Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിണറായിയുടെ കെ-റെയിലിന്റെ കഥ കഴിഞ്ഞു! സില്‍വര്‍ ലൈന്‍ പൂട്ടി മെട്രോമാനുമായി കൈകോര്‍ത്ത് വി.ഡി സതീശന്‍; 3 മണിക്കൂര്‍ കൊണ്ട് കണ്ണൂരിലെത്താം; ഭൂരിഭാഗവും തൂണുകളിലൂടെ മണിക്കൂറില്‍ 200 കി.മീ വേഗതയില്‍ പായുന്ന ലക്ഷം കോടിയുടെ പുതിയ അതിവേഗപാത; 4 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച്‌ ഇ. ശ്രീധരന്‍ സമര്‍പ്പിച്ച ബദല്‍ പദ്ധതി ഏറ്റെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം

പിണറായിയുടെ കെ-റെയിലിന്റെ കഥ കഴിഞ്ഞു! സില്‍വര്‍ ലൈന്‍ പൂട്ടി മെട്രോമാനുമായി കൈകോര്‍ത്ത് വി.ഡി സതീശന്‍; 3 മണിക്കൂര്‍ കൊണ്ട് കണ്ണൂരിലെത്താം; ഭൂരിഭാഗവും തൂണുകളിലൂടെ മണിക്കൂറില്‍ 200 കി.മീ വേഗതയില്‍ പായുന്ന ലക്ഷം കോടിയുടെ പുതിയ അതിവേഗപാത; 4 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച്‌ ഇ. ശ്രീധരന്‍ സമര്‍പ്പിച്ച ബദല്‍ പദ്ധതി ഏറ്റെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും മെട്രോമാന്‍ ഇ.

ശ്രീധരനും തമ്മില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച്‌ നിര്‍ണായക കൂടിക്കാഴ്ച നടത്തി. അതിവേഗ റെയില്‍പാത സംബന്ധിച്ച പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ഈ കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടുനിന്നു. ചര്‍ച്ചയുടെ ഭാഗമായി പദ്ധതിയുടെ കരട് / ഇടക്കാല റിപ്പോര്‍ട്ട് ഇ. ശ്രീധരന്‍ മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. പൊന്നാനി എം.എല്‍.എ കെ.പി. നൗഷാദ് അലിയും പങ്കെടുത്ത ഈ ചര്‍ച്ചയ്ക്ക് ശേഷം, വിഷയത്തില്‍ തുടര്‍ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനമായിട്ടുണ്ട്.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന കെ-റെയില്‍ സില്‍വര്‍ ലൈനിന് ബദലായി ഇ. ശ്രീധരന്‍ മുന്നോട്ടുവെച്ച പുതിയ അതിവേഗ റെയില്‍പാത നിര്‍ദേശം യു.ഡി.എഫ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ആലോചിക്കുന്നതായാണ് വിവരം. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ, പ്രായോഗികമല്ലാത്തതും വ്യക്തമായ ഡി.പി.ആര്‍ ഇല്ലാത്തതുമായ കെ-റെയില്‍ പദ്ധതി റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. യു.ഡി.എഫ് സബ് കമ്മിറ്റി പഠിച്ച്‌ സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെ-റെയില്‍ വേണ്ടെന്നുവെച്ചതെങ്കിലും, കേരളത്തിന്റെ അതിവേഗ യാത്ര ഒരു അടഞ്ഞ അധ്യായമല്ലെന്നും പകരം സ്പീഡ് കൊറിഡോര്‍ അഥവാ അതിവേഗ ഇടനാഴി പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വിശദപഠനത്തിന് ശേഷം മാത്രം പുതിയ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

നിലവിലെ സില്‍വര്‍ ലൈന്‍, ആര്‍.ആര്‍.ടി.എസ് പദ്ധതികളെ അപേക്ഷിച്ച്‌ ഇ. ശ്രീധരന്‍ അവതരിപ്പിച്ച ബദല്‍ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കല്‍ വളരെ കുറച്ചുമാത്രം മതിയെന്നതിനാലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടായത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള 430 കിലോമീറ്റര്‍ ദൂരമുള്ള ഈ പുതിയ പാതയുടെ ഏകദേശം 70 ശതമാനത്തോളം (മുക്കാല്‍ പങ്കും) തൂണുകളിലൂടെയുള്ള എലിവേറ്റഡ് പാതയായും, 20 ശതമാനത്തോളം ഭൂഗര്‍ഭ പാതയായുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. പരമാവധി വേഗത മണിക്കൂറില്‍ 200 കിലോമീറ്റര്‍ ലഭിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്യുന്ന ഈ പാതയിലൂടെ തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് വെറും 3 മണിക്കൂറും 15 മിനിറ്റും കൊണ്ട് എത്തിച്ചേരാന്‍ സാധിക്കും.

സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഈ വന്‍കിട പദ്ധതിക്ക് 86,000 കോടി രൂപ മുതല്‍ ഒരു ലക്ഷം കോടി രൂപ വരെയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുമായി പൂര്‍ണ്ണമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഇ. ശ്രീധരന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇ. ശ്രീധരന്‍ സമര്‍പ്പിച്ച ഈ ബദല്‍ പാത സംബന്ധിച്ച വിഷയം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത ശേഷം, സര്‍ക്കാരിന്റെ ഔദ്യോഗിക തീരുമാനം രണ്ടാഴ്ചയ്ക്കകം അറിയിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali