കറ്റ് അടിച്ചുമാറ്റുമോ എന്ന ഭയത്താല്‍ നേരെ അഭയം തേടിയത് പൊലീസ് സ്‌റ്റേഷനില്‍; ടിക്കറ്റ് നമ്ബര്‍ പരിശോധിച്ച പൊലീസുകാര്‍ എസ്‌ഐക്കൊപ്പം തജ്മുല്‍ ഹഖിനെയും കൂട്ടി ബാങ്കിലെത്തി ടിക്കറ്റ് സമര്‍പ്പിച്ചു; പ്രാരബ്ധം കൊണ്ടു പൊറുതിമുട്ടുന്നതിനിടെ ഭാഗ്യദേവത കടാക്ഷിച്ചപ്പോള്‍ സഹായിച്ച പൊലീസുകാര്‍ക്കും നന്ദി പറഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി

ഫറോക്ക്: കേരളാ ഭാഗ്യക്കുറിയുടെ കാരുണ്യത്തില്‍ കോടീശ്വരനായി മാറിയ ഇതര സംസ്ഥാന തൊഴിലാളി പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടിയത് ജീവന്‍ ഭയന്ന്. കോടീശ്വരനായെന്ന് അറിഞ്ഞതോടെ തന്നെ ആരെങ്കിലും കബളിപ്പിക്കുമോ എന്ന ഭയമായിരുന്നു തജ്മുല്‍ ഹഖിന്. ലോട്ടറി അടിച്ചെന്ന് അറിഞ്ഞാല്‍ അപായപ്പെടുത്തി ടിക്കറ്റ് അടിച്ചുമാറ്റാനും തയ്യാറായവര്‍ ഉണ്ടായേക്കുമെന്ന് ഭയന്ന തജ്മുല്‍ ഒടുവില്‍ കേരളാ പൊലീസില്‍ അഭയം തേടുകയായിരുന്നു.

ശനിയാഴ്‌ച്ച നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് ബംഗാള്‍ ഉത്തര്‍ ദിനജ്പുര്‍ പഞ്ചബയ്യ സ്വദേശി തജ്മുല്‍ ഹഖ്(34)ന് ലഭിച്ത്. ടിക്കറ്റുമായി നല്ലളം പൊലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു അദ്ദേഹം. വട്ടക്കിണറില്‍ നിന്ന് ഇദ്ദേഹം വാങ്ങിയ കാരുണ്യയുടെ കെആര്‍ 431 സീരിസിലെ കെഒ 828847 നമ്ബര്‍ ടിക്കറ്റിനാണു ഒന്നാം സമ്മാനം. നറുക്കെടുപ്പിനു ശേഷം വൈകിട്ട് ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ഒരു കോടി രൂപ ലഭിച്ചത് അറിഞ്ഞത്. ഉടന്‍ സുഹൃത്തിനെയും കൂട്ടി പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം പറഞ്ഞു.

ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ കെ.രഘുകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ടിക്കറ്റ് പരിശോധിച്ചു ഉറപ്പു വരുത്തി. പിന്നീട് എസ്‌ഐ യു.സനീഷും സംഘവും തജ്മുല്‍ ഹഖിനെയും കൂട്ടി സിന്‍ഡിക്കേറ്റ് ബാങ്ക് മാവൂര്‍ റോഡ് ശാഖയില്‍ എത്തി സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്ക് അധികൃതരെ ഏല്‍പിച്ചു. 10 വര്‍ഷമായി മാത്തോട്ടത്ത് വാടകയ്ക്കു താമസിക്കുന്ന തജ്മുല്‍ ഹഖ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്.

ഏറെക്കാലമായി ലോട്ടറി വാങ്ങല്‍ പതിവാക്കിയ ഇദ്ദേഹം, ചില ദിവസങ്ങളില്‍ 100 രൂപ വരെ ഭാഗ്യ പരീക്ഷണത്തിനു ചെലവാക്കുമെങ്കിലും ഒന്നാം സമ്മാനം കിട്ടുന്നത് ഇതാദ്യം. ഭാര്യയും 3 മക്കളുമുണ്ട്. പ്രാരബ്ധം കൊണ്ടു പൊറുതിമുട്ടുന്നതിനിടെയാണു ഭാഗ്യദേവതയുടെ കടാക്ഷം. സമ്മാനാര്‍ഹമായ ടിക്കറ്റ് സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കാന്‍ സഹായിച്ച പൊലീസിനു നന്ദി പറഞ്ഞ ഹഖ് സമ്മാനം ലഭിച്ച വിവരം നാട്ടിലെ കുടുംബത്തെ അറിയിച്ചു സന്തോഷം പങ്കിട്ടു.

നിര്‍മ്മാണ തൊഴിലാളിയായ തജ്മുലിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. 10 വര്‍ഷമായി മാത്തോട്ടത്ത് വാടകയ്ക്ക് താമസിക്കുകയാണ് തജ്മുലും കുടുംബവും. ഇനി സ്വന്തമായൊരു വീടു വേണം എന്നതാണ് തജ്മുലിന്റെ ആഗ്രഹം. അത് തനിക്ക് ഭാഗ്യം കൊണ്ടുവന്ന കേരളത്തില്‍ വേണോ ബംഗാളില്‍ വേണോ എന്ന ആശയക്കുഴപ്പത്തിലാണ് യുവാവ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top