തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാര്‍ത്താസമ്മേളനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സ്വീകാര്യതയും പ്രചാരണവും ഉറപ്പാക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ രഹസ്യ നീക്കം.
ഫെയ്സ്ബുക്കിലും യൂട്യൂബിലും പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനങ്ങളുടെ തത്സമയ സംപ്രേഷണം (ലൈവ്) വരുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ലൈക്കും കമന്റും ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന കമ്മിറ്റി നല്‍കിയ ആഭ്യന്തര നിര്‍ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്ന് വ്യാപകമായി ചര്‍ച്ചയാകുന്നത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഗ്രൂപ്പുകള്‍ക്ക് മാത്രം കൈമാറിയ സര്‍ക്കുലറിലെ വിവരങ്ങളാണ് പുറത്തുവന്നത്. പ്രതിപക്ഷ നേതാവിന്റെ ലൈവ് വീഡിയോകള്‍ക്ക് താഴെ യു.ഡി.എഫ് സൈബര്‍ അണികള്‍ ബോധപൂര്‍വ്വം നെഗറ്റീവ് കമന്റുകള്‍ ഇടുന്നത് പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന കമ്മിറ്റി ഈ അടിയന്തര ഇടപെടല്‍ നടത്തിയത്. 'Pinarayi Vijayan', 'CPIM Kerala', 'CPIM Ernakulam DC' എന്നീ ഔദ്യോഗിക പേജുകളില്‍ വരുന്ന ലൈവ് സ്ട്രീമുകളില്‍ ഓരോ സഖാവും കുറഞ്ഞത് രണ്ട് പോസിറ്റീവ് കമന്റുകളെങ്കിലും രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം. പാര്‍ട്ടിയിലെ ഏരിയ കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റി ചുമതലകള്‍ നിര്‍വഹിക്കുന്നവര്‍ തങ്ങളുടെ പരിധിയിലുള്ള പ്രവര്‍ത്തകര്‍ ഇത് ചെയ്യുന്നുണ്ടെന്ന് കൃത്യമായി ഉറപ്പുവരുത്തണമെന്നും ചോര്‍ന്ന സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
പാര്‍ട്ടിക്ക് കീഴിലുള്ള പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളുടെ ഗ്രൂപ്പുകളില്‍ അടക്കം സംസ്ഥാന കമ്മിറ്റിയുടേത് എന്ന രീതിയില്‍ പങ്കുവെച്ച നിര്‍ദേശങ്ങളാണ് പിന്നീട് പരസ്യമായത്. ഈ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കണമെന്നും പാര്‍ട്ടി ഗ്രൂപ്പുകളില്‍ മാത്രം നല്‍കണമെന്നും കീഴ്ഘടകങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും, ആഭ്യന്തര ഗ്രൂപ്പുകളില്‍ നിന്ന് സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ പിണറായി വിജയന്‍ സൈബര്‍ ലോകത്ത് നിരന്തരം വിമര്‍ശിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥന കമ്മിറ്റിയുടെ നിര്‍ദേശം

