Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിഎം ശ്രി യുഡിഎഫിന് പണ്ട് എല്‍ഡിഎഫ്-ബിജെപി ഡീല്‍ ആണ്; ഇപ്പോള്‍ എന്ത് ഡീലാണ്: പിണറായി വിജയന്‍

പിഎം ശ്രി യുഡിഎഫിന് പണ്ട് എല്‍ഡിഎഫ്-ബിജെപി ഡീല്‍ ആണ്; ഇപ്പോള്‍ എന്ത് ഡീലാണ്: പിണറായി വിജയന്‍

തിരുവനന്തപുരം: പി എം ശ്രി വിഷയത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

പണ്ട് അവര്‍ക്കത് എല്‍ഡിഎഫ് - ബിജെപി ഡീലിന്റെ ഭാഗമായിരുന്നു, ഇപ്പോള്‍ അത് എന്ത് ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പി എം ശ്രി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നയിക്കുന്ന സംസ്ഥാനങ്ങളെല്ലാം അംഗീകരിച്ചിരുന്നു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് നടപ്പാക്കുന്നതിന് സന്നദ്ധമായിരുന്നില്ല. ആ പി എം ശ്രീയുടെ ഭാഗമായി വിദ്യാഭ്യാസരംഗത്ത് ഏതെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടാക്കണമെന്നും എല്‍ഡിഎഫ് ആഗ്രഹിച്ചിരുന്നില്ല.

യുഡിഎഫ് ആ ഘട്ടത്തില്‍ പിഎം ശ്രീക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ചു. ഡീല്‍ ആരോപണത്തിന്റെ ഭാഗമായി വ്യാപകമായ പ്രചാരണമാണ് അഴിച്ചുവിട്ടത്. ജനവിധിയിലൂടെ യുഡിഎഫിന്റെ കൈയിലേക്ക് ഭരണം മാറുന്ന ദിവസം വരെ അവരുടെ നിലപാട് ഇതുതന്നെ ആയിരുന്നു.

അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന് വരെ പറഞ്ഞവരുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ കൈയിലായതോടെ പഴയ നിലപാടില്‍ നിന്ന് തകിടം മറിയുന്ന കാഴ്ചയാണ് കാണുന്നത്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇപ്പോള്‍ പിഎം ശ്രീ നടപ്പാക്കുന്നതിന്റെ വാദങ്ങള്‍ ഉന്നയിക്കുകയാണ്.

മുഖ്യമന്ത്രിക്ക് പുറമെ മുസ്ലിം ലീഗും ഒറ്റയടിക്ക് മറുകണ്ടം ചാടുന്ന നിലയാണുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പി എം ശ്രീയുടെ ഭാഗമായുള്ള ഫണ്ട് കൈപ്പറ്റി എന്നും, എംഓയു ഒപ്പിട്ടു എന്നും അതുകൊണ്ട് ഇനി ഈ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ പറ്റില്ല എന്നുമൊക്കെയാണ് ഇത്രയും നാള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ എംഓയു ഒപ്പിട്ടു എന്നത് ശരിയാണ്. എന്നാല്‍ നയപരമായ നിലപാടെടുത്തുകൊണ്ട് തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ അത് മരവിപ്പിക്കുകയും ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു. അന്നത്തെ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി കേന്ദ്രത്തില്‍ പോയി ബന്ധപ്പെട്ടവരെ കണ്ട് ഇത് അറിയിക്കുകയും ചെയ്തു.

പി എം ശ്രി നടപ്പാക്കാനാവശ്യമായ തുടര്‍നടപടികളില്‍ ഒന്ന് പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. ഇ വി അബ്ദുല്‍വഹാബ് പാര്‍ലമെന്റില്‍ ചോദിച്ച ചോദ്യത്തിന് കിട്ടിയ മറുപടിയില്‍ പദ്ധതിയില്‍ ചേരാതിരിക്കുകയോ ഒപ്പിട്ട ധാരണാപത്രത്തില്‍ നിന്ന് പിന്‍വാങ്ങുകയോ ചെയ്താല്‍ പി എം ശ്രി പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടും എന്നാണ് പറഞ്ഞത്.

അതായത് നിയമപരമായി പിന്മാറാന്‍ യാതൊരു തടസവും ഇല്ല. വ്യക്തമായി കേന്ദ്രസര്‍ക്കാര്‍ ആ നിലപാട് പറഞ്ഞ് കഴിഞ്ഞു. കാവി അജണ്ടകള്‍ വിദ്യാഭ്യാസനയത്തില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് പിഎം ശ്രി വഴി കേന്ദ്രം നടത്തിയത്. അതിനു കുടപിടിക്കുന്ന നിലപാടിലേക്ക് മലക്കം മരിയന്‍ യുഡിഎഫിന് അധികം കാലതാമസം എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali