Monday, 30 Mar, 6.55 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
പോര്‍ച്ചുഗലിലെ 14 കാരന്‍ യൂറോപ്പിലെ കൊറോണയുടെ ഏറ്റവും പ്രായം കുറഞ്ഞ ഇര; ലണ്ടനിലെ 19 കാരനായ ഇറ്റാലിയന്‍ ഷെഫിന്റെ മരണം സകലരേയും ഞെട്ടിച്ച്‌; ചികിത്സ കിട്ടാതേയും രോഗം തിരിച്ചറിയാതെയും യൂറോപ്പില്‍ മരിക്കുന്നവരില്‍ കൗമാരക്കാര്‍ വരെ; വൃദ്ധരുടെ ജീവന്‍ എടുത്ത് തുടങ്ങിയ കൊറോണയുടെ തേരോട്ടം സകലരേയും തൂത്തുവാരുമ്ബോള്‍

ലണ്ടന്‍: കൊറോണയ്ക്ക് ഒരാളെ ആക്രമിക്കാന്‍ പ്രായം ഒരു തടസ്സമേയല്ലെന്ന് വീണ്ടും വീണ്ടും തെളിഞ്ഞുകൊണ്ടിരിക്കുന്നു. യൂറോപ്പിലാകെ കൊറോണ തന്റെ താണ്ഡവം തുടരുമ്ബോള്‍ പോര്‍ച്ചുഗലിലെ ഓവര്‍ സ്വദേശി വിക്ടര്‍ ഓഡിഞ്ഞോ കൊറോണക്ക് കീഴടങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ യൂറോപ്പ്കാരനാകുന്നു.

14 വയസ്സുകാരനായ ഈ വിദ്യാര്‍ത്ഥിക്ക് സോറിയാസിസ് രോഗം ഉണ്ടായിരുന്നെങ്കിലും , ആരോഗ്യത്തിന് ഭീഷണിയാകുന്ന മറ്റൊരു പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഇല്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടത് തന്നെയാണ് ലണ്ടനിലെ പൂര്‍ണ്ണ ആരോഗ്യവാനായ ഇറ്റാലിയന്‍ ഷെഫിന്റെ കഥയും.

19 കാരനായ ഇയാള്‍ തീര്‍ത്തും ആരോഗ്യവാനായിരുന്നു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. പെട്ടെന്ന് രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

സ്വപ്നങ്ങള്‍ ഒരുപാട് ബാക്കിവച്ച്‌ മരണത്തിനു കീഴടങ്ങിയ കൗമാരക്കാരന്‍

സംഗീതവും നൃത്തവുമൊക്കെ ഇഷ്ടപ്പെട്ടിരുന്ന വിക്ടര്‍ ഒഡിഞ്ഞോക്ക് ഏറെ പ്രിയം പക്ഷെ സോക്കറിനോടായിരുന്നു. ഒരു ലോകോത്തര ഫുട്‌ബോള്‍ കളിക്കാരനാകണമെന്ന ആഗ്രഹം മനസ്സിലിട്ട് നടന്ന വിക്ടര്‍ മാസിഡ കള്‍ച്ചറല്‍ ആന്‍ഡ് റിക്രയേഷണല്‍ സെന്ററിന് വേണ്ടി ഫുട്സാല്‍ (ഒരു ടീമില്‍ അഞ്ചംഗങ്ങള്‍ ഉള്ള ഫുട്‌ബോള്‍) കളിക്കുന്നുമുണ്ടായിരുന്നു. തികഞ്ഞ ആരോഗ്യവാനായിരുന്ന വിക്ടറിന് മരണമടയുവാന്‍ തക്കമുള്ള ഒരു ആരോഗ്യപ്രശ്‌നങ്ങളും ഇല്ലായിരുന്നു എന്ന് അയാളുടെ സഹപാഠികളും ടീമിലെ സഹകളിക്കാരും ഉറപ്പിച്ചു പറയുന്നു.

ഇന്നലെ അതിരാവിലെ രോഗലക്ഷണങ്ങള്‍ കാണിച്ചതുടങ്ങിയതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തിയ ഉടനെ വിക്ടര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ജൂലി അലിയോട്ട് എന്ന 16 വയസ്സുള്ള ഫ്രഞ്ചുകാരിയുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ഈ മരണവും സ്ഥിരീകരിച്ചത്.

പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ വിക്ടറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. വിങ്ങുന്ന മനസ്സുമായി എന്റെ അനുശോചനം വിക്ടറിന്റെ കുടുംബത്തേയും, സുഹൃത്തുക്കളേയും, സഹപാഠികളേയും സഹപ്രവര്‍ത്തകരേയും അറിയിക്കുന്നു എന്നാണ് പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡണ്ട് ഫെര്‍ണാണ്ടോ ഗോമസ് തന്റെ അനുശോചന കുറിപ്പില്‍ അറിയിച്ചത്. പോര്‍ച്ചുഗലില്‍ ഇതുവരെ 119 കോവിഡ്19 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 5962 പേര്‍ക്ക് രോഗബാധയുള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്.

ഏവരേയും ഞെട്ടിച്ചുകൊണ്ട് പൂര്‍ണ്ണാരോഗ്യവാനായ 19 കാരന്റെ മരണം

ഇതിനിടയില്‍ ലണ്ടനിലെ 19 കാരനായ ഇറ്റാലിയന്‍ ഷെഫിന്റെ മരണം പലരേയും ഞെട്ടിച്ചു. വടക്കന്‍ ലണ്ടനിലെ എന്‍ഫീല്‍ഡില്‍ തന്റെ മാതാവി ക്ലാരിസ്സയും പങ്കാളിയായ വിന്‍സെസോയും ചേര്‍ന്ന് നടത്തുന്ന ഫാമിലി റെസ്റ്റോറന്റില്‍ അസിസ്റ്റന്റ് ഷെഫ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു 19 കാരനായ ലൂക്ക ഡി നിക്കോള.

മരിക്കുന്നതിന് ഒരാഴ്‌ച്ച മുന്‍പ് ലൂക്കയ്ക്ക് പനിയും ചുമയും ഉണ്ടായിരുന്നു എന്ന് ഇറ്റലിയില്‍ താമസിക്കുന്ന ലൂക്കായുടെ പിതൃസഹോദരി പറയുന്നു. ഇത് ലൂക്കയുടെ മാതാവിനും ബിസിനസ്സ് പങ്കാളിക്കും ഉണ്ടായിരുന്നത്രെ! തുടര്‍ന്ന് ലൂക്ക ലണ്ടനിലെ ഒരു ഡോക്ടറെ കാണുകയും ഡോക്ടര്‍ പാരസിറ്റമോള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ മാര്‍ച്ച്‌ 23 ന് ലൂക്കയുടെ അവസ്ഥ കൂടുതല്‍ വഷളാവുകയും വീട്ടില്‍ എത്തിയ ഡോക്ടര്‍ ലൂക്ക ആരോഗ്യവാനായതിനാല്‍ കൊറോണ ബാധിക്കുകയില്ലെന്ന് ആശ്വസിപ്പിക്കുകയും ചെയ്തതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

തൊട്ടടുത്ത ദിവസം ലൂക്കക്ക് കഠിനമായ നെഞ്ചുവേദന അനുഭവപ്പെടുകയും ബോധം മറയുകയും ചെയ്തതോടെയാണ് ആംബുലന്‍സ് വിളിച്ച്‌ ലൂക്കയെ ആശുപത്രിയില്‍ എത്തിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം കൊറോണയാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top