Monday, 01 Mar, 7.29 pm മറുനാടന്‍ മലയാളി

കേരളം
പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ സ്‌കൂട്ടര്‍ പിന്തുടര്‍ന്ന് പിടികൂടി; സീറ്റിനടിയിലും കൈവശവും മൂന്നുകിലോ കഞ്ചാവ്; താമരശ്ശേരിയില്‍ രണ്ടു പേര്‍ പിടിയില്‍

കോഴിക്കോട്: വില്‍പ്പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന മൂന്നു കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ താമരശ്ശേരി ഡി വൈ എസ് പി എന്‍ സി സന്തോഷ് കുമാര്‍, നാര്‍ക്കോട്ടിക് ഡി വൈ എസ് പി സുന്ദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടി. പെരുമ്ബള്ളി അടിമാറിക്കല്‍ വീട്ടില്‍ ആബിദ് (35), പെരുമ്ബള്ളി കെട്ടിന്റെ അകായില്‍ ഷമീര്‍ എന്ന ഷഹീര്‍ (40) എന്നിവരാണ് പിടിയിലായത്.

കോഴിക്കോട് റൂറല്‍ എസ് പി ഡോ. എ ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നുള്ള പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ എലോക്കരയില്‍ വെച്ച്‌ താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫ, എസ് ഐ ശ്രീജേഷ്, ക്രൈം സ്‌ക്വാഡ് എസ് ഐമാരായ രാജീവ് ബാബു, സുരേഷ് വി കെ, ബിജു പി, എ എസ് ഐ ജയപ്രകാശ്, സി പി ഒമാരായ ബവീഷ്, ജിലു സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

എലോക്കര വെച്ച്‌ പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെപോയ കെ എല്‍ 57 8121 നമ്ബര്‍ സ്‌കൂട്ടര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സ്‌കൂട്ടറിന്റെ സീറ്റിനടിയിലും ഷമീറിന്റെ കൈവശം കവറില്‍ സൂക്ഷിച്ച നിലയിലുമായിരുന്നു കഞ്ചാവ്. പിടികൂടിയ കഞ്ചാവിന് ഒന്നര ലക്ഷം രൂപ വിലവരും. കാസര്‍കോട്, തമിഴ്‌നാടിലെ തേനി എന്നിവിടങ്ങളിലെ മൊത്ത കച്ചവടക്കാരില്‍ നിന്നും എത്തിക്കുന്ന കഞ്ചാവ് അടിവാരം, താമരശ്ശേരി കൊടുവള്ളി, കോഴിക്കോട് എന്നിവിടങ്ങളിലെ കച്ചവടക്കാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വില്‍പ്പന നടത്തുന്നത് ആണ് പ്രതികളുടെ രീതി.

ആബിദ് ഒരു വര്‍ഷം മുമ്ബ് നാല് കിലോ കഞ്ചാവുമായി താമരശ്ശേരി എക്‌സൈസ് പിടികൂടി രണ്ടു മാസം ജയിലില്‍ കഴിഞ്ഞതാണ്. വീണ്ടും 2021 ഫെബ്രുവരിയില്‍ 100 ഗ്രാം കഞ്ചാവുമായി എക്‌സൈസ് പിടികൂടിയെങ്കിലും, അന്നുതന്നെ ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. ആറുവര്‍ഷം മുമ്ബ് ചന്ദന മരം മുറിച്ച്‌ മോഷ്ടിച്ചതിന് കല്‍പ്പറ്റയിലും, ചാരായം കടത്തിയതിന് വൈത്തിരിയിലും കേസുണ്ട്. സ്ഥിരമായി മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന ആബിദിന്റെ പേരില്‍ നാട്ടുകാര്‍ പൊലീസിന് മാസ് പെറ്റീഷന്‍ നല്‍കിയിരുന്നു. ഷമീര്‍ ആദ്യമായാണ് പൊലീസ് പിടിയിലാകുന്നത്. പ്രതികളെ താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top