കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം സ്വീകരിച്ച് സ്വർണാഭരണങ്ങള്‍ പൂർണ്ണമായും ഒഴിവാക്കി മകളുടെ വിവാഹം നടത്തി സി.
സദാനന്ദൻ എം.പി. ആഡംബര വിവാഹങ്ങള്‍ക്കും സ്വർണ്ണാഘോഷങ്ങള്‍ക്കും പിന്നാലെ പോകുന്ന ആധുനിക സമൂഹത്തിന് വലിയൊരു സന്ദേശം നല്‍കിക്കൊണ്ടാണ് കണ്ണൂരില്‍ ഈ വേറിട്ട വിവാഹം നടന്നത്. പ്രധാനമന്ത്രി നല്‍കിയ നിർദ്ദേശം താൻ പൂർണ്ണമായും പാലിക്കുകയായിരുന്നുവെന്ന് എം.പി വ്യക്തമാക്കി.
പരമ്പരാഗതമായി വധുക്കള്‍ ധരിക്കാറുള്ള സ്വർണാഭരണങ്ങള്‍ക്ക് പകരം ലളിതമായ ഫാൻസി ആഭരണങ്ങള്‍ മാത്രം അണിഞ്ഞാണ് എം.പിയുടെ മകള്‍ കതിർമണ്ഡപത്തില്‍ എത്തിയത്. മകളുടെ വിവാഹം ലളിതമായി നടത്തണമെന്നും സ്വർണ്ണത്തിന്റെ അനാവശ്യമായ പ്രദർശനം ഒഴിവാക്കണമെന്നും മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി സദാനന്ദൻ എം.പിയോട് നേരിട്ട് ഉപദേശിച്ചിരുന്നു. ഈ വാക്കുകള്‍ ഉള്‍ക്കൊണ്ടാണ് കുടുംബം ഇത്തരമൊരു മാതൃകാപരമായ തീരുമാനത്തിലേക്ക് എത്തിയത്.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സി. സദാനന്ദൻ എം.പി ഈ സന്തോഷവാർത്ത ജനങ്ങളുമായി പങ്കുവെച്ചത്. പ്രധാനമന്ത്രിയുടെ ഉപദേശം ജീവിതത്തില്‍ പകർത്താൻ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്ന് അദ്ദേഹം കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ കുറിപ്പിന് താഴെ ജനപ്രതിനിധികളും പൊതുജനങ്ങളും ഉള്‍പ്പെടെ നിരവധി പേരാണ് എം.പിക്കും കുടുംബത്തിനും അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ
"പൊന്നണിഞ്ഞില്ല.... പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിച്ചു. മോളുടെ വിവാഹം സമംഗളം ഗുരുവായൂർ നടയില്‍ ഇന്നലെ നടന്നു. ഒരുപാടുപേർ നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും മംഗളാശംസകള്‍ നേർന്നു. എല്ലാവർക്കും ഹൃദയപൂർവം നന്ദി. അഭിമാനത്തോടെ ഒരു കാര്യം സൂചിപ്പിക്കട്ടെ. നാടു നേരിടുന്ന വലിയ വെല്ലുവിളി മറികടക്കാൻ ഏഴുപായങ്ങള്‍ ആരാധ്യനായ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. അതിലൊന്നാണ് വിവാഹം സ്വർണാഭരണങ്ങളില്ലാതെ നടത്തണമെന്നത്.
ആദരപൂർവം മോളതു സ്വീകരിച്ചു. ശ്രീകാന്ത് പ്രത്യേകം താല്പര്യമെടുത്തു. നമുക്കങ്ങനെ മതിയെന്ന് രണ്ടു പേരും തീരുമാനിച്ചു. കുടുംബാംഗങ്ങള്‍ പിന്തുണയേകി. ഫാൻസി ആഭരണങ്ങള്‍ മാത്രമണിഞ്ഞ് അവള്‍ കതിർ മണ്ഡപത്തിലെത്തി. മോദിജിയുടെ ഉപദേശം പൂർണമായും പാലിച്ചു. ഏറെ ചാരിതാർത്ഥ്യം.... ആരെങ്കിലും ഒരാളെങ്കിലും, എന്നാല്‍ ഞാനുമങ്ങനെ എന്നു തീരുമാനിച്ചാല്‍ കൃതാർത്ഥനായി".
ഗുരുവായൂർ ക്ഷേത്രത്തില്‍ ഇക്കഴിഞ്ഞ ദിവസമായിരുന്നു സി സദാനന്ദൻ എംപിയുടെ മകള്‍ യമുനാ ഭാരതി വിവാഹിതയായത്. മാധ്യമപ്രവർത്തകനായ ശ്രീകാന്ത് എസ് പിള്ളയാണ് വരൻ.

