Thursday, 05 Aug, 2.27 pm മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
പാലും ഇന്ധനവും വാങ്ങുന്നവരും നികുതി അടയ്ക്കുമ്ബോള്‍ താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം; ഏഴ് കോടിയുടെ റോള്‍സ് റോയ്‌സ് കാറിന് പ്രവേശന നികുതി ഒഴിവാക്കാന്‍ ശ്രമിച്ച ധനുഷിനെയും കുടഞ്ഞ് മദ്രാസ് ഹൈക്കോടതി; വിജയ്ക്ക് പിന്നാലെ നികുതിപ്രശ്‌നത്തില്‍ വെട്ടിലായി ധനുഷും

ചെന്നൈ: കോടികളുടെ ആഡംബര കാറുകള്‍ വാങ്ങുമ്ബോള്‍ സിനിമാ താരങ്ങള്‍ക്ക് മാത്രം പ്രത്യേകം നികുതി ഇളവ് നല്‍കുന്നത് എങ്ങനെ? കോടതിയില്‍ എത്തി തെന്നിന്ത്യന്‍ താരങ്ങള്‍ പ്രഹരം ഏറ്റുവാങ്ങുന്നത് പതിവായി മാറിയിരിക്കയാണിപ്പോള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ കോടതിയുടെ പ്രഹരം ഏറ്റുവാങ്ങിയിരിക്കുന്നത് തമിഴ്‌നാടന്‍ ധനുഷാണ്. ഏഴ് കോടി രൂപയോളം വില വരുന്ന റോള്‍സ് റോയ്‌സ് കാറിന് നികുതി ഇളവു തേടിയാണ് ധനുഷ് വെട്ടിലായിരിക്കുന്നത്. ഹര്‍ജിയുമായി എത്തിയ ധനുഷിന് മദ്രാസ് ഹൈക്കോടതി കനത്ത പ്രഹരം തന്നെ നല്‍കി.

ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഇളവു തേടിയ നടന്‍ വിജയ്ക്കു പിന്നാലെ ഇതേ ആവശ്യവുമായി എത്തിയപ്പോഴാണ് ധനുഷിന് കടുത്ത വിമര്‍ശനം കേള്‍ക്കേണ്ടി വന്നത്. പാല്‍ വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും പരാതിയില്ലാതെ നികുതി അടയ്ക്കുമ്ബോള്‍ താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നു ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യന്‍ പ്രതികരിച്ചു.

വിലകൂടിയ കാറുമായി റോഡിലിറങ്ങുമ്ബോള്‍ ആ റോഡ് ഇത്തരം നികുതി പണം കൊണ്ടു നിര്‍മ്മിച്ചതാണെന്ന് ഓര്‍ക്കണം. പ്രവേശന നികുതിയുടെ കാര്യത്തില്‍ അതതു സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ നികുതി പൂര്‍ണമായും അടയ്ക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ഹര്‍ജിയില്‍ ധനുഷിന്റെ ജോലി സൂചിപ്പിക്കാത്തതും കോടതിയെ ചൊടിപ്പിച്ചു. എന്തു കൊണ്ടാണു സത്യവാങ്മൂലത്തില്‍ ജോലി വിവരം ചേര്‍ക്കാതിരുന്നതെന്നു നാളെ കോടതിയില്‍ വിശദമാക്കണമെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യന്‍ പറഞ്ഞു.

2015ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിനു പ്രവേശന നികുതി ചുമത്തിയതു ചോദ്യം ചെയ്താണ് ധനുഷ് കോടതിയെ സമീപിച്ചത്. ഇന്നു രാവിലെ കോടതി കേസ് പരിഗണിച്ചപ്പോള്‍ നികുതി പൂര്‍ണമായും അടയ്ക്കാന്‍ തയാറാണെന്നും കേസ് പിന്‍വലിക്കുകയാണെന്നും ധനുഷിന്റെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും സിനിമാ താരങ്ങള്‍ നികുതി ഇളവിനു വേണ്ടി കോടതിയിലെത്തിയതിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.

വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത കാറിന്റെ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ കൊമേഴ്ഷ്യല്‍ ടാക്‌സ് വിഭാഗത്തിന്റെ എന്‍ഒസി ആവശ്യപ്പെട്ടതോടെയാണു 2015ല്‍ ധനുഷ് കോടതിയെ സമീപിച്ചത്. എന്‍ഒസി ലഭിക്കാന്‍ 60.66 ലക്ഷം രൂപ നികുതി അടയ്ക്കണമെന്നു കൊമേഴ്ഷ്യല്‍ ടാക്‌സ് വിഭാഗം ആവശ്യപ്പെട്ടിരുന്നു.

റിട്ട് ഹര്‍ജി നല്‍കിയതിനു പിന്നാലെ നികുതി തുകയുടെ 50 ശതമാനം രണ്ട് ആഴ്ചയ്ക്കുള്ളില്‍ അടയ്ക്കാന്‍ ധനുഷിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീടു സമയപരിധി നീട്ടി നല്‍കുകയും ധനുഷ് 30.33 ലക്ഷം രൂപ അടയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജസ്റ്റിസ് എം. ദുരൈസ്വാമി ആര്‍ടിഒയ്ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top