Monday, 14 Jun, 6.30 pm മറുനാടന്‍ മലയാളി

ഇന്ത്യ
പശുക്കടത്ത് ആരോപിച്ച്‌ രാജസ്ഥാനില്‍ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു; ആക്രമണത്തില്‍ മറ്റൊരാള്‍ക്ക് പരിക്ക്; മൊബൈല്‍ ഫോണുകളും രേഖകളും കവര്‍ന്നു

ജയ്പുര്‍: പശുക്കടത്ത് ആരോപിച്ച്‌ രാജസ്ഥാനിലെ ചിറ്റോര്‍ഗഡില്‍ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശ് ആച്ചാല്‍പുര്‍ സ്വദേശിയായ ബാബുലാല്‍ ഭില്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളോടൊപ്പമുണ്ടായിരുന്ന പിന്റു എന്നയാള്‍ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.

വാഹനത്തില്‍ സഞ്ചരിക്കവേ ബേഗു എന്ന സ്ഥലത്ത് വച്ചാണ് ആക്രമണമുണ്ടായത്. പശുക്കടത്ത് ആരോപിച്ച്‌ രണ്ടു പേരെയും ജനക്കൂട്ടം ആക്രമിച്ചത്. പശുക്കളുമായി വന്ന വാഹനം തടഞ്ഞു നിര്‍ത്തിയ ശേഷം ഇരുവരെയും പുറത്തിറക്കി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പൊലീസെത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ ബാബുലാല്‍ മരിച്ചു.

ഇരുവരുടെയും മൊബൈല്‍ ഫോണുകളും മറ്റു രേഖകളും അക്രമികള്‍ കവര്‍ന്നതായി ഉദയ്പുര്‍ റെയ്ഞ്ച് ഐ.ജി. സത്യവീര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. അര്‍ധരാത്രി വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്ത് എത്തുമ്ബോള്‍ ആള്‍ക്കൂട്ടം രണ്ടുപേരെയും മര്‍ദിക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് പൊലീസുകാരാണ് രണ്ടു പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top