തിരുവനന്തപുരം: പോലീസ് സംരക്ഷണയോടെ പരോളിലിറങ്ങി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടോ എന്ന തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ ആര്‍.
സുഗതന്റെ ചോദ്യത്തിന് മറുപടി നല്‍കുന്നതിലാണ് ഉദ്യോഗസ്ഥ ഗുരുതരമായ വീഴ്ച വരുത്തിയത്. പരോള്‍ ലഭിക്കില്ല എന്ന് മാത്രം മറുപടി നല്‍കേണ്ടതിന് പകരം, അയോഗ്യത ഒഴിവാക്കാനുള്ള വഴി കൂടി ഉദ്യോഗസ്ഥ അങ്ങോട്ട് നിര്‍ദ്ദേശിക്കുകയായിരുന്നു. കൗണ്‍സിലില്‍ അവധി അപേക്ഷ നല്‍കി അത് വോട്ടെടുപ്പിലൂടെ പാസാക്കിയാല്‍ അംഗത്വം സുരക്ഷിതമാക്കാം എന്നായിരുന്നു ഈ കത്തിലെ പ്രധാന ഉള്ളടക്കം.
ഈ അസാധാരണ നടപടിയുടെ പേരിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ചിത്രയെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് അടിയന്തരമായി സസ്പെന്‍ഡ് ചെയ്തത്. കാപ്പ (ഗഅഅജഅ) നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിയുന്ന പ്രതിക്ക് നിയമപരമായി അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് പ്രധാന കണ്ടെത്തല്‍. വകുപ്പ് മന്ത്രിയുടെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ മറികടന്നുകൊണ്ടാണ് ഉദ്യോഗസ്ഥ ഈ വഴിവിട്ട സഹായം ചെയ്തത്.
ഫയലുകളില്‍ ദുരുദ്ദേശപരമായി മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തിയാണ് ഡോ. ചിത്ര കത്ത് തയ്യാറാക്കിയതെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ കൃത്യമായി വ്യക്തമാക്കുന്നുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള, കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് ജനപ്രതിനിധി സ്ഥാനം എങ്ങനെ നിലനിര്‍ത്താമെന്ന് സര്‍ക്കാര്‍ സംവിധാനം തന്നെ ഉപദേശം നല്‍കിയത് വലിയ ഭരണഘടനാപരവും ധാര്‍മ്മികവുമായ ചോദ്യങ്ങളാണ് ഉയര്‍ത്തിയത്.
എന്നാല്‍ വിവാദ കത്ത് നല്‍കിയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ മാത്രം പിഴവാണെന്ന് വരുത്തിതീര്‍ക്കാനാണ് ഇപ്പോള്‍ മന്ത്രിമാരുടെ ശ്രമമെന്ന ആക്ഷേപവും ശക്തമാണ്. തദ്ദേശ വകുപ്പ് നിരസിച്ച അപേക്ഷ ആഭ്യന്തരവകുപ്പ് അംഗീകരിച്ചത് ചില ഉദ്യോഗസ്ഥരുടെ ഒത്തുകളിയിലൂടെയാണെന്ന് ചൂണ്ടിക്കാട്ടി തലയൂരാനുള്ള ശ്രമം വകുപ്പ് മന്ത്രി കെ.എം. ഷാജി നേരത്തെ തന്നെ നടത്തിയിരുന്നു. ആഭ്യന്തര മന്ത്രിയും ഉദ്യോഗസ്ഥ തലത്തിലെ പിഴവാണെന്ന ന്യായമാണ് ഈ വിഷയത്തില്‍ നിരത്തുന്നത്.
അതേസമയം, സമാനമായ വീഴ്ച വരുത്തിയതിന് ആഭ്യന്തര വകുപ്പിലെ അണ്ടര്‍ സെക്രട്ടറിക്ക് എതിരെയും ഇപ്പോള്‍ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. തദ്ദേശ വകുപ്പ് തയ്യാറാക്കി നല്‍കിയ വിവാദ കത്ത് യാതൊരുവിധ പരിശോധനകളും കൂടാതെ അതേപടി പകര്‍ത്തി നല്‍കിയെന്നതാണ് ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥനെതിരെയുള്ള ഗുരുതരമായ ആരോപണം.
തദ്ദേശ വകുപ്പ് നല്‍കിയ കത്ത് ആഭ്യന്തര വകുപ്പ് ഒരു പരിശോധനയുമില്ലാതെ കൈമാറിയതില്‍ ആഭ്യന്തര മന്ത്രിക്കും കടുത്ത വിയോജിപ്പുണ്ടായിരുന്നു. ഒരു ഉദ്യോഗസ്ഥയ്ക്ക് മാത്രം ഇത്രയും വലിയൊരു തിരിമറി ഒറ്റയ്ക്ക് നടത്താനാകുമോ എന്ന സംശയവും പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. നിലവില്‍ ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് എതിരായ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെ കൂടുതല്‍ അച്ചടക്ക നടപടികള്‍ ഉണ്ടായേക്കാം.
നഗരസഭാ കൗണ്‍സിലില്‍ മേയര്‍ വി.വി. രാജേഷ് ഈ കത്താണ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമെതിരെ പ്രധാന ആയുധമാക്കിയത്. സുഗതനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍, അദ്ദേഹത്തിന് നിര്‍ണ്ണായകമായ രക്ഷാകവചം ഒരുക്കിയത് തദ്ദേശ വകുപ്പില്‍ നിന്ന് ലഭിച്ച ഈ ഔദ്യോഗിക കത്തായിരുന്നു.
ഈ വിഷയത്തെച്ചൊല്ലി മുന്‍പ് നടന്ന തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗങ്ങളില്‍ വലിയ സംഘര്‍ഷങ്ങളും കയ്യാങ്കളിയുമാണ് അരങ്ങേറിയത്. ജയിലില്‍ കിടക്കുന്ന കൗണ്‍സിലര്‍ക്ക് അനുകൂലമായി മേയര്‍ നിലപാട് എടുത്തതോടെ നഗരസഭയുടെ സുഗമമായ പ്രവര്‍ത്തനം തന്നെ ദിവസങ്ങളോളം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി.
സുഗതന് അവധി നല്‍കി കോര്‍പ്പറേഷനില്‍ ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി-യെ സഹായിക്കുന്നത് പഴയ 'കോലീബി' (കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി) സഖ്യമാണെന്ന വിമര്‍ശനം ഇതിനിടെ അതിരൂക്ഷമായി ഉയര്‍ന്നിരുന്നു. ഈ രാഷ്ട്രീയ ആരോപണം സര്‍ക്കാരിനെയും ഭരണമുന്നണിയെയും വലിയ തോതില്‍ പ്രതിരോധത്തിലാക്കുകയും ചെയ്തു.
കോലീബി സഖ്യ ആരോപണം കടുത്തതോടെയാണ് വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്ത് മുഖംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി തീരുമാനിച്ചത്. ഉദ്യോഗസ്ഥരെ ബലിയാടാക്കി രാഷ്ട്രീയ നേതൃത്വം തടിയൂരുകയാണെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം നിലനില്‍ക്കെത്തന്നെയാണ് ആഭ്യന്തര വകുപ്പിലെ അന്വേഷണവും പുരോഗമിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് മേല്‍ പഴിചാരി വിവാദം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

