Thursday, 23 Sep, 5.52 pm മറുനാടന്‍ മലയാളി

രാഷ്ട്രീയം
പി.എം കെയേഴ്‌സ് ഫണ്ട് പൊതുപണമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത് സുതാര്യമായി; കണക്കുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുവെന്നും സത്യവാങ്മൂലം; നിലപാട് അറിയിച്ചത് പൊതുസ്ഥാപനമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച പി.എം കെയേഴ്സ് ഫണ്ട് പൊതു പണമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അതിനാല്‍ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ വിവരാവകാശ പരിധിയില്‍ വരില്ല. സുതാര്യത ഉറപ്പുവരുത്താനായി ട്രസിറ്റിന് ലഭിച്ച ഫണ്ടിന്റെ വിശദാംശങ്ങളും ഓഡിറ്റ് റിപ്പോര്‍ട്ടും ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ പി.എം കെയേഴ്സ് ഫണ്ടിന്റെ ചുമതല വഹിക്കുന്ന അണ്ടര്‍ സെക്രട്ടറി ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ഭരണഘടനയുടെ 12ാം അനുഛേദം പ്രകാരമുള്ള സ്റ്റേറ്റ് ആയി ഫണ്ടിനെ നിയന്ത്രിക്കുന്ന പി.എം. കെയര്‍ ട്രസ്റ്റിനെ കാണാനാവില്ല. അതിനാല്‍ തന്നെ ഇതിലെ ഫണ്ട് രാഷ്ട്രത്തിന്റെ പൊതുപണമായി കണക്കാക്കാനാവില്ല. ട്രസ്റ്റ് സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കണക്കുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെന്നും സി.എ.ജി തയ്യാറാക്കിയ പാനലില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ഓഡിറ്റ് ചെയ്യുന്നതെന്നും അണ്ടര്‍ സെക്രട്ടറി പ്രദീപ് കുമാര്‍ ശ്രീവാസ്തവ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

പി.എം. കെയേഴ്സ് ഫണ്ട് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനായി പൊതുസ്ഥാപനമായി പ്രഖ്യാപിക്കണമെന്നുള്ള ഹര്‍ജി പരിഗണിക്കവെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വിവരാവകാശ നിയമത്തില്‍ പറയുന്ന പൊതു സ്ഥാപനമായി ഫണ്ടിനെ കാണാനാവില്ല. ഫണ്ടിലേക്ക് സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വെളിപ്പെടുത്താനുമാവില്ല. തന്നെപ്പോലുള്ള ഉദ്യോഗസ്ഥര്‍ ഓണറേറിയം വ്യവസ്ഥയിലാണ് ഇവിടെ ജോലി ചെയ്യുന്നത്.

ഭരണഘടനയുടെയോ സംസ്ഥാന, കേന്ദ്ര നിയമനിര്‍മ്മാണ സഭകളുടെയോ നിര്‍ദേശ പ്രകാരമല്ല ഈ ഫണ്ട് രൂപീകരിച്ചത്. വ്യക്തികളുടെയോ സംഘടനകളുടെയോ സംഭാവനകള്‍ ഉപയോഗിച്ചാണ് ഫണ്ട് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് നികുതി ഇളവ് നല്‍കുന്നതുകൊണ്ട് മാത്രം ഫണ്ട് പൊതുഫണ്ടാകില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കോടതി കേസ് പരിഗണിക്കുന്നത് സെപ്റ്റംബര്‍ 27 ലേക്ക് മാറ്റി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയര്‍മാനും ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രിയും ധനമന്ത്രിയും അംഗങ്ങളായ ട്രസ്റ്റാണ് ഫണ്ട് നിയന്ത്രിക്കുന്നത്. ഇങ്ങനെയൊരു ട്രസ്റ്റിനെ പൊതുസ്ഥാപനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സംയഖ് ഗാഗ്വാള്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഇന്ത്യയിലെ കോവിഡ് -19 പകര്‍ച്ചവ്യാധി പ്രതിരോധത്തിനും ദുരിതാശ്വാസത്തിനുമായി 2020 മാര്‍ച്ച്‌ 27നാണ് പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസ്സിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍ ഫണ്ട് (പി.എം കെയേഴ്സ് ഫണ്ട്) നിലവില്‍ വന്നത്. ഇത് ഒരു സ്വകാര്യ ട്രസ്റ്റാണെന്ന രേഖകള്‍ പുറത്തുവന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രധാനമന്ത്രിയുടെ നാഷണല്‍ റീലീഫ് ഫണ്ട് (പിഎന്‍ആര്‍എഫ്) നിലവിലുള്ളപ്പോള്‍ പുതിയ ഫണ്ട് രൂപീകരിച്ചതിനെയും പ്രതിപക്ഷം ചോദ്യം ചെയ്തു.

നുണകളുടെയും അഴിമതിയുടെയും കേന്ദ്രമാണ് ട്രസ്റ്റെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി അടക്കമുള്ളവര്‍ ട്രസ്റ്റ് രൂപീകരണത്തെ പാര്‍ലമെന്റില്‍ ചോദ്യം ചെയ്തിരുന്നു. ചൈന, പാക്കിസ്ഥാന്‍ എന്നീ ശത്രു രാജ്യങ്ങളില്‍ നിന്ന് വരെ പി.എം. കെയേഴ്സ് ഫണ്ടിലേക്ക് പണം വന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജെവാല ആരോപിച്ചിരുന്നതായി ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോര്‍ട്ട് പറയുന്നു.

വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വഴി രഹസ്യമായി പണം പിരിക്കുകയാണ്. നിരോധിത ചൈനീസ് ആപ്പുകളില്‍ വരെ ഫണ്ടിന്റെ പരസ്യം വരുന്നു. പാക്കിസ്ഥാനില്‍ നിന്ന് ആരൊക്കെയാണ് പണം നല്‍കിയത്, എത്ര തുക ലഭിച്ചു എന്നീ കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്നും രണ്‍ദീപ് സിങ് ആവശ്യപ്പെട്ടിരുന്നു.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top