Dailyhunt
'ഓരോ ചുവടിലും മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും ഓര്‍ക്കണം'; ആരാധന മൂത്ത് ജീവിതം കളയരുത്, നഷ്ടം അവരവര്‍ക്ക് തന്നെയായിരിക്കും; ആരാധകര്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത്

'ഓരോ ചുവടിലും മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും ഓര്‍ക്കണം'; ആരാധന മൂത്ത് ജീവിതം കളയരുത്, നഷ്ടം അവരവര്‍ക്ക് തന്നെയായിരിക്കും; ആരാധകര്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത്

ചെന്നൈ: സിനിമ താരങ്ങളോടുള്ള അമിത ആരാധന സ്വന്തം ജീവിതത്തെ ബാധിക്കരുതെന്ന് ആരാധകർക്ക് സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഉപദേശം.

താരങ്ങളെ പിന്തുടരുന്നതിനിടയില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അത് ബാധിക്കുന്നത് താരങ്ങളെയല്ല, മറിച്ച്‌ ആരാധകരെയും അവരുടെ കുടുംബത്തെയുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവാക്കള്‍ തങ്ങളുടെ വിദ്യാഭ്യാസത്തിലും ഭാവിയിലുമാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് രജനി പറഞ്ഞു. ജീവിതത്തിന്റെ ഈ സുപ്രധാന ഘട്ടത്തില്‍ പഠനത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. അടുത്തിടെ കരൂരില്‍ ടിവികെ പാർട്ടി റാലിക്കിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും സ്വന്തം സുരക്ഷയ്ക്കായിരിക്കണം ഒന്നാം മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"യുവാക്കള്‍ ജാഗ്രത പാലിക്കണം. അപകടം പറ്റിയാല്‍ നഷ്ടം നിങ്ങള്‍ക്ക് മാത്രമാണ്. നിങ്ങളുടെ ഓരോ ചുവടിലും പിന്നിലുള്ള മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും ഓർക്കണം." - രജനികാന്ത്. മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെടരുതെന്ന് യുവാക്കളോട് രജനി പ്രത്യേകം അഭ്യർത്ഥിച്ചു. "ലഹരി നിങ്ങളുടെ ജീവിതം മാത്രമല്ല, നിങ്ങളുടെ കുടുംബത്തിന്റെ സമാധാനം കൂടി തകർക്കും. ജീവിതം നരകതുല്യമാക്കാൻ ലഹരിക്ക് സാധിക്കും. ഇത്തരം ശീലങ്ങളിലേക്ക് നിങ്ങളെ നയിക്കുന്ന സുഹൃത്തുക്കളുണ്ടെങ്കില്‍ അവരില്‍ നിന്ന് കൃത്യമായ അകലം പാലിക്കണം," അദ്ദേഹം വ്യക്തമാക്കി.

വിജയ് ചിത്രം 'ജന നായകൻ' റിലീസിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് രജനികാന്ത് ഒഴിഞ്ഞുമാറി. "ജന നായകനെക്കുറിച്ച്‌ നിലവില്‍ അഭിപ്രായങ്ങളൊന്നുമില്ല, അതിനെക്കുറിച്ച്‌ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല," എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നെല്‍സണ്‍ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2' വിന്റെ തിരക്കുകളിലാണ് താരം ഇപ്പോള്‍. ചിത്രം ഉടൻ തിയേറ്ററുകളിലെത്തുമെന്ന ആവേശത്തിലാണ് സിനിമാ ലോകം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali