Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിണറായിയുടെ വീട്ടില്‍ കയറിയ ഇഡിയെ ആക്രമിച്ച സഖാക്കള്‍ പെട്ടു! മുന്‍ കൗണ്‍സിലര്‍ ഐ.പി ബിനു കീഴടങ്ങി; മറ്റുമൂന്നുപേര്‍ കൂടി പിടിയില്‍; ആറ്റുകാല്‍ ഉണ്ണിയും പാളയം സന്തോഷും ഒളിവില്‍; ഇരട്ട എഫ്‌ഐആറുമായി മ്യൂസിയം പൊലീസ്; 300 പേര്‍ക്കെതിരെ വധശ്രമക്കേസ്;  ഇഡി ഉദ്യോഗസ്ഥരെ ജനക്കൂട്ടത്തിലേക്ക് എറിഞ്ഞുകൊടുത്തത് ആര്? പൊലീസിനെ നാണംകെടുത്തുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്

പിണറായിയുടെ വീട്ടില്‍ കയറിയ ഇഡിയെ ആക്രമിച്ച സഖാക്കള്‍ പെട്ടു! മുന്‍ കൗണ്‍സിലര്‍ ഐ.പി ബിനു കീഴടങ്ങി; മറ്റുമൂന്നുപേര്‍ കൂടി പിടിയില്‍; ആറ്റുകാല്‍ ഉണ്ണിയും പാളയം സന്തോഷും ഒളിവില്‍; ഇരട്ട എഫ്‌ഐആറുമായി മ്യൂസിയം പൊലീസ്; 300 പേര്‍ക്കെതിരെ വധശ്രമക്കേസ്; ഇഡി ഉദ്യോഗസ്ഥരെ ജനക്കൂട്ടത്തിലേക്ക് എറിഞ്ഞുകൊടുത്തത് ആര്? പൊലീസിനെ നാണംകെടുത്തുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ പരിശോധനക്കെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി.

നരുവാമൂട് സ്വദേശി കിരണ്‍, വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍, കോട്ടയം രാമപുരത്തുനിന്ന് കസ്റ്റഡിയിലെടുത്ത അമല്‍ എന്നിവരാണ് ഒടുവില്‍ പിടിയിലായത്. ആക്രമണത്തില്‍ പങ്കെടുത്ത മുന്‍ പാളയം കൗണ്‍സിലര്‍ ഐ.പി. ബിനു വൈകീട്ടോടെ തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തി പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ ആകെ എണ്ണം ഒന്‍പതായി ഉയര്‍ന്നു.കേസില്‍ പ്രതികളായ ആറ്റുകാല്‍ ഉണ്ണിയും പാളയം സന്തോഷും നിലവില്‍ ഒളിവിലാണ്.

സിപിഎം ബ്രാഞ്ച് സെക്രട്ടറി നിതിന്‍രാജ്, ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ഷാഹിന്‍, നേമം ബ്ലോക്ക് സെക്രട്ടറി ശ്രീജിത്, മേഖലാ കമ്മിറ്റിയംഗം ജീവന്‍, കാരവിള യൂണിറ്റ് സെക്രട്ടറി മനോജ് എന്നിവരെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. പ്രതികളില്‍ അഞ്ചുപേരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പിടിയിലായവര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വധശ്രമം, നിയമവിരുദ്ധമായി സംഘംചേരല്‍, കലാപമുണ്ടാക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, മനഃപൂര്‍വം പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എഫ്‌ഐആറുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിണറായി വിജയന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശം മ്യൂസിയം സ്റ്റേഷന്‍ പരിധിയില്‍ വരുന്നതിനാലാണ് അവിടെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനുപുറമേ, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചതിന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ മറ്റൊരു കേസ് കൂടി എടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പരുക്കേറ്റ പൊലീസുകാര്‍ ഇതിനോടകം തന്നെ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, തങ്ങള്‍ക്കെതിരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന മൊഴി. ആക്രമണം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘം എത്തി വിശദമായ പരിശോധന നടത്തി.

ദേശീയതലത്തില്‍ തന്നെ വലിയ ചര്‍ച്ചയാകുകയും കേരള പൊലീസിന് കടുത്ത നാണക്കേടുണ്ടാക്കുകയും ചെയ്ത സംഭവത്തില്‍ ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായിരിക്കുന്നത് എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കണ്ണൂരിലും കോഴിക്കോടും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സംഘര്‍ഷമില്ലാതെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നു. എന്നാല്‍ തലസ്ഥാന നഗരിയില്‍ അത്തരമൊരു ജാഗ്രത പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് പൈലറ്റും എസ്‌കോര്‍ട്ടും ഒരുക്കാതെ പ്രകോപിതരായ ജനക്കൂട്ടത്തിനിടയിലേക്ക് ഇറക്കിവിട്ടത് പൊലീസിന്റെ വലിയ വീഴ്ചയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതാണ് ഉദ്യോഗസ്ഥര്‍ക്ക് വലിയ തോതില്‍ പരുക്കേല്‍ക്കാനുള്ള സാഹചര്യമൊരുക്കിയത്.

സംഭവം നടന്ന ദിവസം സിറ്റി പൊലീസ് കമ്മിഷണര്‍ കാര്‍ത്തിക് അവധിയിലായിരുന്നതിനാല്‍ റേഞ്ച് ഡിഐജി ഹിമേന്ദ്ര നാഥിനായിരുന്നു ക്രമസമാധാന ചുമതല. എന്നാല്‍ ഇത്രയും ഗുരുതരമായ ക്രമസമാധാന പ്രശ്‌നമുണ്ടായിട്ടും ഡിഐജി സ്ഥലത്തെത്തിയില്ലെന്ന ആക്ഷേപം ശക്തമാണ്. ജൂനിയറായ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരാണ് സംഭവസ്ഥലത്തെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച്‌. വെങ്കടേഷ് വൈകിട്ടോടെ പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിലെത്തി, പ്രതികളെ വിട്ടുതരണമെന്ന് പാര്‍ട്ടി നേതാക്കളോട് അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തത് എന്നതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

സുരക്ഷാവീഴ്ച സംബന്ധിച്ച ആരോപണങ്ങള്‍ ശക്തമായതോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറിനെയും ഇന്റലിജന്‍സ് മേധാവിയെയും തന്റെ വസതിയിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. ഇന്നലത്തെ സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali