Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിണറായി വിജയനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട; ഇതൊക്കെ പറയാൻ ഒരു പേടിയും ഇല്ല; തുറന്നടിച്ച്‌ എംവി ഗോവിന്ദൻ

പിണറായി വിജയനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട; ഇതൊക്കെ പറയാൻ ഒരു പേടിയും ഇല്ല; തുറന്നടിച്ച്‌ എംവി ഗോവിന്ദൻ

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ ഇടതുപക്ഷത്തെ തകർക്കാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുപക്ഷത്തിന്റെ ഏറ്റവും ശക്തമായ കുന്തമുനയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.

ഗോവിന്ദൻ. ഇഡി റെയ്ഡിനെതിരെ എല്‍ഡിഎഫ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര നീക്കങ്ങള്‍ക്കെതിരെ അതിശക്തമായ ഭാഷയിലാണ് എല്‍ഡിഎഫ് നേതാക്കള്‍ മാർച്ചില്‍ പ്രതികരിച്ചത്.

നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിക്കാൻ ഇടതുപക്ഷത്തിന് യാതൊരു ഭയവുമില്ലെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. "ഈ രാഷ്ട്രീയ നാടകങ്ങളിലെ ഒന്നാം പ്രതി മോദിയാണ്. നിലവില്‍ യാതൊരു ഗൗരവവുമില്ലാത്ത ഒരു കേസാണിത്. ചോദ്യം ചെയ്യണമെന്നുണ്ടെങ്കില്‍ വിളിപ്പിച്ചാല്‍ പോരായിരുന്നോ? കോടതിയിലെ കേസുകളെല്ലാം നേരത്തെ തന്നെ തള്ളിപ്പോയതാണ്. ഇപ്പോള്‍ ഒരു കേസും നിലനില്‍ക്കുന്നില്ല. മനഃപൂർവ്വം അവധി ദിവസങ്ങള്‍ നോക്കിയാണ് റെയ്ഡ് നാടകം നടത്തിയത്. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ട, അതിന് വഴങ്ങാൻ ഞങ്ങള്‍ക്ക് മനസ്സില്ല," അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഇഡി റെയ്ഡ് നടന്നതെന്ന ഗുരുതര ആരോപണവും എം.വി. ഗോവിന്ദൻ ഉന്നയിച്ചു. "തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ എല്ലാം അവസാനിച്ചെന്ന് കരുതുന്നവരല്ല ഇടതുപക്ഷം. ഒരുപാട് തോല്‍വികളും പ്രതിസന്ധികളും കണ്ട് അതിനെയെല്ലാം അതിജീവിച്ച പ്രസ്ഥാനമാണിത്. തോല്‍വി ഒരിക്കലും അവസാനമല്ല, ഇടതുപക്ഷം അതിശക്തമായി തന്നെ തിരിച്ചുവരും. ആ തിരിച്ചുവരവിന് നേതൃത്വം നല്‍കുന്ന പിണറായി വിജയൻ തകർക്കാനാകാത്ത കുന്തമുനയാണ്," എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

മാർച്ചില്‍ പങ്കെടുത്ത സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കേന്ദ്ര നീക്കങ്ങള്‍ക്കെതിരെയും കോണ്‍ഗ്രസിനെതിരെയും കടുത്ത വിമർശനം ഉന്നയിച്ചു. കഴിഞ്ഞ ദിവസം എട്ട് മണിക്കൂറിലധികം നീണ്ടുനിന്നത് ഇഡിയുടെ വെറും റെയ്ഡ് നാടകം മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. ബിജെപിയുമായുള്ള മേനോന്റെ വരവ് കോണ്‍ഗ്രസ് രാഷ്ട്രീയത്തോടും അവരുടെ അണികളോടും കാണിക്കുന്ന ഏറ്റവും വലിയ വഞ്ചനയാണെന്നും ബിനോയ് വിശ്വം തന്റെ പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali