കാസർകോട്: ബെള്ളൂർ പള്ളപ്പാടിയില്‍ ഭർതൃമതിയായ യുവതിയെ ഭർതൃവീട്ടിലെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യയും കർണാടക പുത്തൂർ സ്വദേശിനിയുമായ സെറീന (27) ആണ് മരണപ്പെട്ടത്.
ബുധനാഴ്ചയായിരുന്നു നാടിനെ സങ്കടത്തിലാഴ്ത്തിയ ഈ സംഭവം നടന്നത്. ഷെഡില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ സെറീനയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവതിയുടെ മരണം ഗാർഹിക പീഡനത്തെ തുടർന്നാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സെറീന മരണപ്പെട്ട വിവരം ഭർത്താവിന്റെ വീട്ടുകാരാണ് ഫോണ്‍ മുഖേന യുവതിയുടെ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ മരണത്തില്‍ വലിയ അസ്വാഭാവികത തോന്നിയതിനെ തുടർന്ന്, സെറീനയുടെ സഹോദരനും ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ സ്വദേശിയുമായ അബ്ദുല്‍ റഹ്മാൻ ആദൂർ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നല്‍കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് വർഷങ്ങള്‍ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിന്റെ പേരില്‍ ഭർതൃമാതാവ് സെറീനയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. കുട്ടികളില്ല എന്ന പേര് പറഞ്ഞ് ഭർതൃമാതാവ് മറ്റുള്ളവരുടെ മുന്നില്‍ വെച്ച് സെറീനയെ ക്രൂരമായി അപമാനിക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ ഉള്ളത്. ഈ കടുത്ത മാനസിക പീഡനം സഹിക്കാതെ വന്നതോടെയാണ് സെറീന ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ അബ്‌ദുള്‍ റഹ്മാൻ പറഞ്ഞു.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദൂർ പൊലീസ് സബ് ഇൻസ്പെക്ടർ എം. സുജിലേഷ് ആണ് കേസിന്റെ പ്രാഥമിക അന്വേഷണം നടത്തുന്നത്. യുവതിയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനായി ഭർതൃവീട്ടുകാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കേസിന്റെ തുടർ നടപടികള്‍ക്കായി പൊലീസ് നിലവില്‍ റിപ്പോർട്ട് കാസർകോട് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറിയിരിക്കുകയാണ്. മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ട സാഹചര്യത്തില്‍, നിയമപ്രകാരമുള്ള ഇൻക്വസ്റ്റ് ഉള്‍പ്പെടെയുള്ള തുടരന്വേഷണ നടപടികള്‍ പൊലീസ് വളരെ വേഗത്തിലാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

