ഹൈലാകാന്ദി: ആസാമിലെ ഹൈലാകാന്ദി ജില്ലയില്‍ 16 വയസുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ 17 വയസുള്ള കൗമാരക്കാരൻ ഉള്‍പ്പെടെ മൂന്ന് പേരെ അസം പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടിനുള്ളിലാണ് ക്രൂരമായ സംഭവം നടന്നത്.
വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറിയ പ്രതികള്‍ പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിക്കുകയും വീട്ടുപകരണങ്ങളും മറ്റും ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ വികൃതമാക്കുകയും ചെയ്തു. മൃതദേഹത്തില്‍ മാരകമായ പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.
പെണ്‍കുട്ടിയുമായി പരിചയമുള്ളവരും വീടിന്‍റെ വിവരങ്ങള്‍ കൃത്യമായി അറിയാവുന്നവരുമാണ് പ്രതികളെന്ന് പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. പിടിയിലായവരില്‍ 17 വയസുള്ള പ്രതിയെ മുതിർന്നയാളായി പരിഗണിച്ച് വിചാരണ ചെയ്യണമെന്ന് പോലീസ് കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് അസമിലെ ബരാക് വാലി മേഖലയില്‍ വൻ ജനരോഷവും റോഡ് ഉപരോധവുമാണ് ഉണ്ടായത്.

